accident

കോലഞ്ചേരി : എം.സി റോഡിൽ പെരുമ്പാവൂർ പുല്ലുവഴിയിൽ കാറും ലോറി​യും കൂട്ടി​യി​ടി​ച്ച് ഗർഭിണി ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. മലപ്പുറം ഒ​ടൂർ വലിയാട് വയ്ക്കാതൊടി വീട്ടിൽ സലാവുദ്ദീന്റെ മകൻ ഹനീഫ (25), ഭാര്യ സുമയ്യ (20) ഫനീഫയുടെ സഹോദരൻ ഷാജഹാൻ (20) എന്നിവരാണ് മരിച്ചത്. സുമയ്യയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോകുകയായിരുന്നു ഇവർ. ഇന്നലെ പുലർച്ചെ നാലരയോടെയാണ് അപകടം. നിലമ്പൂരിൽ നിന്നും മുണ്ടക്കയത്തേക്ക് പോവുകയായിരുന്ന മാരുതി 800 കാറും പത്തനംതിട്ടയിൽ നിന്നും തടി കയറ്റി പെരുമ്പാവൂരിലേക്ക് വരികയായിരുന്ന ലോറിയും കൂട്ടിയി​ടിച്ചാണ് അപകടം . കാർ ഓടിച്ചിരുന്ന ഹനീഫ ഉറങ്ങിയതാണ് അപകട കാരണമെന്ന് കരുതുന്നു. കലവറ ഹോട്ടലിന് മുന്നിൽ വച്ച് ദിശ തെറ്റി വന്ന കാർ ലോറിയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. പുല്ലുവഴിയിൽ നിന്ന് നേർ റോഡാണിത്. കാറിന്റെ മുൻ സീറ്റിലിരുന്ന ഹനീഫയും, സുമയ്യയും തത്ക്ഷണം മരിച്ചു. പിൻസീ​റ്റിലിരുന്ന ഷാജഹാനെ പുറത്തെടുത്ത് ഹൈവേ പൊലീസിന്റെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഹനീഫയേയും ,സുമയ്യയയേയും വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ലോറി ഡ്രൈവർ പത്തനംതിട്ട സ്വദേശി സുനിലിനെ കുറുപ്പംപടി പൊലീസ് കസ്​റ്റഡിയിലെടുത്തു. രണ്ടാഴ്ച മുമ്പും ഇതേ സ്ഥലത്ത് കാർ ഡ്രൈവർ ഉറങ്ങിയതിനെ തുടർന്ന് അപകടം നടന്നിരുന്നു. അന്ന് അപകടത്തിൽ പെട്ട കർണാടക രജിസ്‌ട്രേഷൻ സാൻട്രോ കാർ ഇന്നലത്തെ അപകടത്തിന് തൊട്ടു മുമ്പാണ് ഇവിടെ നിന്നും മാ​റ്റിയത്. ബൈക്ക് യാത്രികനായ വിദ്യാർത്ഥിക്ക് ആ അപകടത്തിൽ ഗുരുതരമായി പരിക്കേ​റ്റിരുന്നു. പെരുമ്പാവൂർ താലൂക്കാശുപത്രിയിൽ പോസ്റ്ര് മോർട്ടം നടത്തിയ ശേഷം മൃതദേഹങ്ങൾ മലപ്പുറത്തേക്ക് കൊണ്ടുപോയി.