കൊച്ചി: സമ്പദ്മാന്ദ്യത്തിനിടയിലും തളരാതെ റീട്ടെയിൽ വാഹന വില്പനയുടെ കുതിപ്പ്. ഫെബ്രുവരിയിൽ പാസഞ്ചർ വാഹനങ്ങൾ ഒഴികെയുള്ളവയെല്ലാം നേട്ടം കുറിച്ചു. 1.17 ശതമാനം നഷ്ടമാണ് പാസഞ്ചർ വാഹനങ്ങൾ നേരിട്ടതെന്ന് വിതരണക്കാരുടെ കൂട്ടായ്മയായ ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (ഫാഡ) വ്യക്തമാക്കി.
രാജ്യത്തെ ആർ.ടി ഓഫീസുകളിൽ നിന്നുള്ള രജിസ്ട്രേഷൻ വിവരങ്ങൾ ശേഖരിച്ചാണ്, കഴിഞ്ഞമാസത്തെ റീട്ടെയിൽ വില്പന കണക്ക് ഫാഡ തയ്യാറാക്കിയത്. ഇതുപ്രകാരം, ടൂവീലർ വില്പന 1.52 ശതമാനം ഉയർന്നു. 20.70 ശതമാനമാണ് മുച്ചക്ര വാഹന വില്പന വളർച്ച. വാണിജ്യ വാഹനങ്ങൾ 13 ശതമാനവും ട്രാക്ടറുകൾ 13.52 ശതമാനവും വളർച്ച നേടി. വാണിജ്യ വാഹനങ്ങളും ട്രാക്ടറുകളും കുറിച്ച വില്പന വളർച്ച, ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ ഗ്രാമീണ-കാർഷിക മേഖലകളുടെ ഉണർവാണ് വ്യക്തമാക്കുന്നത്.
എല്ലാ വിഭാഗം ശ്രേണികളിലുമായി കഴിഞ്ഞമാസം മൊത്തം റീട്ടെയിൽ വാഹന വില്പന വളർച്ച 2.60 ശതമാനമാണ്. ആകെ 17.11 ലക്ഷം വാഹനങ്ങൾ കഴിഞ്ഞമാസം പുതുതായി നിരത്തിലെത്തി. 2019 ഫെബ്രുവരിയിൽ വില്പന 16.68 ലക്ഷം യൂണിറ്റുകളായിരുന്നു.
121.13%
കേരളത്തിൽ കഴിഞ്ഞമാസം ട്രാക്ടറുകൾ മാത്രമാണ് വില്പന വളർച്ച കുറിച്ചത്; 121.13 ശതമാനം. ടൂവീലർ വില്പന 18.35 ശതമാനം, മുച്ചക്രവാഹനം 4.68 ശതമാനം, വാണിജ്യ വാഹനം 18.49 ശതമാനം, പാസഞ്ചർ വാഹനം 19.37 ശതമാനം എന്നിങ്ങനെ നഷ്ടം കുറിച്ചു.