ന്യൂഡൽഹി: കൊറോണ വൈറസ് ബാധ നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി സാർക്ക് രാജ്യങ്ങൾ എമർജൻസി ഫണ്ട് രൂപവത്കരിക്കണമെന്ന നിർദ്ദേശം മുന്നോട്ട് വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഫണ്ടിലേക്ക് ഇന്ത്യ പത്ത് മില്യൺ (ഒരുകോടി) അമേരിക്കൻ ഡോളർ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണയെ നേരിടുന്നതിനുള്ള സംയുക്ത നടപടികൾ ചർച്ചചെയ്യാൻ സാർക്ക് രാജ്യങ്ങളുടെ നേതാക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം. സാർക്ക് രാജ്യങ്ങളുടെ നേതാക്കളിൽനിന്ന് ശക്തമായ പിന്തുണയാണ് മോദിയുടെ നിർദ്ദേശത്തിന് ലഭിച്ചത്.
ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ വൈറസ് ബാധ തടയുന്നതിനുള്ള ഗവേഷണങ്ങൾ ഏകോപിപ്പിക്കാൻ പൊതുവായ സംവിധാനം ഏർപ്പെടുത്തുന്ന കാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് മേൽനോട്ടം വഹിക്കാമെന്ന വാഗ്ദാനവും അദ്ദേഹം നല്‍കി. ഇന്ത്യയിൽ എത്തുന്നവരെ ജനുവരി മദ്ധ്യത്തിൽതന്നെ പരിശോധനയ്ക്ക് വിധേയരാക്കിത്തുടങ്ങി. യാത്രാ നിയന്ത്രണങ്ങളും പിന്നീട് ഏർപ്പെടുത്തി. പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണവും ഇന്ത്യ വർദ്ധിപ്പിച്ചിട്ടുള്ളതായി അദ്ദേഹം പറഞ്ഞു.
ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപാക്‌സ, മാലദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്, നേപ്പാൾ പ്രധാനമന്ത്രി കെപി. ശർമ്മ ഒലി, ഭൂട്ടാൻ പ്രധാനമന്ത്രി ലോതെ ഷെറിംഗ് , ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, അഫ്ഗാനിസ്താൻ പ്രസിഡന്റ് അഷ്‌റഫ് ഗനി, പാകിസ്താൻ പ്രധാനമന്ത്രിയുടെ സ്‌പെഷ്യൽ അസിസ്റ്റന്റ് (ആരോഗ്യം) സഫർ മിർസ തുടങ്ങിയവർ പങ്കെടുത്തു.