തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് കൊറോണ രോഗം സ്ഥിരീകരിക്കപ്പെട്ട ഡോക്‌ടർ വൈറസ് ബാധയുമായി എത്തിയത് സ്പെയിനിൽ നിന്ന്. ഗവ. മെഡിക്കൽ കോളേജ് സമുച്ചയത്തിലെ ഉന്നത ഗവേഷണ- ചികിത്സാ സ്ഥാപനത്തിൽ സീനിയർ ഡോക്ടർ ആയ ഇദ്ദേഹം മാർച്ച് രണ്ടിന് സ്‌പെയിനിൽ നിന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ശേഷം ഏഴു മുതൽ 11 വരെ തീയതികളിൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നതായും, ഈ ദിവസങ്ങളിൽ നിരവധി രോഗികളെ പരിശോധിച്ചിരുന്നതായും തിരിച്ചറിഞ്ഞതോടെ, ഈ കാലയളവിൽ ഡോക്ടറുടെയടുത്ത് ചികിത്സ തേടിയിരുന്നവരെ കണ്ടെത്താൻ രാത്രി തന്നെ ആരോഗ്യ വകുപ്പ് അധികൃതർ നടപടി തുടങ്ങി.
കൊറോണ വൈറസ് പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതോടെ അടിയന്തരമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി കൊറോണ ഐസൊലേഷനു വിധേയനാകണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. രാത്രിയോടെ ഇയാൾ വാർഡിൽ എത്തിയതായാണ് ആരോഗ്യ വകുപ്പ് നൽകുന്ന വിവരം.
മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ സ്പെയിനിലേക്കു പോയിരുന്ന ഡോക്‌ടർ മടങ്ങിയെത്തിയപ്പോൾ നേരിയ പനിയും അനുബന്ധ രോഗലക്ഷണങ്ങളും ഉണ്ടായിരുന്നു. തുടർന്ന്, വിമാനത്താവളത്തിൽ വച്ചുതന്നെ ഇയാളോട് വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ തുടരാൻ (ഹൗസ് ക്വാറന്റൈൻ) നിർദ്ദേശിച്ചെങ്കിലും നാലു ദിവസത്തിനു ശേഷം ഡോക്ടർ ഡ്യൂട്ടിക്ക് എത്തുകയായിരുന്നു. പിന്നീടുള്ള അഞ്ചു ദിവസവും ആശുപത്രിയിലെത്തി രോഗികളെ പരിശോധിക്കുകയും ചികിത്സയുമായി ബന്ധപ്പെട്ട ജോലികൾ നിർവഹിക്കുകയും ചെയ്തു. ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്ന ഏഴു ജീവനക്കാർ നിരീക്ഷണത്തിലാണ്. ഡോക്ടറുടെ വീട്ടുകാരെയും അദ്ദേഹവുമായി ഈ ദിവസങ്ങളിൽ അടുത്ത് ഇടപഴകിയവരെയും നിരീക്ഷിച്ചു വരികയാണ്.
മാർച്ച് രണ്ടിന് വിമാനത്താവളത്തിൽ വച്ചുതന്നെ ഡോക്ടറുടെ രക്തസാമ്പിൾ എടുത്ത് പരിശോധനയ്‌ക്ക് അയച്ചിരുന്നു.ഇതിന്റെ ഫലം പതിനൊന്നിന് എത്തിയതോടെയാണ് രണ്ടാംഘട്ട പരിശോധനയ്ക് നിർദ്ദേശിച്ചത്. അപ്പോഴേക്കും ഡോക്ടർക്ക് രോഗബാധയുടെ പ്രകട ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു. രണ്ടാംഘട്ട പരിശോധനയിലും ഫലം പോസിറ്റീവ് ആയതോടെയാണ് ആരോഗ്യവകുപ്പ് അധികൃതർ ഇന്ന് വിവരം പുറത്തുവിട്ടത്. ഡോക്ടർ ഡ്യൂട്ടിയിലുണ്ടായിരുന്ന ദിവസങ്ങളിൽ ഈ വിഭാഗത്തിൽ ചികിത്സ തേടിയവരുടെയും ഒപ്പമുണ്ടായിരുന്നവരുടെയും മൊബൈൽ നമ്പറുകൾ ശേഖരിച്ച് രാത്രിതന്നെ ഇവരെ വിവരം അറിയിക്കുകയും, അടിയന്തര പരിശോധനകൾക്ക് എത്താൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.