നെടുമങ്ങാട്: അരുവിക്കര കുമ്മിയിലെ ജല അതോറിട്ടി ട്രീറ്റ്മെന്റ് പ്ലാന്റിൽ ഫിൽറ്റർ ഹൗസ് വൃത്തിയാക്കുന്നതിനിടെ, കരാർ തൊഴിലാളി ടാങ്കിനുള്ളിൽ വീണു മരിച്ചു. അരുവിക്കര ഇരുമ്പ കുമ്മി ദീപാ വിലാസത്തിൽ രാജീവ്‍ ലോചനനാണ് (58) മരിച്ചത്.
ഇന്നലെ രാവിലെ ആറോടെ ടാങ്കിലെ വെള്ളം മാറ്റി രാജീവ്‍ ലോചനനും മറ്റൊരു തൊഴിലാളിയും ചേർന്ന് ഫിൽറ്റർ ഹൗസ് വൃത്തിയാക്കുന്നതിടെയായിരുന്നു അപകടം. ഉടനെ പമ്പ് ഓപ്പറേറ്ററെ വരുത്തി ടാങ്കിൽ നിന്ന് രാജീവ്‍ലോചനനെ പുറത്തെടുത്തു. തുടർന്ന് അരുവിക്കര പൊലീസെത്തി ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് 2 മണിയോടെ കുമ്മി പമ്പ് ഹൗസിൽ പൊതുദർശനത്തിനു വച്ചു.
15 വർഷത്തിലേറെയായി കരാർ തൊഴിലാളിയായി ജോലിനോക്കുകയാണ് രാജീവ്‍ലോചനൻ. ജല അതോറിട്ടി എംഡിയോ, ഉത്തവാദപ്പെട്ട മറ്റാരെങ്കിലുമോ എത്തി കുടുംബത്തിന് സാമ്പത്തിക സഹായം ഉറപ്പ് നൽകണമെന്നാവശ്യപ്പെട്ട് ബന്ധുക്കറും മറ്റും മൃതദേഹം സംസ്കാരത്തിന് കൊണ്ടുപോകുന്നത് തടഞ്ഞു. കെ.എസ്.ശബരീനാഥൻ എം.എൽ.എ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ,ചൊവ്വാഴ്ച്ച താൻ തിരുവനന്തപൂരത്തെത്തിയ ശേഷം കുടുംബത്തിന് സാമ്പത്തിക സഹായത്തിന് ഏർപ്പാടുണ്ടാക്കാമെന്ന് ജലവിഭവ മന്ത്രി കെ.കൃഷ്ണൻകുട്ടി ഉറപ്പ് നൽകി. തുടർന്നാണ് മൃതദേഹം കുടുംബ വീട്ടിലെത്തിച്ച് സംസ്കരിച്ചത്. ഭാര്യ: സുധ. മക്കൾ: ദീപാരാജ്, ദീപ്തിരാജ്. മരുമകൻ : സജികുമാർ.കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ കെ.എസ്.സുനിൽകുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.എ.ഹക്കിം, ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ, മറ്റു ഉദ്യോഗസ്ഥർ എന്നിവരും കുമ്മിയിലെത്തിയിരുന്നു.