ആനന്ദ്നാഗ്: രാജ്യത്ത് കോവിഡ് 19 വൈറസ് പിടിമുറുക്കിയ സാഹചര്യത്തിലും വീര്യം ഒട്ടും കെടാതെ ഇന്ത്യൻ സൈന്യം. ഇന്ന് കാശ്മീരിലെ ആനന്ദ്നാഗ് ജില്ലയിൽ വച്ച് ലഷ്കർ ഇ ത്വയ്ബ, ഹിസ്ബുൾ മുജാഹിദീൻ എന്നീ ഭീകര സംഘടനകളിൽ പെട്ട നാല് ഭീകരരെയാണ് ഇന്ത്യൻ സുരക്ഷാ സേന വകവരുത്തിയത്. സ്ഥലത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉണ്ടെന്ന കൃത്യമായ വിവരം ലഭിച്ചതനുസരിച്ചാണ് ഇന്ത്യൻ സൈന്യം ഇവിടുത്തെ ദാർ മൊഹല്ല വാറ്റാരിഗം എന്ന സ്ഥലത്തെ ഡയൽഗാം എന്ന പ്രദേശത്ത് പരിശോധന നടത്തിയത്.
പരിശോധന പുരോഗമിക്കുന്നതിനിടെയാണ് സ്ഥലത്ത് ഒളിച്ചിരുന്ന ഭീകരർ സൈന്യത്തിന് നേരെ നിറയൊഴിക്കുന്നത്. തുടർന്നുണ്ടായ പോരാട്ടത്തിലാണ് ഇന്ത്യൻ സൈന്യം ഇവർ നാലുപേരെ വധിച്ചത്. എൽ.ഇ.ടിയുടെ ജില്ലാ മേധാവിയായിരുന്ന മുസഫർ അഹമ്മദ് ഭട്ട്, ഒമർ അമീൻ ഭട്ട്, സജാദ് അഹമ്മദ് ഭട്ട് എന്നിവരും, കാശ്മീരിലെ കുൽഗാം ജില്ലക്കാരനായ ഗുൽസാർ അഹമ്മദ് ഭട്ടുമാണ് കൊല്ലപ്പെട്ടത്. ഇവരിൽ നിന്നും രണ്ട് എ.കെ 47 റൈഫിളുകൾ, രണ്ട് പിസ്റ്റളുകൾ, വെടിക്കോപ്പുകൾ, നിർണായക തെളിവുകൾ എന്നിവ സൈന്യം കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട നാല് പേരും ഗുരുതരമായ ഭീകരവാദ കുറ്റങ്ങളിൽ പങ്കാളികളാണെന്ന് സൈന്യം വ്യക്തമാക്കി.