ഗപ്പി (കവിത)
മൂന്നാമത്തെ ഐവിഎഫും
നെഗറ്റീവായ ദിവസമാണ്
അവൾ കുപ്പിയിലിട്ടു വളർത്തിയ
ഒരുജോഡി ഗപ്പികൾക്ക്
ആറു കുഞ്ഞുങ്ങളുണ്ടായത്.
ടെസ്റ്റ് ട്യൂബിൽനിന്ന്
ഗർഭപാത്രത്തിലേക്ക് പറിച്ചുനട്ട
മൂന്നു കുഞ്ഞുങ്ങളും
പോയതിന്റെ സങ്കടം മാഞ്ഞത്
മിഠായി ഭരണിയിലെ
ഒരു കപ്പ് വെള്ളത്തിൽ
നീന്തിത്തിമിർത്ത ഗപ്പിക്കുഞ്ഞുങ്ങളെ
നോക്കിയിരുന്നപ്പോഴാണെന്ന്
അപ്പയോർക്കുന്നുണ്ടോയെന്ന്
അവൾ ചോദിച്ചത്
ഇന്നു പുലർച്ചേയാണ്.
പുറത്തപ്പോൾ വേനലിലെ
ആദ്യമഴ
പെയ്തു തോർന്നിരുന്നു.
ഓർമകളെല്ലാം
കണ്ണിൽത്തന്നെ
കത്തിനിൽക്കുന്നുണ്ട്.
രക്തബന്ധങ്ങളുടെ
നഷ്ടങ്ങൾ തന്ന
ദുഃഖങ്ങൾ
ഗപ്പിപ്പിറവികൾകൊണ്ട്
മായ്ക്കുകയാണ് ഞാനും.