hindu-mahasabha-

ന്യൂഡൽഹി: ലോകമെങ്ങും കൊറോണ ഭീതിയിൽ നിൽക്കുമ്പോൾ രോഗം പടരാതിരിക്കാൻ വിചിത്രനിർദ്ദേശം മുന്നോട്ടുവച്ച് അഖില ഭാരത ഹിന്ദുമഹാസഭ. ഒരു വർഷം ശാരീരിക ബന്ധത്തിൽ നിന്നും സ്‌നേഹ പ്രകടനങ്ങളിൽ നിന്നും വിട്ടുനിന്നാൽ കൊറോണ വ്യാപനം തടയാൻ കഴിയുമെന്നാണ് ഹിന്ദുമഹാ സഭ പ്രസിഡന്റ് ചക്രപാണി മഹാരാജ് പറയുന്നത്.

'ഒരു വർഷം മുഴുവൻ ശാരീരിക ബന്ധത്തിൽ നിന്ന് വിട്ടു നിൽക്കണം. പകരം ഓം നമഃശിവായ മന്ത്രം ഉരുവിടുക. ദമ്പതിമാർ മാത്രമല്ല, പ്രായപൂർത്തിയായവരും നിർദ്ദേശം പാലിക്കണം. ആളുകൾ അവരുടെ മതവിശ്വാസമനുസരിച്ചുള്ള മന്ത്രങ്ങൾ ജപിക്കണമെന്നും ചക്രപാണി പറഞ്ഞു. ശാരീരിക ബന്ധങ്ങളിൽ നിന്ന് വിട്ടു നില്‍ക്കുന്ന സമയം പഠനത്തിനും സ്വയം തിരിച്ചറിയാനും രാജ്യത്തിന് ഗുണം ലഭിക്കാനും ഉപയോഗിക്കണമെന്നും ചക്രപാണി പറഞ്ഞു.

കൂടാതെ വിമാനത്താവളത്തിൽ എത്തുന്ന വിദേശികൾക്ക്ചാണക കുറി തൊടുവിക്കുകയും ഗോമൂത്രം കുടിക്കാൻ നൽകുകയും വേണം. കൊറോണ ബാധിച്ച എല്ലാ രാജ്യത്തെയും തലവൻമാർക്ക് ഗോമൂത്രം അയച്ചുകൊടുക്കാൻ പ്രധാനമന്ത്രിയോട് നിർദേശിച്ചിരുന്നതായും ചക്രപാണി പറഞ്ഞു.

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഗോമൂത്ര സത്ക്കാരം നടത്തിയതിന് പിന്നാലെയാണ് പുതിയ നിർദ്ദേശവുമായി ചക്രപാണി രംഗത്ത് വന്നിരിക്കുന്നത്.