തിരുവനന്തപുരം: വർക്കലയിലെ റിസോർട്ടിൽ താമസിച്ചിരുന്ന കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഇറ്റാലിയൻ പൗരന്റെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 27ന് രാവിലെ 10.20ന് വിസ്താര യുകെ 897 വിമാനത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.. ഈ വിമാനത്തിലുണ്ടായിരുന്നവർ വീടുകളിൽ തന്നെ കഴിയണം. രോഗലക്ഷണം ഉണ്ടായാൽ ഉടൻ ദിശയിൽ ബന്ധപ്പെടണം.. തുടർന്ന് 10.30ന് ടാക്സി പിടിച്ച ഇയാൾ 11.40ന് വർക്കലയിലെ പാലൻ ബീച്ച് റിസോർട്ടിലെത്തി. ഇയാൾക്കൊപ്പമുണ്ടായിരുന്ന സഹയാത്രികൻ വർക്കല ക്ലിഫിലെ മണി എക്സ്ചേഞ്ച് സെന്ററിലും ഡാർജിലിങ് കഫെയിലും എത്തി. എല്ലാ ദിവസവും രാവിലെ സുപ്രഭാതം റെസ്റ്റോറന്റിൽ നിന്നാണ് ഇവർ ഭക്ഷണം കഴിച്ചതെന്ന് വ്യക്തമായി. ഫെബ്രുവരി 27 മുതൽ മാർച്ച് 12 വരെ വർക്കല അബ്ബ റെസ്റ്റോറന്റിൽ വച്ചാണ് ഇവർ ഉച്ചഭക്ഷണം കഴിച്ചത്. എല്ലാ ദിവസവും രാത്രി ക്ലഫൂട്ടി റിസോർട്ടിൽ നിന്നായിരുന്നു രാത്രി ഭക്ഷണം.
ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെ സ്ഥാപനമായ മാസ്റ്റർ ആർട്ട് ഷോപ്പ് പലതവണ സന്ദർശിച്ചിരുന്നു. ഫെബ്രുവരി 29 ന് ഓഫ് ബീറ്റ് ഡിജെ പാർട്ടിയിൽ പങ്കെടുത്തു. ജോഷി സൂപ്പർ മാർക്കറ്റ്, സിറ്റി മെഡിക്കൽസ്, ട്രട്ടോറിയ റെസ്റ്റോറന്റ് എന്നിവിടങ്ങൾ സന്ദർശിച്ചിരുന്നു. കട്ടമരം ഓഫ് ബീറ്റ് ഡിജെ പാർട്ടിയിൽ പങ്കെടുത്ത തീയ്യതി സ്ഥിരീകരിക്കാനായില്ല. മാർച്ച് പത്തിന് ശാരീരിക അസ്വസ്ഥതകൾ കണ്ടതിനെ തുടർന്ന് പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് സുഹൃത്തിനൊപ്പം ഓട്ടോറിക്ഷയിൽ പോയി. ഒറ്റയ്ക്ക് റിസോർട്ടിലേക്ക് തിരികെ വന്നു. മാർച്ച് 11 ന് കുറ്റിക്കാട്ടിൽ ക്ഷേത്ര ഉത്സവത്തിന് പോയി. ഇവിടെ എത്ര സമയം ഉണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടില്ല. മാർച്ച് 13 ന് ഇദ്ദേഹത്തിന് കൊവിഡ് ബാധ സ്ഥിരീകരിക്കുകയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
റൂട്ട് മാപ്പിൽ പറഞ്ഞിരിക്കുന്ന ദിവസങ്ങളിലും സമയങ്ങളിലും ഈ സ്ഥലങ്ങളിൽ ഉണ്ടായിരുന്നവർ റൂട്ട് മാപ്പിൽ പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് ജില്ല കളക്ടർ അറിയിച്ചു