nimisha

ന്യൂഡൽഹി: നാട്ടിലേക്ക് തിരികെ എത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് നിമിഷ ഫാത്തിമ. അമ്മയെ കാണാൻ ആഗ്രഹമുണ്ടെന്നും തിരിച്ചു വരണമെന്നും നിമിഷ പറയുന്ന വീഡിയോ ദേശീയ മാദ്ധ്യമം പുറത്തുവിട്ടു. നിമിഷ തന്റെ മൂന്ന് വയസുള്ള കുഞ്ഞിനോടൊപ്പമാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. തനിക്ക് തിരികെ എത്താൻ കഴിഞ്ഞാൽ കേന്ദ്ര സർക്കാർ തന്നെ ശിക്ഷിക്കുമോ എന്ന ആശങ്കയും നിമിഷ പങ്കുവയ്ക്കുന്നു.വീഡിയോയിൽ ഉള്ളത് തന്റെ മകൾ നിമിഷ തന്നെയാണെന്ന് നിമിഷയുടെ അമ്മ ബിന്ദു സ്ഥിരീകരിച്ചു. തന്റെ മകളെ തിരികെ എത്തിക്കാനായി കേന്ദ്ര സർക്കാർ ഇടപെടണമെന്നും ബിന്ദു അഭ്യർത്ഥിച്ചിട്ടുണ്ട്.

'എന്റെ ചിന്നുക്കുട്ടി തന്നെയാണ്. നാല് വർഷത്തിന് ശേഷം ഇന്നാണ് ഞാൻ അവളെ കാണുന്നതും അവളുടെ സ്വരം കേൾക്കുന്നതും. അതിൽ എനിക്ക് ഭയങ്കര സന്തോഷവും സമാധാനവും ഉണ്ട്. ദൈവത്തോട് നന്ദിയും ഉണ്ട്. കേന്ദ്ര സർക്കാരിനല്ലാതെ മറ്റൊരാൾക്കും ഇതിൽ ഒന്നും ചെയ്യാൻ പറ്റില്ല. അതിനാൽ കേന്ദ്ര സർക്കാർ ഒരു അമ്മയുടെ അഭ്യർത്ഥന കേൾക്കണം. ഞാൻ കാലു പിടിക്കുകയാണ്. എന്റെ കുഞ്ഞിനെ നാട്ടിൽ കാലു കുത്തിക്കാൻ കനിവുണ്ടാകണം.' ബിന്ദു പറഞ്ഞു.

ഐസിസ് ഉപേക്ഷിച്ച് മടങ്ങിയെത്തണമെന്നും ഇന്ത്യയാണ് തന്റെ നാടെന്നും നിമിഷ വീഡിയോയിൽ പറയുന്നുണ്ട്. അഫ്‌ഗാനിസ്ഥാനിൽ തുടരണം എന്നില്ലെന്നും ഇന്ത്യയാണ് തന്റെ നാടെന്നും അവർ പറഞ്ഞു. അഫ്ഗാൻ സേന നടത്തിയ ചോദ്യം ചെയ്യലിന്റെ വീഡിയോആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. നിമിഷയുടെ ഭർത്താവ് ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്ന വിവരവും വീഡിയോയിലൂടെ പുറത്ത് വന്നിട്ടുണ്ട്. അഫ്‌ഗാനിസ്ഥാനിൽ കാബൂളിലുള്ള ജയിലിൽ വച്ച് ചിത്രീകരിച്ച വീഡിയോ ആണിതെന്ന വിവരമാണ് ലഭിക്കുന്നത്.

2016 ജൂലൈയിലാണ് നിമിഷ ഫാത്തിമയുമായി ബന്ധപ്പെട്ട വിവാദം ആദ്യം മാദ്ധ്യമങ്ങളിലൂടെ പുറത്തെത്തുന്നത്. തന്റെ മകൾ നിമിഷയെ കാണാനില്ലെന്നും ഭർത്താവിനൊപ്പം ഐസിസിൽ ചേർന്നതായി സംശയിക്കുന്നുവെന്നുമുള്ള ബിന്ദുവിന്റെ പരാതിയോടെയായിരുന്നു വിവാദങ്ങളുടെ തുടക്കം. ഉന്നത പൊലീസ് ഉദ്യോഗസ്ഥയ്ക്കു പരാതി നൽകിയത് അവർ ഗൗരവത്തിലെടുക്കാതെ അവഗണിച്ചെന്നും ബിന്ദു പരാതിപ്പെട്ടിരുന്നു. ബി.ഡി.എസിന് പഠിക്കുമ്പോഴായിരുന്നു ഭീകരവാദ ബന്ധമുള്ള ഇസയുമായി (ബെക്സൺ) നിമിഷ പ്രണയത്തിലാകുന്നത്‌.