വേനൽക്കാല രോഗങ്ങളെ തടയാനും ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന മികച്ച പാനീയമാണ് കരിക്കിൻ വെള്ളം. ഇതിലെ വിറ്റാമിനുകളാണ് പ്രതിരോധശക്തിയുടെ ഉറവിടം. നാരുകൾ, വിറ്റാമിൻ സി, മഗ്നീഷ്യം, പൊട്ടാസ്യം, മാംഗനീസ്, സോഡിയം, കാത്സ്യം, നിയാസിൻ, ഫിറിഡോക്സിൻ,റിബോഫ്ളബിൻ എന്നീ ഘടകങ്ങൾ കരിക്കിൻ വെള്ളത്തിലുണ്ട്. ഇവ ശരീരത്തിലെ അണുക്കളെ നശിപ്പിക്കും. വേനൽക്കാലത്തെ അണുബാധ ഉൾപ്പെടെയുള്ള ത്വക്ക് രോഗങ്ങൾ ഇല്ലാതാക്കാൻ കരിക്കിൻ വെള്ളത്തിന് അദ്ഭുതകരമായ കഴിവുണ്ട്. ദിവസവും കരിക്കിൻ വെള്ളം കുടിക്കുന്നതിലൂടെ വരണ്ട ചർമ്മം, മുഖത്തെ ചുളിവുകൾ, മുഖക്കുരു, ചർമ്മത്തിലുണ്ടാകുന്ന ചൊറിച്ചിൽ എന്നിവ ഇല്ലാതാക്കാൻ കഴിയും. ഇതിന് പുറമെ കരിക്കിൻ വെള്ളം മുഖത്ത് പുരട്ടുന്നത് മുഖചർമ്മം മൃദുലമാകാനും സൂര്യപ്രകാശം മൂലമുണ്ടാകുന്ന കരിവാളിപ്പ് അകന്ന് ചർമ്മം കൂടുതൽ തിളക്കമുള്ളതാകാനും സഹായിക്കുന്നു.