റോം: ലോക രാജ്യങ്ങളെ ആശങ്കയിലാഴ്ത്തി കൊറോണ വെെറസ് പടർന്നുപിടിക്കുകയാണ്. ഇതുവരെ ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം 1,69,567 ആയി. 6,516 പേരാണ് വൈറസ് ബാധയേത്തുടർന്ന് മരണത്തിനു കീഴടങ്ങിയത്. യൂറോപ്പിൽ കോവിഡ് 19 വ്യാപകമായി പടരുന്നതാണ് നിലവിൽ ആശങ്ക വർദ്ധിപ്പിക്കുന്നത്. ഇറ്റലിയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 368 പേരാണ് മരിച്ചത്.
ഇത്രയും പേർക്ക് 24 മണിക്കൂറിനുള്ളിൽ ജീവൻ നഷ്ടമായത് ഇതാദ്യമായാണ്. സ്വിറ്റ്സർലൻഡിൽ കഴിഞ്ഞ ദിവസത്തേതിനേക്കാൾ മൂന്നിരട്ടി ആളുകൾക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഫ്രാൻസിലും, സ്പെയിനിയുമെല്ലാം വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഉയരുകയാണെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ, പോർച്ചുഗീസ് സ്പെയിനുമായുള്ള അതിർത്തി അടയ്ക്കുകയും ചെയ്തു. ആഗോള തലത്തിൽ ഇതുവരെ 77,758 പേർ കോവിഡ് 19 ബാധയിൽ നിന്ന് മുക്തരായെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
28 യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാനാകില്ല. 62 പേരാണ് അമേരിക്കയിൽ ഇതുവരെ മരിച്ചത്. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അമേരിക്കയിൽ പ്രസിഡന്റ് ഡൊണൾാഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എല്ലാ യൂറോപ്യൻ രാജ്യങ്ങളും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കർശനമാക്കി.