workers

കോട്ടയം: കൊറോണ പേടിയിൽ ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നു. ഇതോടെ ജില്ലയിലെ നിർമ്മാണ മേഖല അടക്കം സ്‌തംഭനത്തിലായി. വിവിധ മേഖലകളിൽ കച്ചവടം കുറഞ്ഞതും, രോഗഭീതി പടർന്നതുമാണ് ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലേയ്‌ക്കു മടങ്ങാൻ പ്രേരിപ്പിച്ചത്. മൂന്നു ദിവസത്തിനിടെ ജില്ലയിൽ നിന്ന് അയ്യായിരത്തിലേറെ പേർ നാടുപറ്റിയതായാണ് കണക്ക്. ജില്ലയിൽ നിർമ്മാണ മേഖലയിലും, ഹോട്ടൽ മേഖലയിലുമാണ് പ്രധാനമായും ഇതര സംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്നത്. കെട്ടിടനിർമ്മാണത്തിന് ഇവരാണ് കൂടുതലുള്ളത്. ഹോട്ടലുകളിൽ സപ്ലൈയും പാചകം ഇതരസംസ്ഥാന തൊഴിലാളികളാണ് നടത്തുന്നത്.

ഹോട്ടലുകളിൽ പാതിയോളം കച്ചവടം കുറഞ്ഞതോടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയാണ്. ഇത് ആദ്യം ബാധിച്ചത് ഇതര സംസ്ഥാന തൊഴിലാളികളെയാണ്. ഇതിനു പിന്നാലെ ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഇതര സംസ്ഥാന തൊഴിലാളി കേന്ദ്രങ്ങളിൽ പരിശോധനയുമായി എത്തിയതോടെ പലരും കൂട്ടത്തോടെ നാടുവിടുകയായിരുന്നു.

ശനിയാഴ്‌ചകളിൽ ഇതരസംസ്ഥാന തൊഴിലാളികൾ വീട്ടിലേയ്ക്ക് പണമയയ്ക്കാൻ ക്യാഷ് ഡെപ്പോസിറ്റ് മെഷിനു മുന്നിൽ കൂട്ടമായി എത്തുമായിരുന്നു. എന്നാൽ ഈയാഴ്ച കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല. തൊഴിലാളികളിൽ പലരും ബന്ധുക്കൾക്കും സഹോദരങ്ങൾക്കും ഒപ്പമാണ് കേരളത്തിലുള്ളത്. ഒരാൾ പോയാൽ കുടുംബത്തിലെ എല്ലാവരും മടങ്ങുന്ന സ്ഥിതിയുണ്ട്. 3 ദിവസത്തിനിടെ മടങ്ങിയത് 5000 പേർ.