തിരുവനന്തപുരം: കൊറോണ ബാധിതനായ ഡോക്‌ടർ ജോലി ചെയ്‌തതിനെ തുടർന്ന് അന്താരാഷ്‌ട്ര പ്രശസ്‌ത ഗവേഷണ- ചികിത്സാ സ്ഥാപനമായ തിരുവനന്തപുരത്തെ ശ്രീചിത്ര മെഡിക്കൽ സെന്റർ പ്രതിസന്ധിയിൽ. സ്പെയിനിലെ ക്യാമ്പിനിടയിൽ കൊറോണ പിടിപെട്ട ഡോക്‌ടർ വിവരം മറച്ചുവച്ചതിലൂടെ ശ്രീചിത്രയിലെ മുപ്പതോളം ഡോക്‌ടർമാരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ആറ് വിഭാഗങ്ങളിലെ ഡോക്‌ടർമാരാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിനെ തുടർന്ന് അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റി വച്ചു. ഡോക്‌ടറുമായി സമ്പർക്കം പുലർത്തിയവർ എല്ലാം നിരീക്ഷണത്തിലാണ്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ ആശുപത്രിയിൽ കൂടിയാലോചനകൾ നടത്തുന്നുണ്ട്. സുരക്ഷാ മുൻകരുതലുകൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായാണ് യോഗം. പ്രധാന വകുപ്പുകളിലെ തലവൻമാരടക്കമുള്ള ഡോക്ടർമാർ നിരീക്ഷണത്തിലായതോടെ ആശുപത്രിയുടെ പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട് .ഇതെല്ലാം മറികടക്കുന്നതിന് ഉള്ള നിർദ്ദേശങ്ങളും ആരോഗ്യവകുപ്പ് അധികൃതരുടെ അടിയന്തര യോഗത്തിൽ ചർച്ചയാകും.
മൂല്യങ്ങളും ഉത്തരവാദിത്തങ്ങളും കാറ്റിൽ പറത്തിയ 'മാതൃകാ ഡോക്‌ടർ'
മെഡിക്കൽ കോളേജ് കാമ്പസിലെ അന്താരാഷ്ട്ര പ്രശസ്‌തമായ ഗവേഷണ ചികിത്സാ സ്ഥാപനമായ ശ്രീചിത്രയിലെ സീനിയർ ഡോക്ടർക്ക് സ്‌പെയിനിലെ ക്യാമ്പിനിടെയാണ് കൊറോണ വൈറസ് ബാധിച്ചത്. നാട്ടിലെത്തിയ ഇദ്ദേഹം ആശുപത്രിയിലെത്തി രോഗികളെ പരിശോധിച്ചിരുന്നതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം. ഊർജ്ജിതമാക്കിയ ആരോഗ്യവകുപ്പ്, ഈ ദിവസങ്ങളിൽ ഡോക്ടറുടെയടുത്ത് ചികിത്സ തേടിയവരെയും കൂടെയുണ്ടായിരുന്നവരെയും കണ്ടെത്താൻ രാത്രി തന്നെ ശ്രമം തുടങ്ങി.
മാർച്ച് രണ്ടിന് തലസ്ഥാനത്ത് എത്തിയ ഡോക്ടർക്ക് നേരിയ പനിയും അനുബന്ധ ലക്ഷണങ്ങളും കണ്ടതിനെ തുടർന്ന് ആരോഗ്യപ്രവർത്തകർ വിമാനത്താവളത്തിൽ വച്ചുതന്നെ അദ്ദേഹത്തോട് വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ (ഹൗസ് ക്വാറന്റൈൻ) നിർദ്ദേശിച്ചിരുന്നു. എന്നാൽ ഏഴാം തീയതി മുതൽ ഇദ്ദേഹം ആശുപത്രിയിൽ ഡ്യൂട്ടിക്ക് എത്തുകയായിരുന്നുവത്രെ. പതിനൊന്നാം തീയതി നില മോശമായപ്പോഴാണ് വിശദ പരിശോധനയ്ക്ക് വിധേയനായതെന്നാണ് അറിയുന്നത്.
ഒരു മാതൃകാ ഡോക്ടർ പാലിക്കേണ്ട ഉന്നതമൂല്യങ്ങളും രോഗികളോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്വവും കാറ്റിൽ പറത്തി ഈ ദിവസങ്ങളിലെല്ലാം ഇദ്ദേഹം ആശുപത്രിയിൽ രോഗികളെ പരിശോധിച്ചു എന്നാണ് വിചിത്രം. ഇന്നലെ വൈറസ് ബാധ സ്ഥിരീകരിതോടെയാണ് ഡോക്ടർ ചികിത്സ തേടിയത്. ഡോക്ടർ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.