school

അപ്രതീക്ഷിതമായി ഏഴാം ക്ളാസ്സ് വരെയുള്ള കുട്ടികൾക്ക് കിട്ടിയ ഇൗ അവധിക്കാലം കുട്ടികൾ ആസ്വദിക്കുകയാണ്. കൊറോണയൊന്നും അവരിൽ ഭീതി പരത്തുന്നില്ല. എന്നാൽ കുട്ടികൾ മുഴുവൻ സമയവും ഒാൺലൈനിൽ കുടുങ്ങാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ ആകാതെ അവധിക്കാലം എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണ് ഡോ. സി.ജെ. ജോൺ ചേന്നക്കാട്ട് തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നത്. ശാരീരികവും മാനസികവുമായ ആരോഗ്യ വളർച്ച ഇൗ അവധിക്കാലത്ത് എങ്ങനെ കുട്ടികളിൽ വളർത്തിയെടുക്കാം എന്നതാണ് സി.ജെ.ജോൺ കുറിപ്പിൽ പറയുന്നത്.

ഡോക്ടറു‌ടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

ഇതിൽ എഴുതാൻ പോകുന്നത് പിള്ളേരുടെ കോവിഡ് വെക്കേഷൻ കാര്യങ്ങളാണ് .ഏഴാം ക്‌ളാസ്സ്‌ വരെയുള്ള കുട്ടികൾ കാലം തെറ്റി വന്ന അവധിക്കാലത്തിന്റെ പിടിയിലാണിപ്പോൾ .മാതാപിതാക്കൾ റെഡിയല്ല.ഈ പിള്ളേരെ വിടാനുള്ള അവധിക്കാല ക്യാമ്പുകളും പരിശീലന കളരികളും കളിയിടങ്ങളുമൊക്കെ കോവിഡ് ഭീഷണിയിൽ അടഞ്ഞിരിക്കുന്നു .സിനിമാശാലയില്ല .മാളിൽ പോകാൻ പറ്റില്ല .ഫലത്തിൽ ഹോം ക്വാറൻറ്റൈൻ പോലൊരു ഹോം വെക്കേഷൻ.മുഴുവൻ സമയവും ഇലക്ട്രോണിക് സ്‌ക്രീനിൽ കുടുങ്ങി പോകാത്ത വിധത്തിൽ ആസ്വാദ്യമായ ദിനചര്യ ഉണ്ടാക്കുന്നത് ശരിക്കും ഒരു വെല്ലുവിളി തന്നെയാണ് .കോവിഡ് അകന്നു പോകുമ്പോഴേക്കും പിള്ളേരെ വീഡിയോ ഗെയിം വൈറസും ,ഓൺലൈൻ പിശാചും പിടി കൂടല്ലേയെന്ന് വിലപിക്കുന്നവർ ഏറെയുണ്ടാകും . കോവിഡ് മൂലം ഒതുങ്ങി കൂടിയുള്ള കുറെ നാളുകൾ ഈ അവധിക്കാലത്തിൽ ഇടം പിടിക്കുമ്പോൾ ,അത് അനിവാര്യമാക്കിയ പൊതു ജനാരോഗ്യ പ്രതിസന്ധിയെ കുറിച്ച് കൂടി കുട്ടികളെ മനസ്സിലാക്കാൻ ഒരു അവസരം കിട്ടുമെന്നത് മറക്കേണ്ട.വ്യക്തി ശുചിത്വത്തെ കുറിച്ചും,എല്ലാവരുടെയും ആരോഗ്യ സംരക്ഷണത്തിൽ ഓരോരുത്തരും പാലിക്കേണ്ട സാമൂഹിക പ്രതിബദ്ധതയെ കുറിച്ചുമുള്ള പാഠം ചൊല്ലിക്കൊടുക്കാൻ പറ്റിയ സാഹചര്യമാണിത്.അത് കൂടി ഈ വെക്കേഷൻ നാളുകളിൽ പിള്ളേർ മനസ്സിലാക്കട്ടെ .വായനയും വരയും എഴുത്തുമൊക്കെ ദിനചര്യയിൽ കയറണം .ചെസ്സും സുഡോക്കുവും പോലെയുള്ള ബുദ്ധിപരമായ കളികൾ പരിചയപ്പെടുത്തി കൊടുക്കണം .വൈകുന്നേരങ്ങളിൽ അറിയാവുന്ന കൂട്ടുകാരുമായി ചേർന്ന് വീടിന്റെ പരിസരത്തിൽ കളികളുമാകാം.

കൈ കഴുകലും ശുചിത്വ പരിപാലനവുമൊക്കെ ഈ അവധിക്കാലത്തിലൂടെ ജീവിത ശീലമായി മാറുകയും വേണം .ഇത് കോവിഡ് വെക്കേഷൻ അല്ലേ?അതിന്റെ പ്രേത്യേകത വേണ്ടേ ?

(സി .ജെ .ജോൺ)