
ദുബായ്: കാമുകിയെ കൊലപ്പെടുത്തിയ കേസിൽ പ്രവാസി അറസ്റ്റിൽ. അഞ്ച് വർഷം പ്രണയിച്ച് 27 കാരിയായ ഇന്ത്യക്കാരിയെ കൊലപ്പെടുത്തി കാറിൽ മുക്കാൽ മണിക്കൂറോളം കറങ്ങിയ ശേഷം ഇന്ത്യൻ യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കേസിന്റെ വിചാരണ ദുബായ് പ്രാഥമിക കോടതിയിൽ ഞായറാഴ്ച ആരംഭിക്കും. 2019 ജൂലായിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കാമുകിക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന് തിരിച്ചറിഞ്ഞ യുവാവ്, സ്നേഹം നടിച്ച് യുവതിയെ വിളിച്ചു വരുത്തുകയായിരുന്നു. രണ്ടുമണിക്കൂറോളം ഇരുവരും വാക്കുതർക്കത്തിലേർപ്പെട്ടു. വിവാഹത്തിന് തന്റെ വീട്ടുകാർ എതിരാണെന്നായിരുന്നു യുവതി പറഞ്ഞുകൊണ്ടിരുന്നത്. പ്രകോപിതനായ കാമുകൻ ഒളിപ്പിച്ചുവച്ച കത്തിയെടുത്ത് യുവതിയുടെ നെഞ്ചിലേക്ക് കുത്തുകയും കഴുത്തറക്കുകയുമായിരുന്നു.
തന്റെ പ്രശ്നത്തിന് പരിഹാരം കാണണമെന്നും ഇല്ലെങ്കിൽ കൊലപ്പെടുത്തുമെന്നും പറഞ്ഞ് നേരത്തെ യുവാവ് പെൺകുട്ടിയുടെ വീട്ടുകാർക്ക് മെയിലയച്ചിരുന്നു. കൊലപാതകത്തിന് ശേഷം ഇയാൾ മൃതദേഹവുമായി കാറിൽ മുക്കാൽ മണിക്കൂറോളം കറങ്ങി. ഇതിനിടയിൽ ഷോപ്പിംഗ് നടത്തുകയും കാറിൽവച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. ശേഷം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
യുവതിയുടെ കഴുത്തു മുറിഞ്ഞ് ചോരയൊലിക്കുന്നതും പിറകിലെ സീറ്റിൽ രക്തംപുരണ്ട കത്തിയും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കട്ടിയുള്ള സൺഷേഡ് ഒട്ടിച്ച ഗ്ലാസുകളായതിനാൽ കാറിനുള്ളിലെ മൃതദേഹം പുറത്തുള്ളവർ കണ്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.