vijay

റെയ്‌ഡുകളില്ലാത്ത പഴയകാലം തിരിച്ചു വേണമെന്ന് നടൻ വിജയ്. അതിൽ സമാധാനമുണ്ടായിരുന്നു. റെയ്‌ഡിൽ നേരിടേണ്ടി വന്നത് മറക്കാനാകാത്ത നിമിഷങ്ങളാണെന്നും വിജയ്‌ വെളിപ്പെടുത്തി. പുതിയ ചിത്രമായ മാസ്‌റ്ററിന്റെ ഓഡിയോ ലോഞ്ചിൽ ആരാധകരോട് സംസാരിക്കവെയാണ് സൂപ്പർ താരം മനസു തുറന്നത്.

'എനിക്ക് എന്റെ പഴയ ജീവിതം തിരിച്ചു വേണം.ആ ജീവിതത്തിൽ സമാധാനം ഉണ്ടായിരുന്നു. റെയ്ഡും കസ്റ്റഡിയിൽ പോകുന്നതും മുതലായ കാര്യങ്ങളും ആ ജീവിതത്തിൽ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല'.–താരം പറഞ്ഞു. എതിർപ്പുകളെ വിജയം കൊണ്ട് നേരിടുമെന്നു വ്യക്തമാക്കിയ ദളപതി സത്യം പറഞ്ഞാൽ ചിലപ്പോൾ നിശബ്‌ദനാകേണ്ടി വരുമെന്നും തുറന്നടിച്ചു.

'ജീവിതത്തിൽ മറക്കാനാകാത്ത നിമിഷങ്ങളായിരുന്നു അത്. എന്റെ ആരാധകരോട് ഒന്നേ പറയാനൊള്ളൂ, 'വേറെ ലെവൽ'.–വിജയ് പറഞ്ഞു. ആദായ നികുതി വകുപ്പിന്റെ 30 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്ന വിജയ്‌യുടെ ആദ്യ പൊതു പരിപാടി കൂടിയായിരുന്നു മാസ്‌റ്റർ ഓഡിയോ ലോഞ്ച്.

കേന്ദ്രസർക്കാരിനെതിരെയുള്ള വിമർശന ശരങ്ങളായിരുന്നു ഇതിൽ കൂടുതലും.

എതിർപ്പുകളെ വിജയം കൊണ്ട് നേരിടും. ശത്രുവിനെ സ്‌നേഹം കൊണ്ടു കീഴടക്കും നിയമങ്ങൾ ജനങ്ങളുടെ ആവശ്യങ്ങൾക്കു വേണ്ടിയാവണം . അല്ലാതെ താൽപര്യങ്ങൾക്കു വേണ്ടി ആവരുത് തുടങ്ങിയ താരത്തിന്റെ വാക്കുകൾ വിരൽ ചൂണ്ടുന്നത് കേന്ദ്രസർക്കാരിനും പൗരത്വ ഭേദഗതി നിയമത്തിനും എതിരാണെന്ന് വ്യക്തമാണ്.

കൊറോണയുടെ പശ്ചാത്തലത്തിൽ പതിവിൽ നിന്ന് വിപരീതമായി ഹോട്ടലിൽ ആയിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. അര മനസിലാണ് താൻ ഇക്കാര്യങ്ങളൊക്കെ സമ്മതിച്ചതെന്ന് വിജയ് പറഞ്ഞു. കറുപ്പ് സ്യൂട്ടും ബ്ലേസറും അണിഞ്ഞതിന് പിന്നിൽ സുഹൃത്തായ നടൻ അജിത്ത് പ്രേരണയായെന്നും വിജയ് കൂട്ടിച്ചേർത്തു.