corona

തിരുവനന്തപുരം: കൊറോണ കേരളത്തിൽ ഭീതി പരത്തുന്ന രീതിയിൽ പകർന്ന് പിടിക്കുന്നില്ലെങ്കിലും ജനങ്ങൾക്കിടയിൽ അതുണ്ടാക്കുന്ന ആശങ്ക വളരെ വലുതാണ്. അതിന് ഉത്തമ ഉദാഹരണമാണ് പൊതു നിരത്തുകളിലെ വിജനത. പൊതുഗതാഗത സംവിധാനങ്ങൾ ജനങ്ങൾ ഉപയാേഗിക്കാത്തത് സർക്കാരിനുണ്ടാക്കുന്ന വരുമാന നഷ്ടവും വളരെ വലുതാണ്. മുമ്പേ ദുർബല ഇപ്പാേൾ ഗർഭിണിയും എന്ന് പറയുന്ന അവസ്ഥയിലാണ് കെ.എസ്.ആർ.ടി.സി. കടത്തിലും നഷ്ടത്തിലും ഒാടിക്കൊണ്ടിരിക്കുന്ന ഇൗ സംവിധാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. കിട്ടിക്കൊണ്ടിരുന്ന വരുമാനത്തിന്റെ നേർപകുതിയായി ചുരുങ്ങിയിരിക്കുകയാണ് ഇപ്പോൾ. ഏഴ് കോടിയോളം ദിവസവും ലഭിച്ചിരുന്നിടത്ത് ഇപ്പോൾ അതിന്റെ നേർപകുതിയായി.

എ.സിയിൽ കൊറോണ ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നുള്ള ഭീതി കാരണം ലോ ഫ്ളോർ എ.സി ബസ്സുകളിൽ നിന്ന് കിട്ടിയിരുന്ന വരുമാനവും ഇപ്പോൾ കുറവാണ്. വിമാന സർവ്വീസുകളുടെയും തീവണ്ടികളുടെ കാര്യവും സമാന ഗതിയിൽ തന്നെ. പൊതുജനങ്ങൾ കൂട്ടം കൂടരുതെന്ന നിർദേശം സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ട്. അതുകൊണ്ട് തന്നെ ജനങ്ങൾ കഴിയുന്നത്ര യാത്രകൾ ഒഴിവാക്കുകയാണ്. കൊറോണയുടെ പിടിയിൽ നിന്ന് കേരളം മോചിതമാകുമ്പോഴേക്കും കെ.എസ്.ആർ.ടി.സി പോലുള്ള നമ്മുടെ പൊതു ഗതാഗത സംവിധാനങ്ങൾ തകർച്ചയുടെ വക്കിൽ എത്തുമെന്നത് തീർച്ച. ഏറ്റവും തിരക്കുള്ള തലസ്ഥാന നഗരിയിൽ പോലും ബസ്സുകളിൽ ആളില്ലാത്ത അവസ്ഥയാണ്. ഈ മഹാമാരിയുടെ ഭവിഷത്ത് കെ.എസ്.ആർ.ടി.സിയെ എത്രമാത്രം തളർത്തി എന്നത് വരും ദിവസങ്ങളിൽ കൂടുതലായി അറിയാം.