covid

ലോകമാകെ ആശങ്ക പടർത്തി തുടരുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ‌ഡോക്‌ടർമാർ നിർദ്ദേശിക്കുന്ന ഏറ്റവും ഫലപ്രദമായ വഴി, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കൻറ് സമയം നന്നായി കഴുകുക എന്നതാണ്. പക്ഷേ, സോപ്പ് എങ്ങനെയാണ് കൊറോണ വൈറസിനെ പ്രതിരോധിക്കുന്നത്? ഇതാ, ഇതാണ് ആ കാരണം!

കൊറോണ ഉൾപ്പെടെ ഭൂരിഭാഗം വൈറസുകളും നിർമ്മിക്കപ്പെട്ടിരിക്കുന്നത് മൂന്നു ഘടകങ്ങൾ കൊണ്ടാണ്. 1. ആർ.എൻ.എ അഥവാ റൈബോ ന്യൂക്ളിക് ആസിഡ് 2. പ്രോട്ടീനുകൾ 3. ലിപ്പിഡുകൾ അഥവാ കൊഴുപ്പ് പദാർത്ഥം. ഈ മൂന്നു ഘടകങ്ങളിൽ ഏറ്റവും ദുർബലമായത് വൈറസുകളിലെ കൊഴുപ്പിന്റെ അടരാണ് (ലെയർ)​. സോപ്പിൽ അടങ്ങിയിരിക്കുന്ന,​ കൊഴുപ്പിനു സമാനമായ ആംഫിഫിലുകൾ വൈറസിലെ ലിപ്പിഡ് ഘടകത്തെ അലിയിച്ചുകളയാൻ പര്യാപ്തമാണ്. അടിസ്ഥാനഘടകങ്ങളിലൊന്നായ ലിപ്പിഡിന് ശക്തി ക്ഷയിക്കുന്നതോടെ വൈറസിന്റെ നിലനില്പ് ഭീഷണിയിലാകും. മൂന്നു ഘടകങ്ങളും ചേർന്നുള്ള ശക്തമായ ശൃംഖല നിലനിന്നാലേ വൈറസിനും നിലനില്പുള്ളൂ! ലിപ്പിഡ് ലെയർ നശിക്കുന്നതോടെ വൈറസ് ഘടന ചീട്ടുകൊട്ടാരം പോലെ വീണുപോകും.

നമ്മൾ തുമ്മുകയോ ചുമയ്‌ക്കുകയോ മൂക്കു ചീറ്റുകയോ ചെയ്യുമ്പോൾ പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളുടെ ചെറുതുള്ളികൾ പത്തു മീറ്റർ ദൂരേയ്‌ക്കു വരെ വായുവിലൂടെ ചെന്നെത്താം. വലിയ തുള്ളികൾ പരമാവധി ഒന്നര മീറ്റർ ദൂരത്തേക്ക് തെറിക്കും. ഈ ചെറുതുള്ളികൾ മുന്നിലുള്ള പ്രതലത്തിലോ വസ്‌തുക്കളിലോ പറ്റിപ്പിടിക്കും. സ്രവങ്ങൾ അന്തരീക്ഷ ഊഷ്മാവിൽ ഉണങ്ങിയാലും വൈറസുകൾ ജീവനോടെയിരിക്കും. കൊറോണ വൈറസ് ഇത്തരത്തിൽ മൂന്നു മണിക്കൂർ മുതൽ മൂന്നു ദിവസം വരെ ആക്ടീവ് ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

മനുഷ്യശരീരം ഈ വൈറസുകൾക്ക് പ്രവർത്തിക്കാൻ ഏറ്റവും സഹായകമായ ജൈവ മാദ്ധ്യമമാണ്. നമ്മുടെ ചർമ്മത്തിലെ മൃതകോശങ്ങളിൽ അടങ്ങിയിട്ടുള്ള പ്രോട്ടീനുകളും ഫാറ്റി ആസിഡുകളുമായി വൈറസ് ഘടകങ്ങൾ പ്രവർത്തിക്കും. ചർമ്മത്തിന്റെ ജൈവതലവും വൈറസിന്റെ ജൈവതലവും തമ്മിൽ അതിശക്തമായ ഒരു ബന്ധം ഉടലെടുക്കും. പശയോട് ഉപമിക്കാവുന്നതാണ് ഈ ബന്ധം. ഈ ബന്ധത്തിന്റെ കെട്ടു പൊട്ടിക്കാൻ വെള്ളം കൊണ്ടു മാത്രം സാധിക്കില്ല. അവിടെയാണ് സോപ്പ് നായക കഥാപാത്രമാകുന്നത്.

സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുന്നതു പോലെ തന്നെ ഫലപ്രദമാണ് ആൽക്കഹോൾ ഘടകം അടങ്ങിയിട്ടുള്ള അണുനാശിനികൾ കൊണ്ട് കൈകൾ വൃത്തിയാക്കുന്നതും. അണുനാശിനികൾ മിക്കതിലും അറുപതു ശതമാനത്തിലധികം എത്തനോൾ എന്ന ആൽക്കഹോൾ ഘടകം അടങ്ങിയിട്ടുണ്ട്. താരതമ്യേന ചെലവു കുറഞ്ഞതും കൂടുതൽ ഫലപ്രദവുമായ മാർഗം സോപ്പ് തന്നെ. സോപ്പ് ലഭ്യമല്ലാത്ത സാഹചര്യങ്ങളിൽ ആൽക്കഹോൾ ഘടകം അടങ്ങിയിട്ടുള്ള സാനിറ്റൈസറുകൾ ഉപയോഗിക്കുക.