ഒരു വിശ്രമവുമില്ലാതെയാണ് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജയും അവരുടെ നേതൃത്വത്തിലുള്ള ടീമും പ്രവർത്തിക്കുന്നത്.കോവിഡ് 19 അല്ലെങ്കിൽ കൊറോണ വൈറസ് ബാധയിൽ സംസ്ഥാനത്ത് ഒരു മരണവും സംഭവിക്കരുതെന്നാണ് ആരോഗ്യവകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റെയും ലക്ഷ്യമെന്ന് കേരളത്തിന്റെ പ്രിയ ടീച്ചറമ്മയായ ശൈലജ ടീച്ചർ തുറന്നു പറഞ്ഞു.
എന്താണ് നിലവിലെ സാഹചര്യം?
വുഹാനിൽ നിന്നുള്ള ആദ്യ മൂന്ന് കേസുകളും നമ്മൾ നല്ലനിലയിൽ കൈകാര്യം ചെയ്തിരുന്നു.അവർ ഐസലേഷനിൽ ഇരിക്കുമ്പോഴാണ് പോസിറ്റീവ് റിസൽട്ട് വന്നത്.അവരും നല്ല നിലയിൽ സഹകരിച്ചിരുന്നു.അവർക്ക് വേറെ കോൺടാക്ട് ഉണ്ടായിരുന്നില്ല.ഇറ്റലിയിൽ നിന്നുള്ള കേസുകൾ വന്നശേഷം പോസിറ്റീവ് കേസുകൾ കൂടി.ഇപ്പോൾ അവരുടെ കോൺടാക്ട് ട്രേസ് ചെയ്ത് പിടിക്കുകയാണ്.എല്ലാ ജില്ലാ കളക്ടർമാരും ഇതിന് നേതൃത്വം നൽകുന്നു.കോൺടാക്ട് ട്രേസിംഗ് അത്യന്താധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ്..ഇവിടെ ആരോഗ്യവകുപ്പ് സെക്രട്ടറി രാജൻ ഖോബ്രഗഡെയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് കൺട്രോൾ റൂമുണ്ട്,മുഖ്യമന്ത്രി ഇടയ്ക്കിടെ മീറ്റിംഗുകൾ വിളിക്കുന്നുണ്ട്.വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു.ചീഫ് സെക്രട്ടറി സെക്രട്ടറി തലത്തിലുള്ള മീറ്റിംഗുകൾ വിളിക്കുന്നു.ഇറ്റലി വലിയൊരു പ്രശ്നമാണ്.അവിടെ മരണനിരക്ക് അനുദിനം കൂടുകയാണ്.ഇറ്റലിയിൽ നിന്ന് വരുന്ന കേസുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കേന്ദ്ര ഗവൺമെന്റും നിർദ്ദേശിച്ചിട്ടുണ്ട്..നമ്മൾ എത്ര ശ്രദ്ധിച്ചാലും ചില കേസുകൾ നമ്മൾ അറിയാതെ വരുമെന്നതാണ്.റാന്നിയിലെ കേസ് ഉദാഹരണം.ഇപ്പോൾ ബാംഗ്ലൂരിൽ നിന്ന് ബസിൽ വരാം.കണ്ണും കാതും തുറന്നിരിക്കുകയേ വഴിയുള്ളു.അത്രമാത്രം ജാഗ്രത ആവശ്യമുണ്ട്.പുതിയ കേസുകൾ വരുമ്പോൾ നമ്മുടെ യുദ്ധമുഖങ്ങൾ വ്യത്യസ്ഥ ഇടങ്ങളിൽ തുറക്കേണ്ടി വരുന്നു.
പരിശോധനാ സംവിധാനങ്ങൾക്ക് പരിമിതിയുണ്ടോ?
ഐ.സി.എം.ആറിന്റെ അനുമതിയുള്ള സ്ഥാപനങ്ങളിലെ ഈ വൈറസിനെ പരിശോധിക്കാനാവു.വലിയ പ്രൊട്ടക്ടീവ് മെത്തേഡൊക്കെ ആവശ്യമാണ്.
രാജീവ് ഗാന്ധി സെന്ററിന് അനുമതി കിട്ടിയില്ലേ?
ഐ.സി.എം.ആറിന്റെ അനുമതി കിട്ടിയിട്ടില്ല.അപേക്ഷിച്ചിട്ടുണ്ട്.നമുക്ക് .ഉണ്ടായിരുന്നത് ആലപ്പുഴയിലെ എൻ.ഐ.വി സെന്റർ മാത്രമാണ് .അവിടെ പോസിറ്റീവാണെന്ന് കണ്ടാൽ പൂനയിലേക്ക് അയക്കണം.അവരാണ് കൺഫർമേഷൻ നൽകുന്നത്.പക്ഷേ അപ്പോഴേക്കും നമ്മൾ അവരെ ഐസലേഷനിലേക്ക് മാറ്റിയിരിക്കും.കെയർ കൊടുക്കാനുമാകും.കോൺടാക്ട് ട്രേസിംഗ് നടത്താനാവും.ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും കോഴിക്കോട് മെഡിക്കൽ കോളേജിലും പരിശോധനാനുമതി ലഭിച്ചിട്ടുണ്ട്. തൃശൂർ മെഡിക്കൽ കോളേജ്,രാജീവ് ഗാന്ധി സെന്റർ, പബ്ളിക് ഹെൽത്ത് ലാബ്,എന്നിവയ്ക്കായി അപേക്ഷിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ വൈറോളജി ലാബ് എന്തായി?
അതിന്റെ സ്ട്രക്ചർ മാത്രമേ പൂർത്തിയായിട്ടുള്ളു.മറ്റ് ഉപകരണങ്ങൾ ആയിട്ടില്ല.ജൂൺ ,ജൂലായ് ആയേക്കും. അത് പൂർത്തിയാക്കാൻ ശ്രമിക്കുന്നുണ്ട്.
കേസുകൾ റിപ്പോർട്ട് ചെയ്യുന്ന മേഖലകളിൽ ഉള്ളവർ ആദ്യം സ്വീകരിക്കേണ്ട മുൻകരുതൽ എന്താണ്?
നമ്മൾ എല്ലാ ഉപദേശങ്ങളും നൽകിയിട്ടുണ്ട്.നാട്ടിൽ സാധാരണ ഒരു പനി വന്നാൽ പേടിച്ച് കൊറോണയായിരിക്കുമെന്നൊക്കെ ചിന്തിച്ച് ബേജാറാകരുത്.അങ്ങനെ വരുന്ന ഒന്നല്ലിത്.ഇത് ഇങ്ങനെ സഞ്ചരിക്കുകയാണ് .ചൈനയിൽ നിന്ന് തുടങ്ങി ഇറ്റലി വഴി മറ്റു രാജ്യങ്ങളിലേക്ക് പോയിപ്പോയി അങ്ങനെയാണ് വ്യാപനം.നമ്മൾ പേടിക്കേണ്ടത് ഈ സമയത്ത് വിദേശത്തു നിന്ന് തിരിച്ചുവന്ന ആർക്കെങ്കിലും കൊറോണ ഉണ്ടോയെന്നതാണ്.എന്നാൽ വിദേശത്തു നി്ന്നുവരുന്നവരെ കൊറോണയെന്നു പറഞ്ഞ് ഓടിക്കേണ്ട കാര്യമില്ല.വിദേശികളെയോ,വിദേശത്തു നിന്ന് തിരിച്ചുവന്ന മലയാളികളെയോ അങ്ങനെ പരിഹസിക്കരുത്.അവരിൽ ചിലരിൽ വൈറസ് ഉണ്ടാകാം ഉണ്ടാകാതിരിക്കാം.വൈറസ് ഉണ്ടെന്നു പറഞ്ഞ് അവർ കുറ്റവാളികളാകുന്നില്ല.അവരോട് ഒറ്റക്കാര്യമേ പറയുന്നുള്ളു.നിങ്ങൾ തിരിച്ചുവരുമ്പോൾ താനിങ്ങനെ കൊറോണ ബാധിച്ച രാജ്യത്തു നിന്ന് തിരിച്ചു വന്നയാളാണെന്ന് പറയണം.അത് ആരോഗ്യവകുപ്പിനെ അറിയിച്ചില്ലെങ്കിൽ ഗുരുതരമായ കുറ്റമാണ്.
ഇത്തരക്കാരുമായി സമ്പർക്കത്തിൽ ഏർപ്പെടുമ്പോഴാണോ പടരുന്നത്. നേരിൽക്കണ്ടാൽ പ്രശ്നമുണ്ടോ?
കണ്ടാലൊന്നും കുഴപ്പമില്ല.ഇവരുടെ ഉമിനീര് ,കഫം,വിയർപ്പ് ,രക്തം ഇങ്ങനെയുള്ള ശരീരസ്രവങ്ങൾ മറ്റൊരാളിന്റെ ദേഹത്തു പതിക്കാനിടയാവരുത്.നമ്മൾ അത്തരത്തിൽ സ്പർശനം നടത്തിയിട്ട് ആ കൈകൊണ്ട് മുഖത്തൊക്കെ തൊട്ടാൽ ഈ വൈറസിന് ശരീരത്തിന് അകത്തേക്ക് പോകാനുള്ള വാതിൽ കിട്ടി അകത്തേക്കു പോകാം.അങ്ങനെ അകത്തേക്ക് ചെന്നാൽത്തന്നെ ഒരു ലക്ഷണവും കാണിക്കില്ല.ഒന്നുമുതൽ പതിന്നാല് ദിവസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും പ്രത്യക്ഷപ്പെടാം.ചിലർക്ക് അഞ്ചാമത്തെ ദിവസം പനിയൊക്കെ വന്ന് പ്രത്യക്ഷപ്പെടാം.ഈ വൈറസ് പെരുകുമ്പോഴാണല്ലോ പ്രശ്നമുണ്ടാകുന്നത്.ഇത് മൃതകോശത്തിൽ പെരുകില്ല.ജീവനുള്ള കോശത്തിലാണ് പെരുകുന്നത്.
മാസ്‌ക് കെട്ടി നടന്നാൽ പകരില്ലേ?
അത് ശരിയായിരിക്കണമെന്നില്ല.നമ്മൾ മാസ്‌ക് കെട്ടിയിട്ട് രോഗബാധയുള്ളയാളെ കൈകൊണ്ട് സ്പർശിക്കുകയും ആ കൈകൊണ്ട് കണ്ണ് ചൊറിയുകയും ചെയ്താൽ വരാം. .മാസ്‌കിന്റെ ഒരു പ്രൊട്ടക്ഷൻ നമ്മളിൽ നിന്ന് മറൊരാളിലേക്ക് പകരില്ലെന്നതാണ്.അത് പ്രധാനമാണ്.കൊറോണ ബാധിതർ മാസ്‌ക് ഉപയോഗിക്കണം.ഇപ്പോൾ ഒരാളെ വീട്ടിൽ ക്വോറന്റൈനിൽ നിറുത്തിയിരിക്കുന്നു.കൊറോണ ശരീരത്തിലുണ്ടാകാം.അപ്പോൾ നല്ല ശ്രദ്ധ വേണം.
ഹോം ക്വോറന്റൈനിൽ ആൾ ഉള്ളപ്പോൾ വീട്ടിലുള്ള മറ്റാൾക്കാർ എന്തൊക്കെ ശ്രദ്ധിക്കണം?
അതിനുള്ള നല്ല ഉപദേശങ്ങൾ നൽകിയിട്ടുണ്ട്.ക്വോറന്റൈൻ ചെയ്യാൻ അയക്കുമ്പോൾ അതിനുള്ള അഡ്വൈസറി കൂടി നൽകിയാണ് അയക്കുന്നത്.വീട്ടിൽ ഒറ്റയ്ക്ക് ഒരു മുറിയിൽ താമസിക്കണം.ഇപ്പോൾ വളരെ പാവപ്പെട്ട കുടുംബമാണ് എങ്കിൽ തത്ക്കാലം ഒരു സെപ്പറേഷൻ ഉണ്ടാക്കി ശ്രദ്ധിക്കാം. ക്വോറന്റൈനിലുള്ള ആൾ കഴിയുന്ന മുറിയിലേക്ക് എല്ലാവരും കയറിച്ചെല്ലരുത്.തികഞ്ഞ രോഗിയെന്ന നിലയിൽ അവഗണിക്കുകയൊന്നും വേണ്ട.പക്ഷേ ഭക്ഷണം കൊടുക്കാൻ പോകുമ്പോൾ മാസ്‌ക് ധരിക്കണം.പാത്രങ്ങളൊക്ക നല്ല സോപ്പൊക്കെയിട്ട് നല്ല വൃത്തിയായി ക്ലീൻ ചെയ്യണം.അവരുപയോഗിച്ച വസ്ത്രങ്ങൾ ക്‌ളോറിൻ പൗഡറൊക്കെയിട്ട് വൃത്തിയായി കഴുകി പ്രത്യേകം വയ്ക്കണം.നല്ല കരുതൽ ആവശ്യമാണ്.ഇതെല്ലാം പ്രത്യേകം പറഞ്ഞിട്ടുണ്ട്.14 ദിവസത്തേക്കുള്ള കാര്യമാണ്.പോസിറ്റീവ് ആകുമ്പോഴാണ് 28 ദിവസത്ത കാര്യം വരുന്നത്.ക്വോറന്റൈനിലേക്ക് പോകുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് വ്യക്തമായ മാർഗനിർദ്ദേശം നൽകുന്നുണ്ട്.ഇങ്ങെനെ ക്വോറന്റൈനിൽ കഴിയുന്നവരിൽ 60 വയസിന് മുകളിലുള്ളവർ ഉണ്ടെങ്കിൽ അവരുമായി അടുത്തിടപഴകുകയോ,അവരിൽ നിന്ന് വാത്സല്യം നുകരുകയോ ഒന്നും ചെയ്യരുത്.ഒരുപാട് അംഗങ്ങളുള്ള വീടാണെങ്കിൽ അധികം ആൾക്കാരില്ലാത്ത ബന്ധു വീടുകളിലേക്ക് അവരെ മാറ്റിപ്പാർപ്പിച്ചാൽ കൊള്ളാം.ഹൈ റിസ്‌ക് കേസുകളാണിവ..ശുശ്രൂഷിക്കാൻ ഒരാൾ മാത്രം നിൽക്കുക.ക്വോറന്റൈനിൽ കഴിയുന്നയാൾക്ക് ഫോൺ ചെയ്യാം.കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാം,ഭക്ഷണം കഴിക്കാം.ഇതിനൊന്നും ഒരു തടസവുമില്ല.
വിദേശത്തു നിന്നു വരുന്നവർ നേരെ ഐസലേഷൻ വാർഡിൽ പോകേണ്ടി വരുേെമായെന്ന ആശങ്ക പലരിലുമുണ്ട്.ഐസൊലേഷൻ വാർഡ് തടവറ പോലെയാണെന്ന തെറ്റിദ്ധാരണയുമുണ്ട്?
ഇപ്പോൾ നമ്മൾക്ക് കേസുകളുടെ എണ്ണം കുറവാണ്.അതുകൊണ്ട് ഒരാൾക്ക് ഒരു മുറിതന്നെ നൽകി ഐസൊലേറ്റ് ചെയ്യാൻ കഴിയുന്നുണ്ട്.ഇറാനിലോ ചൈനയിലോ ഉള്ളതുപോലെ കൂടുകയാണെങ്കിൽ വാർഡിൽ എല്ലാവരേയും ഒരുമിച്ച് ഐസൊലേറ്റ് ചെയ്യേണ്ടിവരും.സാഹചര്യത്തിന്റെ സമ്മർദ്ദമനുസരിച്ച് നമ്മൾ ഏത് പ്രയാസവും സഹിക്കാൻ തയ്യാറാവണം.അങ്ങനെയാണ് ചെയ്യുക.ഐസൊലേഷൻ വാർഡിൽ കഴിയുന്നവരെ ശുശ്രൂക്ഷിക്കുന്നവരുടെ കാര്യമോ?അവർ ഈ പിപിഓ ഒക്കെയിട്ടാണ് മുഴുവൻ സമയവും ആൾക്കാരെ ശുശ്രൂഷിക്കുന്നത്.മൂന്ന് മണിക്കൂർ അല്ലെങ്കിൽ നാലു മണിക്കൂറെ ഈ ഡ്രസ്സ് ഇടാൻ കഴിയൂ..പിന്നീട് മാറിയിട്ട് വേറെയിടണം.അഴിക്കുന്നത് വളരെ ശ്രദ്ധിച്ചിട്ടാണ്.വേഷത്തിനു മേലെ വൈറസ് ഉണ്ടെങ്കിൽ മേലിൽ പതിച്ച് ശുശ്രൂഷകർ തന്നെ രോഗിയായി മാറും.അതിനുളള പരിശീലനം ജീവനക്കാർക്ക് നൽകിയിട്ടുണ്ട്.ട്രെയിനിം ഗ് കൊടുത്തവരെ മാത്രമെ ഡ്യൂട്ടി്ക്ക് നിർത്തുകയുള്ളു.
കേരളത്തിന്റെ സ്റ്റാൻഡാർഡ് ഓപ്പറേറിംഗ് പ്രൊസിഡ്യർ (എസ്.ഓ.പി) മികച്ചതാണെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി അഭിനന്ദിക്കുകയും മറ്റ് സംസ്ഥാനങ്ങളോട് അത് ഫോളോ ചെയ്യാനും പറയുകയുണ്ടായി?
നിപ്പയൊക്കെ വന്നപ്പോൾ നമ്മൾ ഭയന്നെങ്കിലും നമ്മൾ സ്വന്തം പ്രോട്ടോക്കോൾ സെറ്റ് ചെയ്യുകയായിരുന്നു.ഇവിടുത്ത രീതിക്കനുസരിച്ചാണ് എസ്.ഓ.പി സെറ്റ് ചെയ്തത്.രണ്ടാമത് നിപ്പ വന്നപ്പോൾ വളരെ അലർട്ട് ആയി.നിപ്പ വരുമോയെന്ന് സംശയിച്ച് എല്ലായിടത്തും മോക് ഡ്രില്ലടക്കം നമ്മൾ നടത്തി.ചൈനയിൽ കൊറോണയെന്ന് കേട്ടപ്പോൾ നമ്മൾ ഭയങ്കരമായി തയ്യാറെടുപ്പുകൾ നടത്തി.ചൈനയിലുണ്ടാകുന്നതിന് നമ്മൾ എന്തിനാണ് ഒരുങ്ങുന്നതെന്ന് ചോദിച്ച് പലരും പരിഹസിച്ചു.ഓവറാക്ഷൻ നടത്തുന്നതെന്തിനാണെന്ന് ചോദിച്ചവരുണ്ട്.പക്ഷേ നമ്മൾ ഓവറാക്ട് ചെയ്താലേ മതിയാകൂ.ഇതത്ര മഹാമാരിയാണ്.ഇതെല്ലാം വന്നിട്ട് ട്രെയിനിംഗ് കൊടുക്കാമെന്ന് കരുതി ഇരിക്കാനാവുന്ന വിഷയമല്ലിത്.അങ്ങെങ്ങാണ്ട് വന്നപ്പോൾ നമ്മൾ ഇവിടെ കുടപിടിച്ചെന്നത് ശരിയാണ്.ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മലയാളിയുണ്ട്.അവർ ഇങ്ങോട്ടുവരും.അത് മറന്ന് പ്രവർത്തിക്കാനാവുമോ.
ബിബിസി പോലും അഭിനന്ദിച്ചല്ലോ.?
നമ്മുടെ ഒരുക്കങ്ങളെയാണ് അവർ അഭിനന്ദിച്ചത്.അത് മനസിലാക്കുന്നവർക്ക് ഈ പരിശ്രമത്തെ മനസിലാക്കാൻ പ്രയാസമുണ്ടാകില്ലെന്നാണ് കരുതുന്നത്.നമ്മൾ ഇതൊക്കെ ചെയ്യുന്നത് എന്തെങ്കിലും അംഗീകാരം കിട്ടാനോ,മീഡിയാ കവറേജ് കിട്ടാനോ ഒന്നുമല്ല. ഒറ്റ ആഗ്രഹമേയുള്ളു.ഈ കൊറോണ വന്ന് കേരളത്തിൽ ഒറ്റയാളും മരിക്കാതിരിക്കണം.കൊറോണ വരാതിരിക്കണമെന്ന് ആരോഗ്യവകുപ്പോ ഗവൺമെന്റോ വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല.വന്നുകഴിഞ്ഞു.വിദേശത്തു നിന്ന് നമ്മുടെ സഹോദരങ്ങൾ വരുമ്പോൾ ഇവിടെ വരരുതെന്ന് പറയാൻ പറ്റില്ല.അവരുടെ ഇടമിവിടെയാണ്.കുടുംബം ഇവിടെയാണ്.അവർ വരും.നിങ്ങൾ ഇങ്ങോട്ട് കടക്കാൻ പാടില്ലെന്ന് അവരോട് പറയാൻ പറ്റില്ല.കേരളത്തിൽ സ്വീകരിക്കുന്ന നടപടികളെ അഭിനന്ദിച്ച് വിദേശത്തുനിന്ന് ഒട്ടേറെ മലയാളികൾ വിളിക്കുന്നുണ്ട്.
രോഗബാധയോ,രോഗ ലക്ഷണമൊ ഉള്ള വിദേശത്തു കഴിയുന്ന മലയാളികൾ ആ വിവരം വെളിപ്പെടുത്തി വന്നാൽ അവരെ സംരക്ഷിക്കാൻ കഴിയുമോ?
ഉറപ്പായിട്ടും.ഇവിടെ വരേണ്ടെന്ന് നമ്മൾ പറയുകയേ ഇല്ല.ഇവിടെ കൊണ്ടുവന്നാൽ സംരക്ഷിക്കാമെന്ന് നിയമസഭ പ്രമേയം പാസാക്കി.മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതിയിട്ടുമുണ്ട്.
ഇവിടെ നിന്ന് പോകുന്നവർക്ക് കൊറോണയില്ലെന്ന സർട്ടിഫിക്കറ് നൽകാൻ സംസ്ഥാനത്തിന് കഴിയുമോ?
നമ്മൾക്ക് പറ്റില്ല.ഇപ്പോൾ ഒരാളെ പരിശാധിക്കുന്നു.കൊറോണയില്ലായിരിക്കും.ഒരുപക്ഷേ അയാളുടെ ഇൻക്യുബേഷൻ പീരീഡായിരിക്കും.ആ റിസൽട്ട് പിന്നീട് വിദേശത്തു ചെല്ലുമ്പോഴുള്ള പരിശോധനയിൽ മാറും .ആദ്യം ആധിക്യമുണ്ടാകണമെന്നില്ല.സർട്ടിഫിക്കറ്റ് ലഭിച്ചയാൾക്ക് വഴിക്ക് ഒരു കൊറോണ കോൺടാക്ട് ഉണ്ടായി രോഗം പിടിപെട്ടാലോ... സർട്ടിഫിക്കറ് കൊടുത്ത ഡോക്ടറുടെ ഗതിയെന്താവും.ഇക്കാര്യത്തിൽ കേന്ദ്രം വ്യക്തമായ മാർഗനിർദ്ദേശങ്ങൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.ഇവിടെ നിന്ന് പോകാൻ വൈകിയാൽ ജോലി നഷ്ടപ്പെടില്ലെന്ന് മറ്റ് രാഷ്ട്രങ്ങളുമായി കേന്ദ്രം ബന്ധം വയ്ക്കണം.ഇതെന്തായാലും അടങ്ങുമല്ലോ.മഹാമാരിയുടെ കാലത്ത് ലീവെടുത്താൽ ജോലി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകരുത്.
എസ്.ഓ.പിയെക്കുറിച്ച് പറഞ്ഞു,സർക്കാരും ആരോഗ്യവകുപ്പും മന്ത്രിയും ആരോഗ്യവകുപ്പ് സെക്രട്ടറിയും മുതൽ ആശാവർക്കർവരെ .
എത്രത്തോളം പേർ ഈ ടീമിലുണ്ട്?
ഇതിൽ ആയിരക്കണക്കിനു പേരുണ്ട്.ഡോക്ടർമാർ തന്നെ അഞ്ച്,പത്തായിരത്തോളം പേർ പല മേഖലയിലുമായിട്ടുണ്ട്..നഴ്സുമാർ അതിന്റെ ഇരട്ടിവരും.സ്വകാര്യ മേഖലയിലള്ളവരുമുണ്ട്.
വോളണ്ടിയർമാരെ നിയോഗിക്കുന്ന കാര്യം?
ഇനി വേണ്ടിവരും.ഇത് സ്‌പ്രെഡ് ചെയ്താൽ ഓരോ പഞ്ചായത്തിലും വോളണ്ടിയർമാർ വേണ്ടി വരും.വീടുകളിൽ ക്വോറന്റൈൻ വേണ്ടിവരാം.ഇപ്പോൾ പഞ്ചായത്ത് തലത്തിൽ ശ്രദ്ധിക്കുന്നുണ്ട്.തദ്ദേശ ഭരണസമിതി,ആശാവർക്കർമാർ,കുടുംബശ്രീയൊക്കെ രംഗത്തുണ്ട്.എന്നാൽ സ്‌പ്രെഡായാൽ ഒരു വീടിനൊരു വോളണ്ടിയറെ നൽകേണ്ടിവരാം,പരിശീലനം നൽകിയിട്ട്.ഇപ്പോൾ ക്വോറന്റൈനിൽ കഴിയുന്നവരുടെ ആവശ്യം നിറവേറ്റേണ്ടി വരും.മരുന്ന്,ഭക്ഷണം വസ്ത്രം ഇതൊക്കെ നൽകേണ്ടി വന്നാൽ അത് നിർവഹിക്കാൻ വോളണ്ടിയർമാർ വേണം.അവരെ പരിശീലിപ്പിക്കണം.സന്നദ്ധരായി ഒട്ടേറപ്പേർ വരുന്നുണ്ട്.വിദേശത്തുനിന്നുപോലും ആളുകൾ സന്നദ്ധത അറിയിക്കുന്നുണ്ട്.
ഇപ്പോൾ പ്രവർത്തനത്തിന് എന്തെങ്കിലും തടസ്സമുണ്ടോ?
പ്രധാനമായിട്ടും ആയിരക്കണക്കിനാളുകൾ വരുന്ന ഒരു സാഹചര്യമുണ്ടായാൽ ഐസൊലേഷൻ സൗകര്യം ഭയങ്കര കഷ്ടമാകും.ഇപ്പോൾ ഞങ്ങൾ പ്ലാൻ എ,പ്ലാൻ ബി,പ്ലാൻ സി ഉണ്ടാക്കിവച്ചിട്ടുണ്ട്.പ്ലാൻ എയിൽ ഗവൺമെന്റ് മേഖലയിൽ മാത്രമല്ല സ്വകാര്യ മെഡിക്കൽ കോളേജുകളോടും കുറെ ഐസൊലേഷൻ വാർഡ് തയ്യാറാക്കി വയ്ക്കണമെന്ന് പറഞ്ഞിട്ടുണ്ട്.ഇവിടെ ഫിൽ ആയാൽ അവിടെ അഡ്മിറ്റ് ചെയ്യേണ്ടിവരും.മഹാഭൂരിപക്ഷംം ആൾക്കാരെയും ഞങ്ങൾ അതിനായി ബന്ധപ്പെട്ടിട്ടുണ്ട്. പ്ലാൻ ബിയിൽ സ്വകാര്യ മേഖല കുറച്ചുകൂടി കാണണം.ഗവൺമെന്റും കാണുന്നുണ്ട്.കുറച്ചുകൂടി സെപ്രഡഡ് ആയാൽ നമ്മൾ അത്രയും കാണണം.പ്ലാൻ സി ഗുരതരമായ ഒരവസ്ഥാ വിശേഷമുണ്ടായാൽ സ്വീകരിക്കേണ്ട കാര്യമാണ്.ഇപ്പോൾ പത്തനംതിട്ട കളക്ടർ നൂഹും റാന്നി എം.എൽ.എ രാജു എബ്രഹാമും ചേർന്ന് അടച്ചപൂട്ടിയ ഒരു ആശുപത്രി അപ്പാടെ അവരുടെ അനുമതിയോടെ തുറപ്പിച്ചെടുത്തിട്ടുണ്ട്.അവിടെ ഒരുപാട് മുറികൾ കിട്ടും.അതെല്ലാം ക്ലീൻ ചെയ്തിട്ടുണ്ട്.ഇങ്ങനെ എല്ലായിടത്തും സംവിധാനങ്ങൾ ഒരുക്കാൻ നോക്കുകയാണ്.കഴിഞ്ഞതവണ രണ്ടാം ഘട്ട നിപ്പ ഉണ്ടായപ്പോൾ എറണാകുളത്ത് ലേഡീസ് ഹോസ്റ്റൽ അപ്പാടെ ഒഴിപ്പിച്ചെടുത്തിരുന്നു.മുൻകൂട്ടിക്കണ്ടുള്ള പ്ലാനുകളാണ് നമ്മൾ തയ്യാറാക്കുന്നത്.ഒരുപക്ഷേ ഒന്നും വരില്ലായിരിക്കാം.പക്ഷേ വന്നു കഴിഞ്ഞിട്ട് ഓടിയാൽ രോഗികൾ എന്തുചെയ്യും.അതുകൊണ്ടാണ് മുൻകൂട്ടിക്കണ്ടുള്ള പ്ലാൻ തയ്യാറാക്കുന്നത്.ഒരു വിശ്രമവുമില്ലാത്ത ജോലിയാണ് ചെയ്യുന്നത്.ഇത് ജനങ്ങളോട് പറയുകയും വേണം.അവരിൽ നി്ന്ന് ഒന്നും മറച്ചുവയ്കാനാവില്ല.അവരുടെ പേടിയും മാറ്റണം.ഇനി പുറത്തിറങ്ങേണ്ടെന്ന് ചിന്തിക്കരുത്. ഞങ്ങളുമെല്ലാം ജോലി ചെയ്യുന്നുണ്ട്.അങ്ങനെ ഭയക്കേണ്ട.പക്ഷേ വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം.ആൾക്കൂട്ടത്തിലൊരാളുണ്ടായാൽ അവരുമായി കോൺടാക്ട് ഉണ്ടായാലോ.അവരെ ട്രേസ് ചെയ്യുന്നത് പ്രയാസകരമാകും.നമ്മൾ.സ്‌കൂളും കോളേജുമൊക്കെ അടച്ചിട്ടത് അതിനാലാണ്
എവിടെ നിന്നെങ്കിലും നിസഹകരണമുണ്ടോ?
എല്ലാ ഭാഗത്തു നിന്നും പൂർണ സഹകരണം ലഭിക്കുന്നു.ജാതിമതഭേദമന്യെ നല്ല സഹകരണം ലഭിക്കുന്നു
ഗവൺമെന്റ് നല്ലകാര്യങ്ങൾ ചെയ്യുമ്പോഴും പ്രതിപക്ഷം വിമർശിക്കുകയാണല്ലോ?പ്രതിപക്ഷത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്നും മീഡിയാ മാനിയ ആണെന്നും പറഞ്ഞു.?
എനിക്കറിയില്ല ഇതെന്താണിങ്ങനെയെന്ന്.നമ്മളുടേത് ഒരു കുഞ്ഞ് സംസ്ഥാനമാണ്.വലിയ രാജ്യങ്ങൾ പോലും പരാജയപ്പെടുകയാണ്.അമേരിക്കയിൽ പോലും മരണം സംഭവിക്കുന്നു.സാങ്കേതികമായി എല്ലാ മികവുമുള്ള .യു.കെയിലെ പ്രധാനമന്ത്രി പറയുകയാണ് കൈവിട്ടുപോയെന്ന് .അതുകേട്ടപ്പോൾ എനിക്കും പേടിയായി.അവർ വലിയ രാജ്യമല്ലേ,അവിടുത്തെ ആരോഗ്യമന്ത്രിക്കും പിടിപെട്ടു.നമ്മളും പലയിടത്തും പോകുന്നതാണ്.വരില്ലെന്നൊന്നും പറയാൻ പറ്റില്ല..നമ്മൾ സർവകലാ വല്ലഭരല്ല.നമ്മൾക്ക് നല്ലൊരു ബേസുണ്ട്.അത് വച്ച് പ്ലാൻ ചെയ്യുകയാണ്.അതിസാഹസികമായിട്ടാണ് പ്രവർത്തിക്കുന്നത്.അതിനെ വിമർശിച്ചപ്പോൾ അല്പം ശബ്ദമുയർത്തിപ്പറഞ്ഞുവെന്നുള്ളത് വസ്തുതയാണ്.മീഡിയീ മാനിയ എല്ലാവർക്കം മനസിലാകും.ഇക്കാര്യത്തിൽ എല്ലാവർക്കും വിവരമറിയണം.ആരോഗ്യവകുപ്പ് മന്ത്രിയെന്ന നിലയിലാണ് മറുപടി പറയുന്നത്.വേറൊരാളാണ് ആ സ്ഥാനത്തെങ്കിൽ അവർ പറയണം.അത് ഉത്തരവാദിത്വമാണ്.ജനങ്ങളോടുള്ള പ്രതിബദ്ധതയാണ്.
പ്രതിപക്ഷം സഹകരിക്കേണ്ട ഘട്ടമല്ലേയിത്?
അങ്ങനെ സഹകരിച്ചിരുന്നെങ്കിൽ എന്നാണ് ഞാൻ ആശിക്കുന്നത്.
സർക്കാർ ഭീതി പരത്തുന്നുവെന്ന് കെ.പി.സി.പ്രസിഡന്റ് മുല്ലപ്പളി ആരോപിക്കുന്നു?
ജനങ്ങൾക്കറിയാം.മിണ്ടാണ്ടിരുന്നാലോ.കൺമുന്നിൽ കാണുന്ന അനുഭവമെന്താണ്.കൊറോണ മരണം എല്ല രാജ്യങ്ങളിലും സംഭവിക്കുകയാണ്.ഇതുകണ്ടുകൊണ്ട് നമ്മൾ എങ്ങനെയാണ് സ്വത്വര നടപടി സ്വീകരിക്കാതിരിക്കുന്നത്.ജനങ്ങളെ വിധിക്കു വിട്ടുകൊടുക്കണമെന്നാണോ അവർ പറയുന്നത്.ജനങ്ങളെ മരണത്തിന് വിട്ടുകൊടുക്കണമെന്നാണോ പറയുന്നത്.അഗ്രസീവായ ആക്ഷനിലേക്കാണ് പോയത്.അതുകൊണ്ട് ചില്ലറ പ്രയാസങ്ങൾ ആൾക്കാർക്കുണ്ടാകാം.പക്ഷേ മരണമുണ്ടാകില്ലല്ലോ.ഞങ്ങൾ മരണത്തോടാണ് ഫൈറ്റ് ചെയ്യുന്നത്.ജനങ്ങൾക്ക് അത് നന്നായി മനസിലാകുന്നുണ്ട്.ഊണും ഉറക്കമൊഴിച്ചിട്ട് നമ്മൾ പാടുപെടുന്നത് കൊറോണ ബാധിച്ച് ഒറ്റയാൾപോലും മരിക്കരുതെന്ന് ആഗ്രഹിച്ചിട്ടാണ്.ആരു വേണമെങ്കിലും പറഞ്ഞോട്ടെ... ഇത്തരമൊരു ഘട്ടത്തിലാണ് സാമൂഹ്യ പ്രതിബദ്ധത പ്രകടമാകേണ്ടത്.അവരുടെ പാർടിയുടെ അണികളെയൊന്നും ഞാൻ കുറ്റം പറയുകയില്ല.ഞാൻ അവരുടെ പാർട്ടിയുടെ ഒരു പ്രത്യേകപരിപാടിയിൽ പങ്കെടുത്തു.ഒട്ടേറെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എന്റെയടുത്തു വന്നു.'കക്ഷിരാഷ്ട്രീയമൊന്നും ഞങ്ങൾ നോക്കുന്നില്ല.വൈകുന്നേരം ഞങ്ങൾ ടീച്ചറുടെ പത്രസമ്മേളനം നോക്കിയിരിക്കുകയാണ് .അപ്പോഴാണ് കേരളത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് പൂർണമായിട്ടറിയാനും ആശങ്കപ്പെടാതിരിക്കാനും കഴിയുന്നത് തങ്ങളുടെ പൂർണ്ണപിന്തുണ ടീച്ചർക്കുണ്ടെന്ന് ' അവർ പറഞ്ഞു.ഞാനിത് വെറുതെ പറയുന്നതല്ല.ഇതിൽ കക്ഷി രാഷ്ട്രീയമൊന്നുമില്ല.ഇന്ന പാർട്ടിക്കാരെയാണ് കൊറോണ പിടിക്കുകയെന്ന് പറയാനൊക്കുമോ.മരിച്ചാലും കോൺഗ്രസുകാരൻ മരിച്ചാൽ ദുഖം കൂടുകയും സി.പി.എംകാരൻ മരിച്ചാൽ കൂടുകയും ചെയ്യുമോ.മരിക്കുന്നതെല്ലാം നമ്മൾക്ക് നഷ്ടമാണ്.സങ്കടമാണ്.രമേശ് ചെന്നിത്തല ഇതു പറഞ്ഞാലും കോൺഗ്രസിന്റെ ആയിരക്കണക്കിന് പ്രവർത്തകർ ഈ കൊറോണ വൈറസിനെക്കുറിച്ച് പ്രതികരിക്കുന്നത് എന്റെ മീഡിയാമാനിയ കൊണ്ടാണെന്ന് പറയുകയില്ല.പത്തനംതിട്ടയിൽ മീറ്റിംഗ് വിളിച്ചപ്പോൾ ആന്റോ ആന്റണി എം.പി അവിടെയുണ്ടായിരുന്നു.അദ്ദേഹം വിലപ്പെട്ട അഭിപ്രായങ്ങൾ പറഞ്ഞു.ഓരോ പഞ്ചായത്ത് വാർഡുകളിൽ ചെയ്യേണ്ടകാര്യങ്ങൾ 'നമ്മൾ ചെയ്യണമെന്നാണ് 'അദ്ദേഹം പറഞ്ഞത്.അല്ലാതെ ടീച്ചർ ഉറപ്പുവരുത്തണമെന്നല്ല.ഈ എം.പി. യു.ഡി.എഫാണ് അയാൾ പറയുന്നതൊന്നും കേൾക്കേണ്ട എന്നു കരുതേണ്ടതില്ല.തൃശൂരിൽ രാത്രി യോഗം വിളിച്ചപ്പോൾ കോൺഗ്രസ് എം.എൽ.എ അനിൽഅക്കര വന്നു.ഒരു മടിയുമില്ലാതെ സഹകരിച്ചു.വളരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ ഒറ്റക്കെട്ടായി നീങ്ങേണ്ട സന്ദർഭമാണിത്.ഇത്തിരി വിഷമമൊക്കെ ഉണ്ടാകുമെങ്കിലും ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടമാണിത്.ജനങ്ങൾ നന്നായി സഹകരിക്കുന്നുണ്ട്.പ്രതിപക്ഷം പറയുന്നതുപോലെയൊന്നുമല്ല.വിഷമങ്ങൾ സഹിക്കാൻ അവർ തയ്യാറാകുന്നുണ്ട്.ആരും മരിച്ചുപോകാത്ത അവസ്ഥയുണ്ടായാൽ മതിയെന്നാണ് ഓരോരുത്തരും വിളിച്ചു പറയുന്നത്.ഈ മുൻകരുതൽ സ്വീകരിക്കാതെ നാളെ എന്തെങ്കിലും സംഭവിച്ചാൽ എന്താണ് പറയുക.ആരോഗ്യവകുപ്പ് മന്ത്രി തീരെ ഗൗനിച്ചില്ലെന്നായിരിക്കും,നമ്മളാൽ ചെയ്യേണ്ടതിന്റെ മാക്സിമം ചെയ്യുന്നുണ്ട്.എന്നിട്ടെന്തെങ്കിലും സംഭവിച്ചാൽ നമ്മൾ ഉത്തരവാദിയാകില്ല.
നിപ്പയിൽ നിന്നുളള വ്യത്യാസം?
രണ്ടും രണ്ട് തരമാണ്.നിപ്പ വലിയ രീതിയിൽ ലക്ഷണങ്ങൾ പ്രകടമാക്കിയാലേ പകരുയുള്ളു.കടുത്ത ചുമയും പനിയും ശ്വാസം മുട്ടുമൊക്കെ പ്രകടമായാലേ പകരുകയുളളു.നിപ്പ ശരീരത്തിൽ ഉണ്ടായാലും ലക്ഷണമൊന്നുമില്ലെങ്കിൽ പകരില്ല .കൊറോണ വൈറസ് അങ്ങനെയല്ല.ലക്ഷണമൊന്നും പ്രകടമാകണമെന്നില്ല.വലിയ പനിയോ ചുമയോ വേണമെന്നില്ല.ഒരും ചുമയും പനിയുമില്ലെങ്കിലും സമ്പർക്കത്തിലൂടെ പകരും.നിപ്പ പ്രത്യേക പ്രദേശങ്ങളിൽ ഒതുക്കി അമർച്ചചെയ്തു.കൊറോണ ലോക വ്യാപിയാവുകയാണ്.
സർക്കാർ അധികാരത്തിൽ വന്ന ശേഷം ഓഖി,രണ്ട് പ്രളയം ,നിപ്പ,ഇപ്പോൾ കൊറോണ വിശ്രമമില്ലാത്ത ദിനങ്ങളാണോ ടീച്ചർക്കെന്നും.തളരാതെ മുന്നോട്ടു നയിക്കുന്ന ആത്മവിശ്വാസമെന്താണ്?
നയിച്ചല്ലേ മതിയാകു.കാരണം ജനങ്ങളെ ഒരു വിപത്തിനും വിട്ടുകൊടുക്കാതെ നോക്കുകയെന്ന ഉത്തരവാദിത്വമാണല്ലോ നമ്മളിൽ അർപ്പിക്കപ്പെട്ടിരിക്കുന്നത്.നമ്മുടെ വിശ്രമം ഒന്നും ഇതിൽ പ്രധാനമല്ല.നാളെ എന്ത് സംഭവിക്കുമെന്നറിയില്ല.ഇപ്പോൾ അഭിമാനമുണ്ട്.നമുക്ക ധീരമായ നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയുണ്ട്.ഓരോ പ്രശ്നങ്ങൾ വരുമ്പോഴും എന്താ ചെയ്യേണ്ടതെന്ന് അദ്ദേഹത്തോട് ചോദിക്കും.ഇന്നതൊക്കെ ചെയ്യണമെന്ന് പറയുമ്പോഴും നിങ്ങൾ എന്താണ് ചെയ്യാൻൻ ഉദ്ദേശിക്കുന്നതെന്ന് തിരിച്ചും ചോദിക്കും.നിങ്ങൾക്കും പ്ലാൻ വേണമെന്നു പറയും..നിങ്ങൾക്ക് പ്ലാൻ ഇല്ലേയെന്ന് ചോദിച്ചാൽ കുടുങ്ങിപ്പോകരുതല്ലോ.
കേരളത്തിലെ ജനങ്ങൾ ടീച്ചറമ്മയെന്ന് വിളിക്കുന്നു.കേരളാ ഗവർണർ പറയുന്നു.ഇന്ത്യ മുഴുവൻ പരതിയാലും ഇതുപോലൊരു മന്ത്രിയെക്കിട്ടില്ലെന്ന് ?പ്രശംസകളെ എങ്ങനെ കാണുന്നു?
അഭിനന്ദനങ്ങളിൽ സന്തോഷിക്കുന്നില്ലെന്ന് ഞാൻ പറയില്ല.അങ്ങനെ പറഞ്ഞാൽ അത് അഹങ്കാരമാകും.നമ്മൾ ചെയ്യുന്നതിനെ അഭിനന്ദിക്കുന്നുവെന്നേയുള്ളു.അതിനപ്പുറത്തേക്ക് ഞാൻ എടുക്കുന്നില്ല.കാരണം .എപ്പോഴും എന്തും സംഭവിക്കാവുന്ന മേഖലയാണിത്.1930 കളിൽ ഇവിടെ വസൂരി വന്ന് പതിനായിരങ്ങൾ മരിച്ചുപോയിരുന്നു.2006 മുതലുള്ള കാലയളവിൽ ചിക്കൻഗുനിയ വന്ന് ഒരുപാടു പേർ മരിച്ചു.ഇങ്ങനെ എല്ലാ സമയത്തും എന്തും സംഭവിക്കാവുന്നതാണ്.പ്രളയം വന്നപ്പോൾ വലിയ തോതിൽ പകർച്ചവ്യാധി വരാമെന്ന് വിദഗ്ധർ പറഞ്ഞു..ഒരുകോടി ഡോക്സിസൈക്ലിൻ ശേഖരിച്ചിട്ട് മനുഷ്യരെക്കൊണ്ട് ആ പ്രദേശത്തെ മുഴുവൻപേരെയും കഴിപ്പിച്ചു.ആശാവർക്കർമാരെ ട്രെയിൻ ചെയ്തിട്ട് ചെയ്തതാണ്.അങ്ങനെയാണ് മരണത്തെ നിയന്ത്രിച്ചത്.ഈ വർക്ക് ആരെങ്കിലും കാണുന്നുണ്ടോയെന്ന് അറിയില്ല.
കാണുന്നതു കൊണ്ടാണല്ലോ സിനിമയിൽപ്പോലും കഥാപാത്രമായത്?
ഒരിക്കലും ഞാൻ ഒറ്റയ്ക്കല്ല.ടീമാണ്.നല്ലൊരു ടീമിനെ ഫോം ചെയ്തിട്ടുണ്ട്.ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ.ചെറിയ പോരായ്മകൾ ഇല്ലെന്നു പറയില്ല.യുവ ഡോക്ടർമാരൊക്കെ പ്രാന്ത പ്രദേശങ്ങളിൽ സഹകരിക്കുന്നു.ഒരുപാട് നഴ്സുമാരുടെ സന്ദേശം വരുന്നുണ്ട്.ഞങ്ങൾ കൂടെയുണ്ടെന്നു പറയുന്നു..ടീച്ചർ ധൈര്യമായിട്ട് പോകൂയെന്ന്..അങ്ങനെ പറയുന്നതാണ് കരുത്ത്.
ഈ വേളയിൽ സങ്കടപ്പെട്ടു പോയ സന്ദർഭമുണ്ടോ?
ലിനിയുടെ മരണത്തിൽ സങ്കടപ്പെടുക മാത്രമല്ല.വല്ലാതെ അസ്വസ്ഥയായി. കാരണം പ്രൊട്ടക്ട് ചെയ്യേണ്ട സ്റ്റാഫിൽ ഒരാൾക്ക് പ്രശ്നമുണ്ടായാൽ അത് മൊത്തത്തിൽ മൊറേലിനെ ബാധിക്കും. ഇപ്പോഴും അത് ഒരു മുറിവാണ്.ലിനിയുടെ ഭർത്താവിനെ വിളിച്ച മൃതദേഹം കാണിക്കുകയില്ലെന്നൊക്കെ പറയേണ്ടി വന്നത്,മക്കളെ കാണിക്കാൻ കഴിയില്ലെന്നു പറഞ്ഞത്.ഇതൊക്കെ ഇന്നും മനസിൽ നൊമ്പരമായുണ്ട്.ഇത്തരം കാര്യങ്ങളാണ് വേദന ഉണ്ടാക്കുന്നത്.വിമർശനങ്ങളെ കാര്യമാക്കുന്നില്ല.അതുപോലെ അഭിനന്ദനങ്ങളും .ഒരു പരിധിവരെയെ ഉള്ളിലേക്ക് എടുക്കാറുള്ള.മക്കളും മാഷുമൊക്ക വവിളിക്കുമ്പോൾ ഞാൻ പറയാറുണ്ട് അമ്മയ്ക്ക് അടുത്ത നിമിഷത്തിൽ ആരുടെ ശകാരമാണ് കിട്ടുകെയന്നറിയില്ലെന്ന്.' അത് വരട്ടെ ഇതുവരെ ചെയ്തതെല്ലാം ഓകെയാണല്ലോയെന്ന് അവർ പറയും.എന്നേക്കാൾ നന്നായി ചെയ്യാൻ കഴിയുന്നവർ ഉണ്ടാകാം.എന്നാൽ എന്നാൽക്കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്.ഏറ്റവും മോശത്തെ ഞാൻ കാണുന്നില്ല.ഒരു കാര്യത്തിലും ഏറ്റവും മോശമാകരുതെന്ന് നിർബന്ധമുണ്ട്.ആ ആഗ്രഹമുള്ളതുകൊണ്ട് എവിടെയായാലും മോശമാകാതെ നോക്കും.അത് രാഷ്ട്രീയത്തിലായകട്ടെ,എവിടെയായലും അങ്ങനെതന്നെയാണ്. ബഹുഭൂരിപക്ഷം പേരും അങ്ങനെയായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്.ഇതൊരു ഈസി വാക്കോവറൊന്നുമല്ല.എപ്പോൾ വേണമെങ്കിലും വീഴ്ച സംഭവിക്കാം. അങ്ങനെ വരാതിരിക്കട്ടെയെന്നാണ് പ്രതീക്ഷിക്കുന്നത്.ഈ അഭിനന്ദനം എനിക്കുളതൊന്നുമല്ല,എന്റെ ടീമിന് മുഴുവൻ ഉള്ളതാണ്.ഈ ഗവൺമെന്റിനുളളതാണ്.ഗവൺമെന്റിന്റെ നിർദ്ദേശമാണ് അനുസരിക്കുന്നത്.ഈ സിസ്റ്റം കൂടെയുള്ളതുകൊണ്ടാണ് .അല്ലാതെ ശൈലജ ടീച്ചർക്കെന്ത് ചെയ്യാൻ പറ്റും.
കുടംബത്തിന്റ പിന്തുണ?
ശക്തമായിട്ടുണ്ട്.
ആരോഗ്യ വകുപ്പ് മന്ത്രിയുടെ ആരോഗ്യം എങ്ങനെയുണ്ട്?
.എന്റെ പ്രായത്തിനനുസരിച്ച് എനിക്ക് നല്ല ആരോഗ്യമുണ്ടെന്നാണ് ഞാൻ വിചാരിക്കുന്നത്.
സ്‌ട്രെസ് എങ്ങനെ മറികടക്കുന്നു?
ഇത് കൂട്ടായ്മയാണ്.ഒറ്റയ്ക്കല്ലല്ലോ.കൂട്ടായ പ്രവർത്തനത്തിലൂടെ നമുക്ക് നേരിടാമെന്ന് പരസ്പര വിശ്വാസത്തോടെ പറയും. ഒന്നും ചെയ്തില്ലെന്ന കുറ്റബോധമില്ല.വെറുതെ അലസയായി ഇരിക്കാറില്ല.എന്നാൽ സാധിക്കുന്നത് മാക്സിമം ഞാൻ ചെയ്യുന്നുണ്ട്.