ഇ.എം.എസ് സ്വന്തം, എ.കെ.ജി സ്വന്തം, വി.എസ് സ്വന്തം, കാട്ടായിക്കോണം വി. ശ്രീധർ അതിനെക്കാൾ സ്വന്തം, ഒ.ജെ ഏറ്റവും വലിയ ബന്ധു, കെ. ബാലകൃഷ്ണൻ സ്വന്തം അണ്ണൻ ഇങ്ങനെ മഹാബന്ധുബലവും സ്വന്തക്കാരുമുള്ള ഒരു കമ്മ്യൂണിസ്റ്റുകാരൻ തിരുവനന്തപുരത്തുണ്ടായിരുന്നു. പേട്ടയിൽ. പേര് കെ.എൻ. ശിവാനന്ദൻ. മിനർവ ശിവാനന്ദൻ എന്ന തല്പുരുഷ സമാസത്തിൽ പറഞ്ഞാലേ സംഗതികൾ പൂർണമാകൂ. അദ്ദേഹം പി.ബി മെമ്പറായില്ല, സംസ്ഥാന കമ്മിറ്റി അംഗമായില്ല, എം.എൽ.എ ആയില്ല, എം.പി ആയില്ല. എന്തിന് ഒരു കോർപറേഷൻ കൗൺസിലർ പോലുമായില്ല.
അമ്പതുകളുടെ തുടക്കത്തിൽ പേട്ടയിൽ നിന്നൊരാൾ കമ്മ്യൂണിസ്റ്റാവുക ഒരദ്ഭുതമാണ്. എന്തെന്നാൽ സാക്ഷാൽ കെ. ബാലകൃഷ്ണന്റെ കാന്തിക വലയത്തിൽ നിന്ന് പുറത്തുകടക്കുന്നത് അക്കാലത്ത് പേട്ടയിലെ ഒരു ചെറുപ്പക്കാരന് ചിന്തിക്കാൻ പോലുമാവില്ല. കേരളകൗമുദി പ്രസിൽ ജോലി ചെയ്യുന്ന പേട്ടക്കാരനായ ഒരു ചെറുപ്പക്കാരൻ കെ. ബാലകൃഷ്ണനെ അവഗണിച്ച് കമ്മ്യൂണിസ്റ്റായി എന്നതുതന്നെ ഒരു മഹാസംഭവമാണ്. അങ്ങനെ ജന്മനാ കമ്മ്യൂണിസ്റ്റായി അറിയപ്പെട്ട ഒരാളാണ് വെറും സാധാരണക്കാരനായി ജനിച്ച ഈ അസാധാരണ കമ്മ്യൂണിസ്റ്റുകാരൻ .
പരിചയപ്പെട്ട കാലം മുതൽ ഞാനദ്ദേഹത്തെ ശിവാനന്ദ അണ്ണൻ എന്നാണ് വിളിച്ചിരുന്നത്. 1961-62 കാലത്ത് ഞാൻ തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കാൻ വന്നപ്പോഴാണ് അസാധാരണ കമ്മ്യൂണിസ്റ്റിനെയും പരിചയപ്പെട്ടത്. സ: കെ. അനിരുദ്ധന്റെ വിശ്വകേരളം പ്രസിൽ വച്ചാണ് എന്നാണ് എന്റെ ഓർമ്മ. സ: കരമന സോമനാണ് ശിവാനന്ദണ്ണനെ എനിക്കു പരിചയപ്പെടുത്തിയത്. തമ്പാനൂർ ഓവർ ബ്രിഡ്ജ് മൈതാനത്ത് (ഇന്ന് മൈതാനവും ഓവർ ബ്രിഡ്ജുമില്ല). പാർട്ടിക്ക് ഒരു വിശദീകരണയോഗം നടത്തണം. അതിന് അവിടെ ഒരു പ്ലാറ്റ് ഫോം കെട്ടണം. ഇന്നത്തെപ്പോലെ ഏതെങ്കിലും കരാറുകാരെ ഏൽപ്പിച്ച് പ്ലാറ്റ്ഫോം കെട്ടുന്ന രീതി അന്നില്ല. എന്നു മാത്രമല്ല തിരുവനന്തപുരം സിറ്റിയിൽ പാർട്ടിക്ക് പ്ലാറ്റ്ഫോം കെട്ടി യോഗം നടത്താൻ പട്ടം താണുപിള്ള സാറിന്റെ പാർട്ടിക്കാരായ ടാക്സി ഡ്രൈവർമാരും അവരുടെ സഹായികളും അനുവദിക്കുകയും ചെയ്തിരുന്നില്ല. അതുകൊണ്ട് പ്ലാറ്റ്ഫോം കെട്ടാനാവശ്യമായ സാധനങ്ങളോടെ എന്തിനും തയ്യാറെടുത്ത് ഒരു സംഘമായിട്ട് സ്ഥലത്തെത്തുകയും, പന്തലുകെട്ടുകാർക്ക് രക്ഷകരായും, യോഗം തീരുംവരെ പന്തലിന് കാവൽക്കാരായും, പാർട്ടി സഖാക്കൾ അവിടെ കാവൽ നില്ക്കുകയുമായിരുന്നു അന്നത്തെ രീതി. അങ്ങനെ തമ്പാനൂരിൽ പ്ലാറ്റ്ഫോം കെട്ടാനുള്ള വോളന്റിയർ കോറിന്റെ ക്യാപ്റ്റന്മാരായി ഞങ്ങൾക്ക് നേതൃത്വം നൽകിയവരിൽ ഒരാളായിരുന്നു മിനർവ ശിവാനന്ദൻ. ഞാനോർക്കുന്ന മറ്റൊരാൾ പള്ളിച്ചൽ സദാശിവനായിരുന്നു. സാഹസികതയും സമരോത്സുകതയുമാണ് കെ.എൻ. ശിവാനന്ദന്റെ വ്യക്തിത്വം.
കേരളകൗമുദിയിലെ ഇന്ദിരാ പ്രിന്റിംഗ് വർക്സിൽ ഒരു പ്രസ് തൊഴിലാളിയായിട്ടാണ് സഖാവ് ജീവിതം ആരംഭിക്കുന്നത്. അക്കാലത്തെ ഏറെ സമാദരണീയനായിരുന്ന പത്രാധിപർ കെ. സുകുമാരൻ, രാഷ്ട്രീയ സാഹിത്യരംഗത്തെ അഗ്നിജ്വാലയായിരുന്ന കെ. ബാലകൃഷ്ണൻ എന്നിവരുടെ വാത്സല്യം നേരിട്ടനുഭവിച്ചു വളർന്നതാണ് ശിവാനന്ദയണ്ണന്റെ യൗവനം. കാട്ടായിക്കോണം വി. ശ്രീധർ, ആശാൻ (കെ.വി. സുരേന്ദ്രനാഥ്) എന്നീ കമ്മ്യൂണിസ്റ്റ് നേതാക്കന്മാരുടെ ഒളിവിലെ പ്രവർത്തനങ്ങളുടെ സഹായി എന്ന നിലയ്ക്കാണ് സഖാവ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെടുന്നത്. 1950-ൽ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. പത്രവിതരണക്കാരനും പ്രസ് തൊഴിലാളിയുമായി പ്രവർത്തിച്ച അദ്ദേഹം പ്രസ് തൊഴിലാളികളെ സംഘടിപ്പിക്കുകയും സിറ്റി പ്രസ് വർക്കേഴ്സ് യൂണിയൻ എന്ന സംഘടനയുടെ പ്രധാന പ്രവർത്തകനാവുകയും ചെയ്തു. വെളുപ്പിന് അഞ്ചുമുതൽ പത്രവിതരണം, എട്ടുമണി മുതൽ പ്രസിൽ. വൈകിട്ട് യൂണിയൻ പ്രവർത്തനം, രാത്രി മുഴുവൻ ഒളിവിലുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുടെ സഹായി, പകലത്തെ മുഴുവൻ കാര്യങ്ങളും അവർക്കെത്തിച്ചു കൊടുക്കൽ, ഇതായിരുന്നു അക്കാലത്തെ ഈ കമ്മ്യൂണിസ്റ്റുകാരന്റെ പ്രവർത്തന പരിപാടി. സിറ്റിയിൽ വളരെ വേഗം വേരുറപ്പിച്ച കമ്മ്യൂണിസ്റ്റു പാർട്ടി, ലോക്കൽ അടിസ്ഥാനത്തിൽ സംഘടനാരൂപം നൽകുന്ന നിലയിലെത്തി. 1953-ൽ പാർട്ടിയുടെ പേട്ട ലോക്കൽ കമ്മിറ്റി രൂപീകൃതമായത് സ: മിനർവ ശിവാനന്ദനെ സെക്രട്ടറിയായി നിശ്ചയിച്ചുകൊണ്ടാണ്. 1962-ൽ അവണാകുഴി സെക്രട്ടറിയായ പാർട്ടി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയിലേക്ക് സഖാവ് തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി ജില്ലാ കൗൺസിലിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. യാതൊരു സ്ഥാനമാനങ്ങൾക്കും കാത്തുനിൽക്കാതെ അദ്ദേഹം മരണം വരെ കമ്മ്യൂണിസ്റ്റായി തുടർന്നു. കമ്മ്യൂണിസ്റ്റു നേതാക്കന്മാരെ ദേശീയമായി എപ്പോഴെല്ലാം അറസ്റ്റു ചെയ്ത് കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ടോ അപ്പോഴെല്ലാം മിനർവ ശിവാനന്ദനും ഡറ്റിന്യൂവായി അവരോടൊപ്പം സെൻട്രൽ ജയിലിൽ എത്തിയിട്ടുണ്ട്.1962-ൽ ഇന്ത്യ-ചൈന സംഘർഷ കാലത്തു അവിഭക്ത പാർട്ടിയിലെ ഇടതുപക്ഷക്കാരെ ചൈനാചാരന്മാർ എന്ന മുദ്രകുത്തി ജയിലിൽ അടച്ചു. അക്കാലത്ത് ഇ.എമ്മിനും, എ.കെ.ജിക്കും കാട്ടായികോണത്തിനുമൊപ്പം കെ.എൻ. ശിവാനന്ദനും സെൻട്രൽ ജയിലിൽ അടയ്ക്കപ്പെട്ടു.
1964-ൽ ഇന്തോ-പാക് യുദ്ധത്തെ തുടർന്ന് പാർട്ടി കമ്മ്യൂണിസ്റ്റു മാർക്സിസ്റ്റായി രൂപപ്പെട്ടുവരുന്ന കാലത്ത് പാർട്ടി നേതാക്കളെയാകെ കൂട്ടത്തോടെ ജയിലിലടച്ചു. ഇ.എമ്മിനും, എ.കെ.ജി.യ്ക്കും വി.എസിനുമൊപ്പം സ: ശിവാനന്ദനും തിരുവനന്തപുരം സെൻട്രൽ ജയിലിൽ. ജയിലിൽ കിടന്ന പതിനെട്ടുമാസവും അവിടെ സഖാവ് ഇ.എം.എസ്. എടുത്ത സ്റ്റഡിക്ലാസുകളെക്കുറിച്ച് വികാരഭരിതമായ തന്റെ സ്മരണകൾ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. കലാ സാഹിത്യ രംഗത്തോട് അദ്ദേഹത്തിനുണ്ടായിരുന്ന താത്പര്യവും എടുത്തു പറയേണ്ടതാണ്. തിരുവനന്തപുരം കോർപറേഷൻ സംഘടിപ്പിക്കുന്ന കലാ-സാംസ്കാരിക-വ്യാവസായിക പ്രദർശനത്തിൽ കലാപരിപാടികളുടെ മുഖ്യചുമതല പലപ്പോഴും അദ്ദേഹം ഏറ്റെടുത്തിരുന്നു. കേരളത്തിലെ ഏറ്റവും നല്ല നാടകസമിതികളെ ക്ഷണിച്ചു വരുത്തി നാടകം കളിപ്പിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഞാൻ എഴുതി അവതരിപ്പിച്ചിട്ടുള്ള എല്ലാ നാടകങ്ങളുടെയും ഉദ്ഘാടനത്തിന് ശിവാനന്ദയണ്ണനും കുടുംബവും നിർബന്ധമായും ഉണ്ടാകുമായിരുന്നു.
( പ്രമുഖ നാടകകൃത്തും മുൻ എം.എൽ.എയുമാണ് ലേഖകൻ )