തിരുവനന്തപുരം: സമരങ്ങളുടെ തലസ്ഥാനമായ സെക്രട്ടേറിയറ്റ് നട ഇപ്പോൾ ശൂന്യമാണ്. തലസ്ഥാനത്തടക്കം കൊറോണ ഭീതി നിലനിൽക്കുന്നതിനാൽ സമരങ്ങളും പ്രതിഷേധങ്ങളും ഇപ്പോഴില്ല. കൊറോണ ജാഗ്രതയിൽ സ്‌കൂളുകളും കോളേജുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും സിനിമാശാലകളുമടക്കം അടച്ചുപൂട്ടിയപ്പോൾ സെക്രട്ടേറിയറ്ര് നടയിലെ സമരക്കാരും പിൻവലിഞ്ഞു. കൊറോണ ജാഗ്രതയെത്തുടർന്ന് അടുത്ത ദിവസങ്ങളിലായി നടത്താനിരുന്ന സമരങ്ങളും മാറ്റിവച്ചു. ഇതിനോടകം തന്നെ സെക്രട്ടേറിയറ്റിനു മുന്നിലെ പല സമരപ്പന്തലുകളും പൊളിച്ചുനീക്കി. വാളയാറിലെ പെൺകുട്ടികൾക്ക് നീതി ആവശ്യപ്പെട്ട് ജസ്റ്റിസ് വാളയാർ കിഡ്സ് ഫോറം നടത്തുന്ന സമരവും സഹോദരന്റെ മരണത്തിൽ നീതിക്കായി പോ‌രാടുന്ന ശ്രീജിത്തുമാണ് ഇപ്പോൾ സെക്രട്ടേറിയറ്റ് നടയിൽ സമരം നടത്തുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സമരപ്പന്തൽ പൊളിച്ചുമാറ്റാൻ തയ്യാറാണെന്ന് വാളയാർ കിഡ്സ് ഫോറവും അറിയിച്ചിട്ടുണ്ട്.