ധീരമായ നേതൃത്വം നൽകുന്ന ഒരു മുഖ്യമന്ത്രി ഉള്ളതുകൊണ്ടുകൂടിയാണ് പലകാര്യങ്ങളും തനിക്ക് ചെയ്യാൻ പറ്റുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഓരോ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോഴും എന്താണ് ചെയ്യേണ്ടതെന്ന് ചോദിക്കുമ്പോൾ, ഇന്ന ഇന്ന കാര്യങ്ങൾ ചെയ്‌തോളൂ എന്ന് അദ്ദേഹം പറയും. ആ ഒരു സപ്പോർട്ടാണ് കരുത്ത് പകരുന്നതെന്ന് ശൈലജ ടീച്ചർ പറയുന്നു. കൗമുദി ടിവിയുടെ അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈനിലാണ് മന്ത്രി കാര്യങ്ങൾ വ്യക്തമാക്കിയത്.
'നമ്മൾ നയിച്ചല്ലേ മതിയാവുള്ളൂ. കാരണം, ജനങ്ങളെ ഒന്നിനും ഒരു വിപത്തിനും വിട്ടുകൊടുക്കാതെ നോക്കുക എന്നുള്ളതാണല്ലോ നമ്മുടെ ഉത്തരവാദിത്തം. അതുകൊണ്ട് നമ്മുടെ വിശ്രമമൊന്നുമല്ല ഇതിൽ പ്രധാനം. നാളെ എന്തു സംഭവിക്കുമെന്നറിയില്ല. ധീരമായ നേതൃത്വം നൽകുന്ന ഒരു മുഖ്യമന്ത്രി നമുക്കുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ വരുമ്പോൾ ചെന്നു ചോദിക്കും, എന്താണ് ചെയ്യേണ്ടത് എന്ന്. നിങ്ങൾ ഇന്ന ഇന്ന കാര്യങ്ങൾ ചെയ്‌തോളൂ എന്ന് അദ്ദേഹം പറയും. അല്ലെങ്കിൽ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുക എന്ന് തിരിച്ചു ചോദിക്കും. നമുക്കെന്തെങ്കിലും ഒരു പ്ളാൻ വേണം. അല്ലാതെ ഒന്നുമില്ലേ എന്ന് അദ്ദേഹം ചോദിച്ചാൽ കുടുങ്ങി പോകും. മുഖ്യമന്ത്രി നൽകുന്ന ആ ഒരു സപ്പോർട്ടാണ് കരുത്ത് പകരുന്നത്'-മന്ത്രിയുടെ വാക്കുകൾ .
'നമ്മൾ ഇതൊക്കെ ചെയ്യുന്നത് എന്തെങ്കിലും അംഗീകാരം കിട്ടാനോ,മീഡിയാ കവറേജ് കിട്ടാനോ ഒന്നുമല്ല. ഒറ്റ ആഗ്രഹമേയുള്ളു.ഈ കൊറോണ വന്ന് കേരളത്തിൽ ഒറ്റയാളും മരിക്കാതിരിക്കണം.കൊറോണ വരാതിരിക്കണമെന്ന് ആരോഗ്യവകുപ്പോ ഗവൺമെന്റോ വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല.വന്നുകഴിഞ്ഞു.വിദേശത്തു നിന്ന് നമ്മുടെ സഹോദരങ്ങൾ വരുമ്പോൾ ഇവിടെ വരരുതെന്ന് പറയാൻ പറ്റില്ല.അവരുടെ ഇടമിവിടെയാണ്.കുടുംബം ഇവിടെയാണ്.അവർ വരും.നിങ്ങൾ ഇങ്ങോട്ട് കടക്കാൻ പാടില്ലെന്ന് അവരോട് പറയാൻ പറ്റില്ല'.