anil-ambani

മുംബയ്: യെസ് ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്ക് മുംബയിലെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിൽ ഹാജരാകാൻ നിർദ്ദേശം. യെസ് ബാങ്കിൽ നിന്ന് റിലയൻസ് ഗ്രൂപ്പ് എടുത്ത വായ്പ സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിനായി അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നാണ് വിവരം. അതേസമയം ആരോഗ്യപരമായ കാരണങ്ങളാൽ ഹാജരാകുന്നതിന് തനിക്ക് കൂടുതൽ സമയം വേണമെന്ന് അനിൽ അംബാനി അന്വേഷണ ഏജൻസിയോട് ആവശ്യപ്പെട്ടു. റിലയൻസ് ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരെയും ഉടൻ ചോദ്യം ചെയ്‌തേക്കും. യെസ് ബാങ്കിൽ നിന്ന് വായ്പയെടുത്ത വൻകിട കമ്പനികളിലൊന്നാണ് റിലയൻസ് ഗ്രൂപ്പ്. 12800 കോടി രൂപയുടെ വായ്പ റിലയൻസ് യെസ് ബാങ്കിൽ നിന്ന് എടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.റിലയൻസിനെ കൂടാതെ എസെൽ, ഐ.എൽ.എഫ്.എസ്, ഡി.എച്ച്.എഫ്.എ വോഡഫോൺ എന്നീ കമ്പനികളും അന്വേഷണ പരിധിയിലാണ്.