തിരുവനന്തപുരം: കൊറോണപ്പേടി തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളുടെ വരുമാനത്തിൽ ഭീമമായ നഷ്‌ടമുണ്ടാക്കിയെന്ന് ബോർഡ് പ്രസിഡന്റ് എൻ.വാസു. തുടർന്നുള്ള മാസങ്ങളിലെ നടവരവുകളിലൂടെ മാത്രമേ ഈ പ്രതിസന്ധി മറികടക്കാൻ പറ്റൂ. എൻ.വാസു 'ഫ്ളാഷി'നോട്..
സാമ്പത്തിക സ്ഥിതിയെ ബാധിച്ചു
2018ലെ പ്രളയവും അതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങളും ദേവസ്വം ബോർഡിന്റെ വരുമാനത്തെ കാര്യമായി ബാധിച്ചിരുന്നു. പിന്നീട് വന്ന ശബരിമല യുവതീ പ്രവേശന വിഷയവും ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ വരുമാനത്തിന് ഇടിവ് വരുത്തി. എന്നാൽ, ഈ വർഷം കുറേയൊക്കെ സാമ്പത്തിക മെച്ചമുണ്ടായി. അപ്പോഴാണ് കൊറോണ ഭീഷണി വന്നത്. ശബരിമലയിൽ മാസ വരുമാനം കുറഞ്ഞു. ഉത്സവങ്ങളെല്ലാം ചടങ്ങുകളിലും പൂജകളിലും മാത്രമായി ഒതുക്കുകയാണ്. അതുകാരണം ആളുകൾ ക്ഷേത്രത്തിൽ വരാത്ത സ്ഥിതിയാണ്. അത് ക്ഷേത്രവരുമാനത്തിൽ ഇടിവു
ണ്ടാക്കി.
നടവരവ് കൊണ്ട് നികത്തണം
വ്യവസായ മേഖലയെപോലെയല്ല ദേവസ്വം ബോർഡ്. സ്വാഭാവികമായും ഈ നഷ്‌ടം മറികടക്കുക പ്രയാസമാണ്. ക്ഷേത്ര ജീവനക്കാരുടെ ശമ്പളവും പെൻഷനുമെല്ലാം കൊടുക്കുക ബോർഡിനെ സംബന്ധിച്ച് വലിയ ടാസ്‌കായിരിക്കും. സർക്കാർ സഹായം ഞങ്ങൾക്ക് ആവശ്യപ്പെടാം. പക്ഷേ, സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി ദേവസ്വം ബോർഡിനെക്കാൾ മോശമാണ്. തുടർന്നുള്ള മാസങ്ങളിലെ നടവരവ് കൊണ്ട് നഷ്‌ടം നികത്താമെന്നാണ് പ്രതീക്ഷ. നടവരവ് കൂടാതെ വേറെ രക്ഷയില്ല.
ഭക്തർ സഹകരിക്കുന്നു
ഉത്സവങ്ങൾ മാറ്റിവയ്ക്കാനുള്ള നിർദ്ദേശം എല്ലാ ക്ഷേത്രങ്ങളും കൃത്യമായി പാലിക്കുന്നുണ്ട്. ഭക്തരുടെ ഭാഗത്ത് നിന്നും നല്ല സഹകരണമാണുള്ളത്. കൊറോണയുടെ കാര്യത്തിൽ സർക്കാർ സ്വീകരിച്ച പ്രതിരോധ നടപടികൾ ഭക്തർക്ക് നല്ല രീതിയിൽ ബോദ്ധ്യപ്പെട്ടിട്ടുണ്ട്. സർക്കാർ നിർദ്ദേശങ്ങളെല്ലാം പൂർണമായി പാലിക്കണമെന്ന് ക്ഷേത്രങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി എല്ലാ ദിവസവും ബോർഡ് യോഗങ്ങൾ ചേരുന്നുണ്ട്. സാഹചര്യങ്ങൾ ബോർഡ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.