ഭോപ്പാൽ: മദ്ധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിന് താത്കാലിക ആശ്വാസമെന്നോണം ഇന്നലെ രാവിലെ നടക്കാനിരുന്ന വിശ്വാസ വോട്ടെടുപ്പ് നിയമസഭ മറ്റിവച്ചു. കൊറോണ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സഭ പിരിഞ്ഞതോടെയാണ് വോട്ടെടുപ്പ് മാറ്റിയത്. നിയമസഭാസമ്മേളനം 26വരെ പിരിയുന്നതായി സ്പീക്കർ എൻ.ജെ.പ്രജാപതി സഭയെ അറിയിക്കുകയായിരുന്നു. നേരത്തെ ബഡ്ജറ്റ് സമ്മേളനം തുടങ്ങുന്ന ദിവസം തന്നെ സർക്കാർ സഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ ലാൽജി ടണ്ടൻ സർക്കാരിന് കത്ത് നൽകിയിരുന്നു.
സഭ സമ്മേളിക്കുന്ന ദിവസം വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ടെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. ഞായറാഴ്ച രാത്രി പുറത്തുവിട്ട ലിസ്റ്റ് ഒഫ് ബിസിനസിൽ ഗവർണറുടെ നയപ്രഖ്യാപനവും, നന്ദി പ്രമേയവും മാത്രമാണ് ആദ്യ ദിന അജൻഡയിലുണ്ടായിരുന്നത്. ഇന്നലെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം പൂർത്തിയായ ഉടൻ സമ്മേളനം 26ലേക്ക് മാറ്റിവയ്ക്കുന്നതായി സ്പീക്കർ അറിയിക്കുകയായിരുന്നു. സമ്മേളനം മാറ്റിവയ്ക്കണമെന്ന് കോൺഗ്രസ് നേരത്തെ സ്പീക്കറോട് ശുപാർശ ചെയ്തിരുന്നു.
വിമതരെ തിരിച്ചെത്തിക്കുമോ?
നിലവിൽ 10 വിമത എം.എൽ.എമാർ തങ്ങളുമായി ബന്ധം പുലർത്തുന്നുണ്ടെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. ഇവർ സർക്കാരിനൊപ്പം തുടരുമെന്നും കോൺഗ്രസ് പറയുന്നു. സർക്കാർ ഭൂരിപക്ഷം തെളിയിക്കുമെന്ന വിശ്വാസത്തിലാണ് മുഖ്യമന്ത്രി കമൽനാഥ്. നിലവിൽ ബംഗളൂരുവിലുള്ള എം.എൽ.എമാരുമായി ബന്ധപ്പെടാൻ കോൺഗ്രസിന് പരിമിതികളുണ്ട്. വിശ്വാസ വോട്ടെടുപ്പിന് കൂടുതൽ സമയം ലഭിച്ച സാഹചര്യത്തിൽ ഇവരുമായി ചർച്ച നടത്തി പിന്തുണ ഉറപ്പിക്കാനാകും ശ്രമിക്കുക.
ഗവർണറുടെ അന്ത്യശാസനം
വിശ്വാസ വോട്ടെടുപ്പ് നടത്തുന്ന വിഷയത്തിൽ കമൽനാഥിന് അന്ത്യശാസനവുമായി ഗവർണർ ലാൽജി ടണ്ടൻ. ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും അല്ലാത്തപക്ഷം സർക്കാരിന് ഭൂരിപക്ഷമില്ലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ഗവർണർ കമൽനാഥിന് അയച്ച കത്തിൽ പറയുന്നു.
ബി.ജെ.പി സുപ്രീംകോടതിയിൽ
ഹർജി ഇന്ന് പരിഗണിക്കും
നിയമസഭാ സമ്മേളനം 26 വരെ മാറ്റിവച്ചതിനെതിരെ ബി.ജെ.പി സുപ്രീംകോടതിയിൽ ഹർജി നൽകി.
മദ്ധ്യപ്രദേശിലെ മുൻ മുഖ്യമന്ത്രിയും ബി.ജെ.പി എം.എൽ.എയുമായ ശിവരാജ് സിംഗ് ചൗഹാൻ അടക്കം ഒൻപത് എം.എൽ.എമാരാണ് 12 മണിക്കൂറിനുള്ളിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടത്. വിശ്വാസ വോട്ടെടുപ്പ് നടത്താൻ സ്പീക്കറോട് ആവശ്യപ്പെടണം എന്നതാണ് ബി.ജെ.പിയുടെ പ്രധാന ആവശ്യം. ഹർജി ഇന്ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.