തൃശൂർ: സൗദി അറേബ്യയിൽ നിന്ന് നാട്ടിലെത്തിയ ദമ്പതിമാരെ കൊറോണ വൈറസ് ബാധ ആരോപിച്ച് ഫ്ളാറ്റിന് പുറത്തിറങ്ങാൻ അനുവദിച്ചില്ല. ഇവരുടെ പരാതിയെ തുടർന്ന് ഫ്ളാറ്റിലെ താമസക്കാരും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുമായ ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ നഗരത്തിന് സമീപം മുണ്ടുപാലത്തുള്ള ഫ്ളാറ്റിലാണ് സംഭവം. സൗദി അറേബ്യയിലെ ഇലക്ട്രിക്കൽസ് കമ്പനിയിൽ ജോലി ചെയ്യുന്ന വിനോദും ഭാര്യ ഇന്ദിരയും ഞായറാഴ്ചയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്.
വിമാനത്താവളത്തിൽ ഇവർ കൊറോണ വൈദ്യപരിശോധനയ്ക്ക് വിധേയമായതായി പറയുന്നു. എന്നാൽ ഫ്ളാറ്റിലെ താമസക്കാരുമായി ഇതേക്കുറിച്ച് വാക്കുതർക്കമുണ്ടായി. കൊറാേണയുണ്ടെന്ന് ആരോപിച്ച് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ഇന്നലെ രാവിലെ ഇവരെ പുറത്തിറങ്ങാൻ അനുവദിച്ചില്ല. ഭക്ഷണവും വെള്ളവും നിഷേധിച്ച് ഫ്ളാറ്റിന്റെ വാതിലിൽ കൊറോണ എന്ന് സ്റ്റിക്കർ ഒട്ടിച്ചുവെന്നാണ് ദമ്പതികളുടെ പരാതി. അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, സെക്രട്ടറി ഫ്രാൻസിസ്, മെമ്പർമാരായ ആന്റണി, മാത്യു എന്നിവർ അടക്കം ഏഴുപേരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരുടെ മകൻ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ഡോക്ടറാണ്. മകനെ ദമ്പതികൾ ഇക്കാര്യം അറിയിച്ചിരുന്നു. തുടർന്ന് പൊലീസിന് പരാതി നൽകി. തൃശൂർ അസി. കമ്മിഷണർ വി.കെ. രാജുവിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ ടൗൺ ഈസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ പി. പി. ജോയ്, സബ് ഇൻസ്പെക്ടർമാരായ വിനോദ്, ബെനഡിക്ട്, പി.ആർ.ഒ ഷാജു, ജനമൈത്രി ബീറ്റ് പൊലീസ് ഓഫീസർമാരായ അസി. സബ് ഇൻസ്പെക്ടർ വിനയകുമാർ, സീനിയർ സി.പി.ഒ സ്മിത എന്നിവർ സ്ഥലത്തെത്തിയാണ് ഫ്ളാറ്റിൽ നിന്നും ദമ്പതിമാരെ മോചിപ്പിച്ചത്.