ബംഗളൂരു:കഫേ കോഫി ഡേ സ്ഥാപകൻ സിദ്ധാർത്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോഫി ഡേ എന്റർപ്രൈസസിന്റെ ബോർഡ് നടത്തിയ അന്വേഷണത്തിൽ, കമ്പനിയുടെ അക്കൗണ്ടിൽ രണ്ടായിരം കോടി രൂപയുടെ കുറവ് കണ്ടെത്തിയതായി റിപ്പോർട്ടുകൾ.
മാസങ്ങൾ നീണ്ട അന്വേഷണത്തിന് പിന്നാലെയാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. കോഫി ഡേ എന്റർപ്രൈസസും സിദ്ധാർത്ഥയുടെ മറ്റ് സ്ഥാപനങ്ങളുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ അന്വേഷണത്തിന്റെ പരിധിയിൽ വന്നിരുന്നു. സിദ്ധാർത്ഥയുടെ വ്യക്തിപരവും ബിസിനസ് പരവുമായ നൂറുകണക്കിന് ഇടപാടുകളെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്.
സമ്പൂർണ റിപ്പോർട്ട് വരാനിരിക്കെ, ഇപ്പോഴത്തെ പല കണ്ടെത്തലുകളിലും മാറ്റം വന്നേക്കാമെന്ന് വിഷയവുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. റിപ്പോർട്ട് ഈ ആഴ്ച പുറത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.