kr-meera

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക് മീഡിയ മാനിയ എന്ന് പറഞ്ഞ പ്രതിപക്ഷനേതാവിന് എതിരെ പരോക്ഷവിമര്‍ശനവുമായി പ്രശസ്ത എഴുത്തുകാരി കെ ആര്‍ മീര. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഒരു പഴയ കഥ പങ്കുവെച്ചാണ് കെ ആര്‍ മീര ചെന്നിത്തലയെ പരോക്ഷമായി വിമര്‍ശിച്ചത്. സ്ത്രീകളുടെ ധൈര്യം ചോര്‍ത്തുന്ന ചിലരുണ്ടെന്നും, അത്തരക്കാര്‍ വൈറസിനെ പോലെയാണെന്നും കെ ആര്‍ മീര പറയുന്നു.ഇത്തരക്കാര്‍ പ്രതിരോധശേഷി കുറഞ്ഞ സ്ത്രീകളുടെ കഥ കഴിക്കുമെന്നും കെ ആര്‍ മീര തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

കൊറോണ വൈറസ് ബാധ കേരളത്തില്‍ പല സ്ഥലങ്ങളിലും സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ മന്ത്രി നിരന്തരം പത്രസമ്മേളനം നടത്തിയിരുന്നു. ഇതിന് എതിരെ പ്രതിപക്ഷം രംഗത്തുവരികയും ചെയ്‌തു. മന്ത്രിക്ക് മീഡിയമാനിയയാണെന്നായിരുന്നു ചെന്നിത്തലയുടെ പരാമർശം. എന്നാൽ ചെന്നിത്തലയുടെ ആരോപണങ്ങള്‍ തള്ളി ആരോഗ്യ മന്ത്രി തുടര്‍ന്നും പത്രസമ്മേളനം നടത്തണമെന്നാണ് കെ ആര്‍ മീര തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്.

കെ ആര്‍ മീരയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം-

'ആരോഗ്യമന്ത്രിയെ രണ്ടു ദിവസമായി പത്രസമ്മേളനങ്ങളില്‍ കാണാതിരുന്നപ്പോള്‍ മറ്റൊരു ടീച്ചറെ ഓര്‍മ്മ വന്നു.ഇരുപതു കൊല്ലം മുമ്പ് കണ്ടുമുട്ടിയ ഒരു കോളജ് അധ്യാപിക.പത്രപ്രവര്‍ത്തകയായിരിക്കെ, തൊഴില്‍ സ്ഥലത്തു സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളെകുറിച്ചുള്ള വാര്‍ത്താപരമ്പര തയ്യാറാക്കുന്നതിന്‍റെ ഭാഗമായി കണ്ടുമുട്ടിയതാണ് അവരെ.അവര്‍ക്കു പങ്കുവയ്ക്കാനുണ്ടായിരുന്നത് ലൈംഗിക അതിക്രമമായിരുന്നില്ല.അതിനും ഏഴെട്ടു കൊല്ലം മുമ്പ് അവര്‍ ജോലിക്കു ചേര്‍ന്ന കാലത്തെ ഒരു സംഭവമാണ്. സീനിയര്‍ അധ്യാപകര്‍ക്കൊന്നും താല്‍പര്യമില്ലാത്ത ഏതോ ഒരു ചെറിയ പരിപാടിയുടെ ചുമതല അവര്‍ക്ക് കിട്ടി. പക്ഷേ, കലാപരിപാടികള്‍ സഹിതം അവര്‍ അതു വന്‍ വിജയമാക്കി.അതോടെ അടുത്ത വര്‍ഷത്തെ ആര്‍ട്സ് ക്ലബിന്‍റെ ചുമതലകള്‍ ആ അധ്യാപികയെ ഏല്‍പ്പിക്കണമെന്ന അഭിപ്രായമുയര്‍ന്നു.ആര്‍ട്സ് ക്ലബിന്‍റെ സ്ഥിരം ചുമതലക്കാരന്‍ ക്ഷുഭിതനായി.കന്‍റീനില്‍ വച്ച് അയാള്‍ മന:പൂര്‍വ്വം ഒരു വാഗ്വാദത്തിന് അവസരമുണ്ടാക്കി.

അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മുന്നില്‍ വച്ച് ആക്രമിച്ചു :‘‘ ടീച്ചറേ, നിങ്ങള് ആര്‍ട്സ് ക്ലബ് ചുമതല ഏറ്റെടുക്കുന്നതൊക്കെ കൊള്ളാം. മൈക്ക് വല്ലപ്പോഴും ഒന്നു താഴെ വയ്ക്കണം. നിങ്ങളുടെ ശബ്ദം അത്രയ്ക്കു ബോറായിട്ടാ. എന്നുവച്ച് സ്റ്റേജില്‍ അങ്ങോട്ടുമിങ്ങോട്ടും വിലസി ശരീരം പ്രദര്‍ശിപ്പിക്കുന്നതില്‍ കുറവൊന്നും വരുത്തണ്ട. ’’വര്‍ഷങ്ങള്‍ക്കു മുമ്പുള്ള സംഭവമായിട്ടും അതു വിവരിച്ചപ്പോള്‍ അവര്‍ കരഞ്ഞു.അതില്‍പ്പിന്നെ താന്‍ മൈക്ക് കയ്യിലെടുക്കുകയോ സ്റ്റേജില്‍ കയറുകയോ ചെയ്തിട്ടില്ലെന്ന് അവര്‍ പറഞ്ഞു.അവരെ കൊന്നത് ഒരു വൈറസ് ആയിരുന്നു.എഴുപതുകളിലെയും എണ്‍പതുകളിലെയും ക്യാംപസുകളില്‍ പെറ്റുപെരുകിയ ഒരു തരം വൈറസ്.ഈ വൈറസിന്‍റെ വാഹകര്‍ സ്വന്തം പ്രാധാന്യത്തെക്കുറിച്ച് അമിതമായി ഉല്‍ക്കണ്ഠപ്പെടും. തങ്ങളെക്കാള്‍ പ്രിവിലിജ് കുറഞ്ഞവര്‍ക്കു പ്രാമുഖ്യവും പ്രാധാന്യവും ലഭിക്കുന്നതു കണ്ട് ഭ്രാന്തുപിടിക്കും.അരനൂറ്റാണ്ടിനിപ്പുറവും ഈ വൈറസിനു പ്രതിരോധ വാക്സിന്‍ ഉണ്ടായിട്ടില്ല.

കൊറോണ പോലെയാണ് അതും. പ്രതിരോധശേഷി കുറഞ്ഞ സ്ത്രീകളുടെ കഥ അതു കഴിക്കും.എന്നു വച്ച് ഭീതി വേണ്ട, ആത്മവിശ്വാസം മാത്രം മതി.

അതുകൊണ്ട്, പ്രിയപ്പെട്ട ആരോഗ്യമന്ത്രീ, കൃത്യമായും വ്യക്തമായും സമഗ്രമായും കാര്യങ്ങള്‍ വിശദീകരിക്കുന്ന താങ്കളുടെ പത്രസമ്മേളനങ്ങള്‍ മുടങ്ങാതെ നാലു നേരവും ഉറപ്പാക്കുക.മറ്റേ വൈറസിന് അതേയുള്ളൂ മരുന്ന്.കാരണം, താങ്കളെ പ്രത്യാശയോടെയും ആദരവോടെയും നിരീക്ഷിക്കുന്ന യുവതലമുറ ഇവിടെയുണ്ട്.അവര്‍ക്കു വേണ്ടി ഒരു ചെയിന്‍ കൂടി ദയവായി ബ്രേക്ക് ചെയ്യുക.–സ്ത്രീവിരുദ്ധതയുടെ ചെയിന്‍'.