മാനവ സമൂഹത്തിന് ഒരിക്കൽക്കൂടി ഒട്ടനവധി ആശങ്കകളും ഭയപ്പാടുകളും നൽകിക്കൊണ്ട് മറ്റൊരു മഹാമാരിക്കു കൂടി ഇപ്പോൾ ലോകം വിധേയമാകുന്ന ഒരു അസാധാരണ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. കൊറോണ വൈറസ് വ്യാപിച്ചിരുന്നത് ഏതെങ്കിലും ഒരു രാജ്യത്തെ ഒരു വിഭാഗം ജനങ്ങളെ മാത്രമല്ല നിരവധി രാജ്യങ്ങളിലേക്ക് വളരെ വേഗത്തിൽ വൈറസ് ബാധ ഉണ്ടാകുന്നതുകൊണ്ട് തന്നെ ലോകം ആകെ ഭീതിയുടെ നിഴലിൽ നിൽക്കുന്നു എന്നുള്ളത് ഏറെ ആശങ്കയ്ക്ക് ഇടയാക്കുന്നു.
ഒട്ടും വ്യത്യസ്തമല്ലാത്ത സ്ഥിതിവിശേഷം തന്നെയാണ് ഇന്ത്യയിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിനകം തന്നെ കോവിഡ്-19 രോഗബാധമൂലം മൂന്ന് പേർ മരിക്കുകയും ആയിരക്കണക്കിന് പേർ നിരീക്ഷണത്തിലും നൂറ് കണക്കിന് ആൾക്കാർ ചികിത്സയിലുമായി കഴിഞ്ഞു വരുന്നു. അശ്രദ്ധകൾ മൂലമോ അറിവില്ലായ്മ കൊണ്ടോ സംഭവിക്കുന്ന ഈ പകർച്ചവ്യാധി രാജ്യത്തിന്റെ നട്ടെല്ല് തന്നെ തകർക്കുന്ന തരത്തിലേക്ക് പരിണമിക്കാവുന്നതാണ്. ആഗോള വ്യാപാരസൂചികയിലും രാജ്യത്തിന്റെ വ്യാപാര സൂചികയിലുമെല്ലാം തന്നെ ഗുണകരമല്ലാത്ത വ്യതിയാനങ്ങളാണ് ഇതുമൂലം സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെ തരണം ചെയ്തേ പറ്റൂ. അതിന് രാജ്യമാകെ കേരളത്തെ മാതൃകയാക്കുന്നു എന്നത് മലയാളികളായ നമ്മെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനം നൽകുന്നതാണ്. ലോകത്തിന്റെ വിവിധ കോണുകളിൽ കൊറോണ വൈറസ് സാന്നിദ്ധ്യം അറിഞ്ഞപ്പോൾ തന്നെ അതിന്റെ വ്യാപന സാദ്ധ്യതയും നമ്മുടെ സംസ്ഥാനത്തേക്ക് അത് കടന്നു വരാനുള്ള റൂട്ട് മാപ്പ് പോലും മനസിലാക്കാനും അതനുസരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അത് നടപ്പിൽ വരുത്തുന്നതിനുമുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കിയതിലും കേരളം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്ക് തന്നെ മാതൃകയാവുകയായിരുന്നു. ശാസ്ത്രീയമായ രീതിയിൽത്തന്നെ കൊറോണ വൈറസ് ബാധ തടയുന്നതിന് പഴുതടച്ചുള്ള നടപടികളാണ് ആരോഗ്യ മന്ത്രി ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.
ഒരു പകർച്ചവ്യാധി തടയാൻ പ്രാഥമികമായി ജനങ്ങൾ അതിനോട് ചേർന്നുനിന്ന് സ്വയം സംരക്ഷണവും അതിലൂടെ സമൂഹസുരക്ഷയും ഒരുക്കണം. ഇവിടെ ശൈലജ ടീച്ചറുടെ വാക്കുകൾ തന്നെ പറയുന്നു ''ഇത്തരം ഒരു മഹാമാരി ഉണ്ടാകുമ്പോൾ ആവനാഴിയിലെ എല്ലാ ശക്തിയുമെടുത്ത് പ്രയോഗിച്ചാലും ചില പഴുതുകൾ ഉണ്ടായെന്ന് വരും.''അത് അന്വേഷിച്ച് കണ്ടെത്തി ആക്രമിക്കേണ്ട നേരം ഇതല്ലെന്ന് ഞങ്ങളും പ്രതിപക്ഷത്തെ ഓർമ്മിപ്പിക്കുന്നു. ഇപ്പോൾ നമുക്ക് ആവശ്യം ഈ അസാധാരണ സാഹചര്യത്തെ നിയന്ത്രണ വിധേയമാക്കുക എന്നുള്ളത് തന്നെയാണ്. ജനങ്ങളെ ഭീതിപ്പെടുത്താതെ തന്നെ കാര്യത്തിന്റെ ഗൗരവം മനസിലാക്കി ഓരോ വ്യക്തിയും പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ ബോദ്ധ്യപ്പെടുത്തി പൊതുസമൂഹത്തെ സജ്ജരാക്കുക എന്നുള്ളതാണ് അതീവപ്രാധാന്യം. അതിന് ഭരണപക്ഷമെന്നും, പ്രതിപക്ഷമെന്നും ഒരു വേർതിരിവും ഉണ്ടാവാൻ പാടില്ല. തിരഞ്ഞെടുക്കപ്പെട്ടവർ എല്ലാവരും തന്നെ എല്ലാവരുടേയും മന്ത്രിമാരും ജനപ്രതിനിധികളുമാണ്. ഈ വിപത്തിന് മുന്നിൽ ഭരണപക്ഷവും പ്രതിപക്ഷവുമില്ല. മറിച്ച് സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ജനസേവകൻ മാത്രമാകണം ജനപ്രതിനിധികൾ. കുറ്റം കണ്ടെത്താനും, തെറ്റുണ്ടെങ്കിൽ തിരുത്താനും ഇനിയുമില്ലേ അവസരങ്ങൾ. ചുവരുണ്ടെങ്കിലല്ലേ ചിത്രമെഴുതാൻ കഴിയൂ. അതാരും മറക്കരുത്. വില കുറഞ്ഞ രാഷ്ട്രീയം കളിക്കുന്നതിനുള്ള സമയമല്ലിത്. അങ്ങനെ ചെയ്താൽ തിരച്ചടി ശക്തമാകും.
ആയിരക്കണക്കിന് ഡോക്ടർമാരും നഴ്സുമാരും, പാരാമെഡിക്കൽ ജീവനക്കാരും, ആരോഗ്യ പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരുമൊക്കെ പ്രായഭേദമെന്യേ രാപകലില്ലാതെ അവരവരുടെ കർമ്മകാണ്ഡങ്ങളിൽ അതീവ ജാഗ്രതയോടെ പ്രവർത്തിക്കുന്നു. ഇറ്റലിയിൽ നിന്ന് വന്നൊരു കുടുംബം അറിഞ്ഞോ, അറിയാതെയൊ സഞ്ചരിച്ച വഴികളിലൂടെ പ്രതിരോധ പ്രവർത്തനത്തിന്റെ എല്ലാ സന്നാഹങ്ങളോടും കൂടി നമ്മുടെ കർമ്മസേന നടന്നു കയറുന്നതു കാണുമ്പോൾ അഭിമാനം ഉണ്ടാവണം ഓരോ മലയാളിയുടെയും മനസിൽ. ഇതിലൂടെ നാം ഓരോരുത്തരും അറിയണം നമ്മുടെ ചെറിയ ഒരു അശ്രദ്ധ അത് നമ്മുടെ നാടിനുണ്ടാക്കിയ ക്ഷതം ചെറുതല്ല. അതുകൊണ്ടു തന്നെ സർക്കാരിന്റെ എല്ലാ നിർദ്ദേശങ്ങളും നടപ്പാക്കാൻ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. അതോടൊപ്പം സാമൂഹ്യ മാദ്ധ്യമങ്ങളുടെ അച്ചടക്കമില്ലാത്ത ഇടപെടൽ അനാവശ്യമായ വാർത്തകൾക്കും തെറ്റിദ്ധാരണകൾക്കും വഴിവയ്ക്കും. ഇക്കാര്യത്തിൽ നാം ഓരോരുത്തരും സ്വയം നിയന്ത്രണം ഏർപ്പെടുത്തുകയും വേണം.
നിരവധിയായിട്ടുള്ള പ്രതിസന്ധികളെ നാം ഒറ്റക്കെട്ടായി നേരിട്ടിട്ടുണ്ട്. പ്രളയം ഉണ്ടായപ്പോഴും, ഓഖി ദുരന്തത്തിലും നിപ്പാ പടർന്നു പിടിച്ചപ്പോഴും നാം ഒന്നായി നിന്ന് പ്രവർത്തിച്ച് അതിനെയെല്ലാം അതിജീവിക്കാൻ കഴിഞ്ഞു. ഈ സാഹചര്യത്തിലും അങ്ങനെ തന്നെയായിരിക്കും. നമ്മുടെ ആരോഗ്യമന്ത്രിയുടെ അനിതരസാധാരണമായ പ്രാഗത്ഭ്യത്തോടെയുള്ള പ്രവർത്തനത്തെ അങ്ങേയറ്റം ആത്മാർത്ഥയോടെ അഭിനന്ദിക്കുന്നു. ഒപ്പം നമുക്ക് ഒന്നായി നിന്ന് ഉത്തരവാദിത്വമുള്ള ഓരോ പൗരൻമാരായി സർക്കാരിന് ഒപ്പം കൂടാം. സർക്കാർ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കുക. ജനങ്ങൾ ഒപ്പം ഉണ്ടാകും.