rajith-kumar

ഈ കൊറോണ കാലത്തുപോലും ബിഗ് ബോസും അതിലെ മത്സരാർത്ഥിയായിരുന്ന രജിത് കുമാറും അദ്ദേഹത്തിന്റെ 'ആർമി'യുമാണ് സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ചർച്ചാ വിഷയങ്ങൾ. രേഷ്മയുടെ കണ്ണിൽ രജിത് കുമാർ മുളക് തേച്ചത് 'ബാലചാപല്യമാണോ' അതൊരു ഗുരുതര കുറ്റമാണോ എന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും പൊടിപൊടിക്കുകയാണ്. തമാശ രൂപേണ രേഷ്‌മയുടെ കണ്ണിൽ മുളക് തേച്ച 'ചെറിയ കുറ്റത്തിന്' രജിത്തിനെ പരിപാടിയിൽ നിന്നും പുറത്താക്കിയത് ഒട്ടും ശരിയായില്ലെന്നും 'ബിഗ് ബോസി'ന്റെ അവതാരകൻ മോഹൻലാൽ ഇക്കാര്യത്തിൽ കടുത്ത അനീതി കാട്ടിയെന്നുമാണ് 'രജിത് ആർമി'യുടെ പ്രധാന ആരോപണങ്ങൾ.

എന്നാൽ ഇതിനോട് സമാന്തരമായി തന്നെ രജിത് ആർമിയുടെ രൂപീകരണത്തിന്റെ രാഷ്ട്രീയ പരിസരവും മലയാളിയുടെ താരാരാധനാ ശീലങ്ങൾ മാറിവരുന്നതിനെ പറ്റി മറ്റൊരു ഭാഗത്തും ചർച്ചകൾ പുരോഗമിക്കുകയാണ്. തികച്ചും സ്ത്രീവിരുദ്ധമായ ആശയങ്ങൾ കൊണ്ടും പരാമർശങ്ങൾ കൊണ്ടും സ്യൂഡോ സയൻസിന്റെ(കൂടശാസ്ത്രം) പ്രചാരണം കൊണ്ടും പ്രസിദ്ധി ആർജിച്ച രജിത് കുമാർ ചുരുങ്ങിയ കാലയളവ് കൊണ്ട് സാധാരണ മലയാളിയുടെ സൂപ്പർ ഹീറോ ആയി മാറിയ സ്ഥിതിവിശേഷം എങ്ങനെയുണ്ടായി എന്നാണ് ഇത്തരം ചർച്ചകൾ അന്വേഷിക്കുന്നത്. ഈ ചർച്ചകളിലൂടെ ഏതാനും ഉത്തരങ്ങളും ഉരുത്തിരിയുന്നുണ്ട്.

രാഷ്ട്രീയപരമായും വിദ്യാഭ്യാസപരമായും പ്രബുദ്ധരെന്ന് അഭിമാനിക്കുന്ന മലയാളിയാണ് അങ്ങേയറ്റം ജാഗ്രത പുലർത്തേണ്ട ഒരു സമയത്ത്, എല്ലാ നിയന്ത്രണങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് തങ്ങളുടെ ബിഗ് ബോസ് 'വിന്നർ'ക്ക് വൻ വരവേൽപ്പ് നൽകിയത്. എറണാകുളം കളക്ടറായ എസ്. സുഹാസ് മലയാളിയുടെ ഈ സ്വഭാവത്തെ തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇങ്ങനെ വിലയിരുത്തുന്നു. 'മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കൽപ്പിക്കുന്ന സ്വഭാവം മലയാളിക്കില്ല, ഇങ്ങനെ ചില ആളുകൾ നടത്തുന്ന കാര്യങ്ങൾ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുൻപിൽ അവമതിപ്പുണ്ടാക്കാൻ കാരണമാകും.'

സത്യാനന്തര(പോസ്റ്റ് ട്രൂത്ത്) കാലഘട്ടത്തിലാണ് നാമെല്ലാം ജീവിക്കുന്നത്. ലോകത്തെ പല രാജ്യങ്ങളിലുമായി വലതുപക്ഷശക്തികൾ ശക്തികൾ അധികാരത്തിൽ വന്നതോടെയാണ് പ്രവണത നമ്മൾ കണ്ടുതുടങ്ങുന്നതും. ഇത്തരം നേതാക്കളുടെ പ്രസ്താവനകളിലൂടെയും പ്രവർത്തികളിലൂടെയും സ്യൂഡോ സയൻസും പാരമ്പര്യ വാദങ്ങളും യാഥാസ്ഥിതികത്വവും അങ്ങേയറ്റം സാധാരണമാകാൻ തുടങ്ങുകയായിരുന്നു.

നമ്മുടെ നാട്ടിലും ഇത്തരം അസത്യ പ്രചരണങ്ങൾ നാമിപ്പോൾ നിരന്തരം കണ്ടുതുടങ്ങിയിട്ടുണ്ട്. കോവിഡ് 19 രോഗാണു 27 ഡിഗ്രി സെൽഷ്യസിലും, 30 ഡിഗ്രി സെൽഷ്യസിലും നശിക്കുന്നതാണ് എന്ന രീതിയിലെ അബദ്ധ പ്രചാരണങ്ങളും ഗോമൂത്രം കുടിച്ചാൽ കൊറോണ രോഗം ബാധിക്കില്ല എന്ന തരത്തിലുള്ള പ്രസ്താവനകളും ഈ മനോഭാവത്തിന്റെ പ്രതിഫലങ്ങളാണ്. ഇതേ യാഥാസ്ഥിതികത്വത്തിന്റെയും പാരമ്പര്യ വാദങ്ങളുടെയും വക്താവാണ് ഡോക്ടർ രജിത് കുമാർ. ഇതിന്റെയൊക്കെ ഒപ്പം മറ്റൊരു അപകടകരമായ സംഗതി കൂടി അദ്ദേഹം വിദഗ്ദ്ധമായി തന്റെ വാദങ്ങളിൽ ഉൾപ്പെടുത്തി.

അങ്ങേയറ്റം പിന്തിരിപ്പനും യാതൊരു അടിസ്ഥാനവുമില്ലാത്തതുമായ സ്ത്രീവിരുദ്ധതയായിരുന്നു അത്. സ്ത്രീകളുടെ വസ്ത്രധാരണം കാരണമാണ് പീഡനങ്ങൾ ഉണ്ടാകുന്നതെന്നും പെൺകുട്ടികൾ ആൺവേഷം ധരിച്ചാൽ ജനിക്കുന്ന കുഞ്ഞ് ട്രാൻസ്‌ജെൻഡറാകുമെന്നും അവർ ജീൻസ് ധരിച്ചാൽ ഗർഭപാത്രം തിരിഞ്ഞുപോകുമെന്നുമുള്ള അദ്ദേഹത്തിന്റെ ചില അബദ്ധ പ്രസ്താവനകൾ ഇതിനുള്ള ചെറിയ ഉദാഹരണങ്ങൾ മാത്രം.

അതിലൂടെ മലയാള സമൂഹത്തിൽ പൊതുവെ കണ്ടുവരുന്ന പിതൃമേധാവിത്ത മനസ്ഥിതിയെ അദ്ദേഹം അറിഞ്ഞോ അറിയാതെയോ ഊട്ടിയുറപ്പിക്കുക കൂടിയായിരുന്നു. ബിഗ് ബോസ് എന്ന ജനപ്രിയ പരിപാടിയുടെ ഭാഗമായപ്പോഴും അദ്ദേഹത്തിന്റെ ഈ മനോഭാവത്തിന് കാര്യമായ മാറ്റമൊന്നും വന്നതുമില്ല. പലപ്പോഴും അദ്ദേഹം ഈ നിലപാടുകൾ രജിത് വീണ്ടും ആവർത്തിക്കുകയും ചെയ്തു. താരതമ്യേന പുരോഗമനപരമായ മനസ്ഥിതികൾ വച്ചുപുലർത്തുന്ന മറ്റ് മത്സരാർത്ഥികളെ രജിത് പലപ്പോഴും എതിർക്കുകയും കൂടി ചെയ്തതോടെ ഒരു റിബൽ പരിവേഷത്തിലേക്ക് അദ്ദേഹം ഉയർന്നു.

മറ്റുള്ളവർ തന്നെ ഒറ്റപ്പെടുത്തുന്നു എന്നും തന്നെ ഒഴിവാക്കുന്നു എന്ന മട്ടിലുള്ള അദ്ദേഹത്തിന്റെ ചില പരാമർശങ്ങൾ ഈ റിബൽ, ഒറ്റയാൻ പരിവേഷത്തിന് പ്രേക്ഷകർക്കിടയിൽ കൂടുതൽ പ്രചാരം ലഭിക്കാൻ കാരണമാകുകയും ചെയ്തു. തങ്ങളുടെ സ്ത്രീവിരുദ്ധമായ, പിതൃമേധാവിത്ത ചിന്താഗതിയിൽ അധിഷ്ഠിതമായ പൊതുബോധത്തോട് അടുത്തു നിൽക്കുന്ന ആശയങ്ങൾ ഉള്ള, അതിന്റെ വക്താവായി വർത്തിക്കുന്ന ഒരാളെ അവർ കണ്ടെത്തുകയായിരുന്നു. അതോടെ ഡോക്ടർ രജിത് കുമാർ അവർക്ക് 'ഒരേയൊരു രാജാവാ'യി മാറുകയും ചെയ്തു.