corona

കൊല്ലം: പൊലീസിന്റെ വാഹന പരിശോധനയിൽ നിന്നും രക്ഷപ്പെടുന്നതിനായി കൊറോണ രോഗത്തെ മറയാക്കിയ ആളെ പൊലീസ് തന്ത്രപരമായി പിടികൂടി. കൊല്ലം ചിന്നക്കടയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് തനിക്ക് കൊറോണയാണെന്നു പറഞ്ഞു ബൈക്കു യാത്രക്കാരൻ രക്ഷപ്പെടാൻ ശ്രമിച്ചത്.

പൊലീസ് കൈ കാണിച്ചപ്പോൾ ആംഗ്യം കാട്ടി കടന്നു കളഞ്ഞ മുണ്ടയ്ക്കൽ സ്വദേശിയുടെ മൊബൈൽ ഫോണിലേക്ക് അധികം താമസിയാതെ തന്നെ ട്രാഫിക് എ.എസ്.ഐ പ്രദീപിന്റെ വിളിയെത്തി. പനിയാണെന്നും ഡോക്ടർ 14 ദിവസം വിശ്രമം നിർദേശിച്ചിരിക്കുകയാണെന്നും വാഹന ഉടമ പറഞ്ഞു. തുടർന്ന് ‘കൊറോണ കാലമൊക്കെയല്ലേ’ എന്നും ഇയാൾ പൊലീസ് ഉദ്യോഗസ്ഥനോട് ചോദിച്ചു.

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും കൂട്ടി വീട്ടിലേക്കു വരുകയാണെന്നു പൊലീസ് പറഞ്ഞപ്പോൾ താൻ പൊലീസ് സ്റ്റേഷനിലേക്ക് വരാമെന്നും ഇയാൾ പറഞ്ഞു. അധികം വൈകിക്കാതെ തന്നെ ഇയാൾ ട്രാഫിക് പൊലീസ് സ്റ്റേഷനിൽ എത്തുകയും ചെയ്തു. തുടർന്ന് അടുത്തകാലത്തൊന്നും പനി വന്നിട്ടില്ലെന്നും വാഹനത്തിന് ഇൻഷുറൻസ് ഇല്ലെന്നും ഒടുവിൽ ഇയാൾ പൊലീസിനോട് സമ്മതിക്കുകയായിരുന്നു. ഇയാളുടെ കേസ് ഈസ്റ്റ് പൊലീസിനു കൈമാറിയിട്ടുണ്ട്.