1. കൊറോണ വൈറസ്
കൊറോണ വൈറസ് ബാധ കാരണമുള്ള രോഗത്തെയാണ് കൊവിഡ് 19 അഥവാ കൊറാണ വൈറസ് ഡിസീസ് 2019 എന്നു വിളിക്കുന്നത്.
പ്രതിരോധിക്കാം
കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുന്നതിലൂടെ കൊറോണ വൈറസിനെ തടയാം. രോഗാണുബാധയുള്ള പ്രതലത്തിലോ വസ്തുക്കളിലോ സ്പർശിച്ച ശേഷം മുഖത്ത് തൊടാതിരിക്കുക. കണ്ണുകൾ, മൂക്ക്, വായ എന്നിവയിലൂടെ രോഗാണു ശരീരത്തിൽ പ്രവേശിക്കാം. ആളുകൾ കൂടുന്ന സ്ഥലങ്ങൾ ഒഴിവാക്കുക. മറ്റുള്ളവരുമായി എതിരെ നിന്ന് സംസാരിക്കേണ്ടി വരുമ്പോൾ അകലം പാലിക്കുക.
2. രോഗസംഭരണി
വൈറസ് ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ ശ്വാസനാളിയിലാണ് സാധാരണയായി തമ്പടിക്കുക. പക്ഷെ, ശരീരത്തിനു പുറത്ത് ഇവയ്ക്ക് മൂന്നു മണിക്കൂർ മുതൽ മൂന്നു ദിവസം വരെ ജീവനോടെ കഴിയാം. വൈറസ് ബാധയുള്ളയാളിൽ പ്രകടലക്ഷണങ്ങ( ഇല്ലെങ്കിലും ആയാളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവരിലേക്ക് രോഗാണു പകരാം.
പ്രതിരോധിക്കാം
രോഗാണു ആരുടെ ശരീരത്തിലും കണ്ടേക്കാം എന്ന ധാരണയോടെ തന്നെ ഇടപെടുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുക. വൈറസ് കൂടുതൽ പേരിലേക്കു സംക്രമിക്കുന്നത് തടയാൻ ആവശ്യമായ മാർഗങ്ങൾ സ്വീകരിക്കുക.
3. പുറത്തേക്കുള്ള വഴി
വൈറസ് ബാധയുള്ളയാൾ തുമ്മുകയോ ചുമയ്ക്കുകയോ മൂക്കു ചീറ്റുകയോ ചെയ്യുമ്പോൾ തെറിക്കുന്ന സ്രവങ്ങൾ വഴിയാണ് രോഗാണുക്കൾ പുറത്തു കടക്കുക. ഇയാൾ വൃത്തിഹീനമായ കൈകൾകൊണ്ട് സ്പർശിക്കുന്ന പ്രതലങ്ങളിലും രോഗാണുവിന്റെ സാന്നിദ്ധ്യം കണ്ടേക്കാം.
പ്രതിരോധിക്കാം
ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ തൂവാലയോ ടിഷ്യു പേപ്പറോ കൊണ്ട് പൊതിഞ്ഞുപിടിക്കുക. ഇതിനായി കൈത്തലം ഉപയോഗിക്കുന്നതിനു പകരം കൈത്തണ്ട ഉപയോഗിക്കുക. വാതിൽപ്പിടികൾ, കറൻസി നോട്ട്, ഹാൻഡ് റെയിലുകൾ, ക്രെഡിറ്റ് കാർഡുകൾ, കംപ്യൂട്ടർ കീബോർഡ് തുടങ്ങി ഏതു പ്രതലം വഴിയും രോഗാണു പകരാമെന്ന് മറക്കരുത്. പുറത്തു പോയ ശേഷം വീട്ടിൽ തിരികെയെത്തിയാലുടൻ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക. പനിയോ മറ്റു ലക്ഷണങ്ങളോ ഉണ്ടെങ്കിൽ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലർത്താതിരിക്കുക.
4. സംക്രമണം
നേരിട്ടോ അല്ലാത്തതോ ആയ മാർഗങ്ങളിലൂടെ വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്കു പകരാം.
പ്രതിരോധിക്കാം
ഹസ്തദാനവും ആലിംഗനവും ഒഴിവാക്കുക. മറ്റുള്ളവർ തുമ്മുകയോ ചീറ്റുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ തെറിക്കുന്ന സ്രവങ്ങൾ ശ്വസിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുക. മറ്റുള്ളവരുടെ സംസാരത്തിനിടെ തെറിക്കുന്ന ഉമിനീരിന്റെ തീരെച്ചെറിയ തുള്ളികളിലൂടെ പോലും രോഗം പകരാം.
5. പ്രവേശനം
ശ്വസനത്തിലൂടെയാണ് രോഗാണു പ്രധാനമായും ശരീരത്തിലേക്ക് പ്രവേശിക്കുക. കണ്ണുകൾ, മൂക്ക്, വായ് എന്നീ അവയവങ്ങളിലൂടെ വൈറസ് ശരീരത്തിലെത്താം.
പ്രതിരോധിക്കാം
രോഗാണു ആരിൽ നിന്നും നിങ്ങളുടെ ശരീരത്തിൽ പ്രവേശിക്കാമെന്ന് മനസ്സിലാക്കുക. സുരക്ഷിതമെന്നു കരുതി ഒരാളുമായും വളരെ അടുത്ത സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക. കൈകൾ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കാതെ മുഖാവയവങ്ങളിൽ തൊടാതിരിക്കുക.
6. അടുത്ത ഇര?
ഒരാളുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനമാണ് വൈറസിനെ പ്രതിരോധിക്കാവുന്ന അവസാനത്തെ മതിൽ. ശൈശവത്തിലും വാർദ്ധക്യത്തിലും പ്രതിരോധശേഷി കുറഞ്ഞിരിക്കും. കൊറോണ ബാധിച്ച് ലോകത്ത് മരണമടഞ്ഞവരെല്ലാം അറുപതു പിന്നിട്ടവരാണെന്ന് ഓർക്കുക.
പ്രതിരോധിക്കാം
ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുക. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും ധാരാളം ശുദ്ധജലം കുടിക്കുകയും ചെയ്യുക. നന്നായി ഉറങ്ങുകയും മാനസിക സംഘർഷം ഒഴിവാക്കുകയും ചെയ്യുക. രോഗിയെ പരിചരിക്കേണ്ടി വരുന്നെങ്കിൽ ശാസ്ത്രീയമായ മുൻകരുതലുകൾ സ്വീകരിക്കുക. ഫേസ് മാസ്‌ക് ധരിക്കുക.