man

കൊല്ലം: ആരോഗ്യമന്ത്രി കെകെ ഷൈലജയ്ക്കെതിരെക്കെതിരെ മോശം രീതിയിലുള്ള പരാമർശം നടത്തിയ കെ.എസ്‌.യു മണ്ഡലം പ്രസിഡന്റ് പൊലീസ് പിടിയിൽ. കൊല്ലം അഞ്ചൽ ഇടമുളക്കൽ പാലമുക്ക് ശിവശക്തിയിൽ ഹരികൃഷ്ണയെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് പിടികൂടിയ പ്രതി കെ.എസ്‌.യു വിന്റെ പുനലൂർ മണ്ഡലം പ്രസിഡന്റാണ്.

തന്റെ അക്കൗണ്ടിൽ നിന്നും ഒരു പോസ്റ്റിൽ കമന്റ് ആയാണ് ഇയാൾ മന്ത്രിക്കെതിരെ സഭ്യേതര പരാമർശം പോസ്റ്റ് ചെയ്തത്. എസ്.ഡി ഹരികൃഷ്ണ വിക്ടറി എന്നാണു ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ പേര്. ഒടുവിൽജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ 509 ഐ.പി.സി, 120(ഒ) കെ.പി.ആക്ട് പ്രകാരം കേസെടുത്ത് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

അഞ്ചൽ ഐ.എസ്.എച്ച്.ഒ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മറ്റൊരു കോൺഗ്രസ് പ്രവർത്തകനെയും ഇതേ കുറ്റത്തിന് കേരള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആരോഗ്യമന്ത്രിക്കെതിരെ ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയ കോഴിക്കോട് മണ്ണാർമല ഈസ്റ്റ് സ്വദേശി കൈപ്പള്ളി അൻഷാദിനെയാണ് മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്.