facemask

കൊറോണ രോഗത്തിനെതിരെ നിരവധി പ്രതിരോധ മാർഗങ്ങളാണ്ണ് നമ്മൾ സ്വീകരിക്കുന്നത്. ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക, നിരന്തരം കൈ സോപ്പുപയോഗിച്ച് കഴുകുക, എന്നീ വിവിധ മാർഗങ്ങൾ നമ്മൾ രോഗപ്രതിരോധത്തിനായി പിന്തുടരുന്നു. കൊറോണയെ തടയാൻ ഇക്കാര്യങ്ങൾ ശീലമാക്കുന്നത് എന്തുകൊണ്ടും നല്ലതുമാണ്. എന്നാൽ മീശയും താടിയും വളർത്തിയത് കൊണ്ട് രോഗം പടരാനുള്ള സാദ്ധ്യത കൂടുമോ?

മുഖരോമം വളർത്തുന്നവർക്ക് അതിനുള്ള സാദ്ധ്യത കൂടുതലാണെന്ന് അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ(സി.ഡി.സി) എന്ന ആരോഗ്യ സ്ഥാപനം പറഞ്ഞുവെന്ന തരത്തിലുള്ള വാർത്തകൾ അടുത്തിടെയാണ് പുറത്തുവന്നത്. എല്ലാ താടികളും മീശകളും രോഗ സാദ്ധ്യത കൂട്ടില്ല എന്നും സി.ഡി.സി പറഞ്ഞതായി വാർത്തയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു സചിത്ര ചാർട്ടിന്റെ ചിത്രങ്ങളും പ്രചരിച്ചിരുന്നു.

എന്നാൽ ഈ വാർത്തയിൽ സത്യമില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. വീടിന് പുറത്ത് ഫേസ് മാസ്കുകൾ ഉപയോഗിക്കുന്നത് കൊണ്ട് സത്യത്തിൽ കാര്യമായ ഉപകാരമൊന്നുമില്ലെന്നാണ് സി.ഡി.സി പറയുന്നത്. കാരണം രോഗം വായു വഴി പകരുന്നതല്ല എന്നതുകൊണ്ടുതന്നെ. രോഗബാധയുള്ളൊരാൾ നിങ്ങളുടെ അടുത്തുനിന്നുകൊണ്ട് ചുമക്കുകയോ ഉമിനീരോ ശരീര സ്രവങ്ങളോ പുറത്തുവരുന്ന തരത്തിൽ പെരുമാറുകയോ ചെയ്യുകയാണെങ്കിലാണ് സൂക്ഷിക്കേണ്ടത്.

ഫേസ് മാസ്ക്ക് ഉപയോഗിക്കുകയാണെകിൽ തന്നെ മുഖത്തിന് ചേരുന്ന തരത്തിലുള്ള മാസ്‌കുകളാണ് തിരഞ്ഞെടുക്കേണ്ടത് എന്നാണ് സി.ഡി.സി നിഷ്കർഷിക്കുന്നത്. ചില പ്രത്യേക രീതികളിൽ വളർത്തിയതും നീട്ടിവളർത്തിയതുമായ താടിയും മീശയും ഇതിന് തടസ്സമാകുമെന്നും സി.ഡി.സി പറയുന്നു. അതിനു വേണ്ടിയാണ് ചാർട്ട് തയ്യാറാക്കിയത്. ഏതായാലും രോഗം തടയാനുള്ള ഏറ്റവും മികച്ച മാർഗങ്ങൾ കൈ കഴുകുക എന്നതും ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക എന്നതുമാണെന്ന് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.