ചാത്തന്നൂർ: നെടുങ്ങോലം വടക്കേ മുക്കിന് സമീപം കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രവർത്തനം മരവിപ്പിച്ച റിസോർട്ടിന് സമീപത്തെ വീട്ടിലെ എട്ട് വയസുകാരി മരിച്ചു. നെടുങ്ങോലം ഷിജു നിവാസിൽ ഷിബു - രമ്യ ദമ്പതികളുടെ മകൾ ആരാധ്യയാണ് (8) മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്താലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടെന്ന് ചിറക്കര പ്രാഥമികാരോഗ്യ കേന്ദ്രം എച്ച്.ഐ പറഞ്ഞു. പനിയെ തുടർന്ന് രണ്ട് ദിവസം മുമ്പ് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റിയിരുന്നു.
നെടുംങ്ങോലത്തെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. ചിറക്കര ഗ്രാമപഞ്ചായത്ത് അധികൃതരും ആരോഗ്യ , റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഹൃദയമിടിപ്പിൽ വ്യതിയാനം ഉണ്ടായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നിന്ന് ശ്രീചിത്രയിലേക്ക് മാറ്റാൻ ഇരിക്കവെ ഇന്നലെ രാവിലെ 6.30ഓടെയാണ് പെൺകുട്ടി മരിച്ചത്.