തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്‍ ആറ്റുകാൽ പൊങ്കാലയ്ക്കു വന്നുവെന്ന പ്രചരണം തെറ്റാണെന്ന് പൊലീസ്. പൊങ്കാലക്കെത്തിയ വിദേശി മറ്റൊരാളാണെന്ന് പൊലീസ് കണ്ടെത്തി.
കൊറോണ ബാധിതനായ ഇറ്റലിക്കാരൻ ആറ്റുകാൽ പൊങ്കാല ദിവസം തിരുവനന്തപുരം നഗരത്തിലുമെത്തി എന്ന പ്രചാരണം ശക്തമായിരുന്നു..പൊങ്കാല ദിവസം നഗരത്തിലൂടെ ഒരു വിദേശി സ്കൂട്ടറിൽ സഞ്ചരിക്കുന്ന ഫോട്ടോയാണ് പ്രചാരണത്തിന് ആക്കം കൂട്ടിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജനുവരി മാസത്തിൽ ഇന്ത്യയിലെത്തിയ മറ്റൊരു ഇറ്റാലിയൻ പൗരനാണ് ഇയാളെന്ന് തിരിച്ചറിഞ്ഞത്.
ക്ളോഡിയോ കൊളാഞ്ചലോ എന്ന ഈ ഇറ്റാലിയൻ സ്വദേശി ജനുവരി 5നാണ് തിരുവനന്തപുരത്തെത്തിയത്. നാലാഞ്ചിറയ്ക്ക് സമീപം ഒരു ഹോം സ്റ്റേയിലാണ് താമസം. രോഗം സ്ഥിരീകരിച്ച ഇറ്റലിക്കാരനാണ് ഇദേഹമെന്ന് പ്രചാരണമുണ്ടായതോടെ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചെങ്കിലും രോഗലക്ഷണമൊന്നുമില്ല. അതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ തുടരാൻ നിർദേശിച്ചിരിക്കുകയാണ്.
ഇതോടെ രോഗം സ്ഥിരീകരിച്ച ഇറ്റലിക്കാരൻ ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുത്തൂവെന്ന പ്രചാരണം വ്യാജമാണെന്ന് ഉറപ്പിച്ചതായി പൊലീസ് അറിയിച്ചു.