ന്യൂയോർക്ക്: ലോകമെങ്ങും മരണം വിതച്ച് കൊറോണ വൈറസ് ഭീതി പടർത്തുമ്പോൾ ചർച്ചയാവുകയാണ് 2015ൽ നടന്ന ഒരു പ്രവചനം.
ലോകത്തെ കോടീശ്വരൻമാരിലൊരാളായ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് ആണ് ആ പ്രവചനത്തിന് പിന്നിൽ. 2015ൽ നടന്ന ടെഡ് കോൺഫറൻസിൽ സംസാരിക്കുമ്പോഴായിരുന്നു ബിൽ ഗേറ്റ്സ് വൈറസുകൾ മൂലമുണ്ടാകുന്ന മഹാമാരികളെക്കുറിച്ച് പ്രവചിച്ചത്.
ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് പടരുന്ന സമയത്തായിരുന്നു ബിൽ ഗേറ്റ്‌സിന്റെ ഈ പ്രവചനം. ഏറ്റവും വലിയ പകർച്ചവ്യാധിയെന്നാണ് അന്ന് ആ വൈറസിനെ ബിൽ ഗേറ്റ്‌സ് വിശേഷിപ്പിച്ചത്.
"അടുത്ത 20 വർഷത്തിനുള്ളിൽ ഒരു കോടി ആളുകൾ മരിക്കുകയാണെങ്കിൽ അത് യുദ്ധം കൊണ്ടായിരിക്കുകയില്ല. മറിച്ച് വൈറസ് ബാധ മൂലമായിരിക്കും. മിസൈലുകളല്ല പകരം വൈറസുകൾ!! ആണവായുധ മേഖലയിൽ നാം നിക്ഷേപിച്ചിരിക്കുന്നത് വളരെ വലിയ തുകയാണ്. പകർച്ചവ്യാധി തടയുന്നതിനാകട്ടെ വളരെ ചെറിയ തുകയും. കൂടാതെ, അടുത്ത പകർച്ചവ്യാധി തടയാൻ നാം ഇനിയും തയ്യാറായിട്ടില്ല", അന്ന് ബിൽ ഗേറ്റ്സ് പറഞ്ഞു.
ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പകർച്ചവ്യാധികൾ പടരുന്നതാണെന്നും അത്തരമൊരു കൊലയാളി വൈറസിനെ നേരിടാനുള്ള ഒരു മുന്നൊരുക്കവും ലോകം ഇതുവരെ നടത്തിയിട്ടില്ലെന്ന് അദ്ദേഹം പലതവണ മുന്നറിയിപ്പു നല്‍കിയിരുന്നു.
കൂടാതെ, ലോകാരോഗ്യസംഘടന കൊറോണ വൈറസിനെ മഹാമാരിയെന്ന്‍ വിശേഷിപ്പിക്കുന്നതിന് മുൻപ് തന്നെ അദ്ദേഹം കൊറണ വൈറസിനെ മഹാമാരിയെന്ന്‍ വിശേഷിപ്പിച്ചിരുന്നു. 1957ലും 1918ലും താണ്ഡവമാടിയ ഫ്ലൂ മഹാമാരിയെ പോലെയാണെന്നാണ് ബിൽ ഗേറ്റ്സിന്റെ നിരീക്ഷണം. ലക്ഷക്കണക്കിന് ആളുകളാണ് അന്ന് മരണത്തിന് കീഴടങ്ങിയത്.