ദുബായ്: കൊറോണ വൈറസ് ബാധയ്ക്കെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി തെക്കൻ അറേബ്യയിലെ ദേവാലയങ്ങളിൽ വിശുദ്ധ കുർബാന ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കുവാൻ തീരുമാനം. പള്ളിയങ്കണങ്ങളിലും പള്ളിക്കുള്ളിലായും ജനങ്ങൾ ഒത്തുകൂടുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം. ബിഷപ് പോൾ ഹിൻഡറുടെ അദ്ധ്യക്ഷതയിൽ നടന്ന ഇടവക വികാരിമാരുടെ അടിയന്തര യോഗമാണ് തീരുമാനം പ്രഖ്യാപിച്ചത്.
എന്നാൽ ഇടവകയുടെ വികാരി ബലിയർപ്പിക്കുന്നതിന്റെ തത്സമയ ഓൺലൈൻ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണെന്ന് യോഗം അറിയിച്ചു. അതിനാൽ പള്ളികളിൽ ജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. കൊറോണ വൈറസ് പടരുന്നത് തടയുവാൻ ജനങ്ങൾ കൂട്ടംകൂടുന്ന എല്ലാ പരിപാടികളും മാറ്റിവയ്ക്കുവാൻ യു.എ.ഇ ആരോഗ്യമന്ത്രാലയം നിർദേശം നൽകിയതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
സമൂഹത്തെ മഹാദുരന്തത്തിൽ നിന്നും രക്ഷിക്കുവാൻ എല്ലാ വിഭാഗങ്ങളുടെയും സഹകരണവും ദുബായ് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. അതേസമയം, എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങൾ അടുത്ത നാലാഴ്ചത്തേക്ക് അടച്ചിടുവാൻ രാത്രി വൈകി സർക്കാർ നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്.