തിരുവനന്തപുരം: കൊറോണയെ തുരത്തി നഗരത്തിന്റെ ഭീതിയകറ്റാൻ സുരക്ഷാ കോട്ട ഉയർത്തുകയാണ് നമ്മുടെ വിമാനത്താവളം. തുടക്കത്തിലെ പിഴവുകളെല്ലാം തിരുത്തി, ആരോഗ്യവകുപ്പും പൊലീസും വിമാനത്താവള അതോറിട്ടിയും സംയുക്തമായി 24മണിക്കൂറും പരിശോധനകൾ നടത്തുന്നു. ഒറ്റ യാത്രക്കാരനെപ്പോലും പരിശോധന കൂടാതെ പുറത്തിറക്കുന്നില്ല. കൊറോണ പരിശോധനയ്ക്ക് ശേഷം മാത്രമാണ് ഇമിഗ്രേഷൻ ക്ലിയറൻസ് പോലും നൽകുന്നത്. വിദേശത്തു നിന്നെത്തുന്നവരുടെ ശരീരോഷ്മാവ്, രോഗ ലക്ഷണങ്ങളുണ്ടോ, യാത്രാ വിവരങ്ങൾ എന്നിവയെല്ലാം ഡോക്ടർമാർ പരിശോധിക്കുന്നുണ്ട്. ഒരു പഴുതുമില്ലാതെ, വിമാനത്താവളത്തിൽ 24മണിക്കൂറും വിദഗ്ദ്ധ ഡോക്ടർമാർ പരിശോധന നടത്തുകയാണെന്ന് കൊറോണ സ്ക്രീനിംഗിന്റെ ചുമതലയുള്ള ഡോ. സ്റ്റാൻലി സിറ്റികൗമുദിയോട് പറഞ്ഞു.
ഇന്നലെ 1760 യാത്രക്കാരെയാണ് വിമാനത്താവളത്തിൽ പരിശോധിച്ചത്. ചിലരോട് വീടുകളിൽ നിരീക്ഷണത്തിന് നിർദ്ദേശിച്ചു. രോഗ ലക്ഷണങ്ങളുള്ളവരെ ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, പേരൂർക്കട ആശുപത്രി എന്നിവിടങ്ങളിലെ ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇവരെ ആശുപത്രികളിലെത്തിക്കാൻ വിമാനത്താവളത്തിൽ 24മണിക്കൂറും ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്. വിമാനത്താവളത്തിലെ അറൈവൽ ഹാളിൽ എമിഗ്രേഷൻ കേന്ദ്രത്തിന് മുൻപായാണ് സ്ക്രീനിംഗ് സജ്ജമാക്കിയിട്ടുള്ളത്. നാല് കൗണ്ടറുകളിലായാണ് യാത്രക്കാരെ പരിശോധിക്കുന്നത്. ആരോഗ്യവകുപ്പിലെയും വിമാനത്താവളത്തിലെയും മൂന്ന് ഡോക്ടർമാരും അഞ്ച് ഹെൽത്ത് ഇൻസ്പെക്ടർമാരടക്കം 15 പാരാമെഡിക്കൽ ജീവനക്കാരുമാണ് വിമാനത്താവളത്തിൽ പരിശോധനയ്ക്കുള്ളത്.
വനിതാ ബറ്റാലിയൻ കമൻഡാന്റ് ഡി.ശില്പയുടെ നേതൃത്വത്തിൽ പൊലീസും വിമാനത്താവള സുരക്ഷയ്ക്കുള്ള സി.ഐ.എസ്.എഫും സ്ക്രീനിംഗ് കേന്ദ്രത്തിൽ സുരക്ഷയൊരുക്കുന്നുണ്ട്. എല്ലാ യാത്രക്കാരെയും സ്ക്രീനിംഗ് കേന്ദ്രത്തിലെത്താനും പരിശോധനയ്ക്കുള്ള വരിയിൽ നിറുത്താനും പൊലീസ് സഹായമുണ്ട്. മൂന്ന് എസ്.ഐമാരുടെ നേതൃത്വത്തിൽ പൊലീസിനെ വിമാനത്താവളത്തിനുള്ളിൽ വിന്യസിച്ചിട്ടുണ്ട്. ഒരു യാത്രക്കാരൻ പോലും പരിശോധന ഒഴിവാക്കി പുറത്തിറങ്ങാനാവാത്ത വിധത്തിലാണ് പൊലീസിന്റെ സുരക്ഷാ ക്രമീകരണം. വിമാനത്തിൽ നിന്നിറങ്ങിവരുന്ന ഓരോരുത്തരെയായി പരിശോധിച്ച് മെഡിക്കൽ ക്ലിയറൻസ് നൽകിയ ശേഷമേ ഇമിഗ്രേഷൻ ക്ലിയറൻസ് നൽകുന്നുള്ളൂ. യാത്രക്കാരുടെ പാസ്പോർട്ട് ഡോക്ടർമാർ പരിശോധിച്ച് യാത്രാ വിവരങ്ങൾ രേഖപ്പെടുത്തുന്നുമുണ്ട്.
മുൻദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ വിമാന സർവീസുകളും യാത്രക്കാരും കുറവായിരുന്നു. പുലർച്ചെ കൂടുതൽ വിമാനങ്ങളെത്തുന്നതിനാൽ സ്ക്രീനിംഗിന് ആ സമയം കൂടുതൽ ജീവനക്കാരെ ആരോഗ്യവകുപ്പ് നിയോഗിക്കുന്നുണ്ട്. മുൻദിവസങ്ങളിൽ പരിശോധനയ്ക്ക് ചില യാത്രക്കാർ വിസമ്മതം അറിയിച്ചിരുന്നെങ്കിലും കൊറോണ വ്യാപകമായതോടെ, എല്ലാവരും പരിശോധനയ്ക്ക് സ്വമേധയാ തയ്യാറാവുന്നുണ്ട്. സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ, അസി. കളക്ടർ ഇമ്പശേഖർ എന്നിവർ ഇന്നലെ വിമാനത്താവളത്തിലെത്തി സ്ക്രീനിംഗ് പരിശോധിച്ചു.
പരിശോധന നടത്തുന്നത് ആരു ഘട്ടങ്ങളിൽ
1) വിമാനമിറങ്ങി വരുന്ന യാത്രക്കാരെ പൊലീസ് ആരോഗ്യവകുപ്പിന്റെ സ്ക്രീനിംഗ് കേന്ദ്രത്തിലേക്ക് കൊണ്ടുപോവും
2) ആരോഗ്യവകുപ്പിന്റെ ഡോക്ടർമാർ ഇവരെ പരിശോധിച്ച ശേഷം യാത്രാ വിവരങ്ങൾ ചോദിച്ചറിയും
3) രോഗലക്ഷണമില്ലാത്തവരെ ഇമിഗ്രേഷൻ വിഭാഗത്തിലേക്ക് പോകാൻ അനുവദിക്കും
4) ലക്ഷണങ്ങളുള്ളവരെ മറ്റ് യാത്രക്കാരിൽ നിന്ന് മാറ്റി പ്രത്യേക കേന്ദ്രത്തിലേക്ക് കൊണ്ടുപോവും
5) ഇവരെ എമിഗ്രേഷൻ കൗണ്ടറിൽ എത്തിക്കില്ല, പകരം ഉദ്യോഗസ്ഥർ മാന്വലായി ഇവരുടെ വിവരങ്ങൾ രേഖപ്പെടുത്തും
6) ലക്ഷണങ്ങളുള്ളവരെ, സുരക്ഷാക്രമീകരണങ്ങളോടെ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോകും
ജാഗ്രതയോടെ ഇമിഗ്രേഷൻ ബ്യൂറോ
കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ (ഐ.ബി) നേതൃത്വത്തിലുള്ള വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗവും അതീവജാഗ്രതയിലാണ്. യാത്രക്കാരുടെ പാസ്പോർട്ട്, വിസ വിവരങ്ങൾ സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. കൊറോണ ബാധിത രാജ്യങ്ങളിൽ നിന്ന് വരുന്നവരെയും അവിടെ യാത്ര ചെയ്തിട്ടുള്ളവരെയും പ്രത്യേക സ്ക്രീനിംഗ് നടത്തുന്നു. യാത്രക്കാരെയെല്ലാം മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ബ്യൂറോ ഒഫ് ഇമിഗ്രേഷൻ നിർദ്ദേശമുണ്ട്. അതിനാൽ മെഡിക്കൽ പരിശോധനയ്ക്ക് ശേഷമാണ് ഇമിഗ്രേഷൻ ക്ലിയറൻസ് നൽകുന്നതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.