തിരുവനന്തപുരം: ദിവസങ്ങൾ കഴിയുന്തോറും തലസ്ഥാനത്ത് കൊറോണ ഭീതി ഏറുകയാണ്. തലസ്ഥാന നഗരത്തിൽ ഒരു ഡോക്ടർക്ക് കൊറോണ സ്ഥിരീകരിച്ചുവെന്ന വിവരം ഇവിടത്തുകാരെ മാത്രമല്ല, സംസ്ഥാനത്തെയാകെ ഞെട്ടിച്ചു. പക്ഷേ, കൊറോണയുമായി ബന്ധപ്പെട്ട് അതിരുവിട്ട ആശങ്കകൾ വേണ്ടെന്നും അതീവ ജാഗ്രതയാണ് വേണ്ടതെന്നുമാണ് അധികൃതർ പറയുന്നത്.
അതേസമയം ഡോക്ടർ തന്നെ ലക്ഷണങ്ങളുമായി ആശുപത്രിയിൽ രോഗികളെ പരിശോധിക്കാൻ പോയതിനെതിരെ പ്രതിഷേധവും ശക്തമാകുന്നുണ്ട്. നഗരത്തിൽ ഷോപ്പിംഗ് മാളുകളൊന്നും അടച്ചുപൂട്ടിയില്ലെങ്കിലും എത്തുന്ന ഉപഭോക്താക്കൾ പത്തിലൊന്നായി കുറഞ്ഞു. പാർക്കുകളിൽ ആളുകളെത്താതായി. പല മാളുകളും സൂപ്പർ ബസാറുകളും അടച്ചുപൂട്ടുന്നതിനെ പറ്റിയുള്ള ആലോചനയിലാണ്. എപ്പോഴും തിരക്കുള്ള കിഴക്കേകോട്ടയിലെ ഗാന്ധിപാർക്കിൽ രണ്ട് ദിവസം മുമ്പു വരെ ഏതാനും പേരെങ്കിലും എത്തിയിരുന്നു. എന്നാൽ ഇപ്പോൾ അവിടെയും ആളൊഴിഞ്ഞു.
തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും ബസ് ടെർമിനലിലും ഒന്നും ഇപ്പോൾ തിരക്കില്ല. സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ എണ്ണത്തിൽ 70 ശതമാനത്തിന്റെ കുറവാണുണ്ടായത്. സിറ്റി ബസുകൾ ഓപ്പറേറ്റ് ചെയ്യുന്ന കിഴക്കേകോട്ടയിൽ യാത്രക്കാരില്ലാതായതോടെ ബസ് സർവീസുകളെല്ലാം പകുതിയായി കുറച്ചു. ബസ് യാത്രയെ മാത്രം ആശ്രയിക്കുന്നവരാണ് ഇതോടെ ബുദ്ധിമുട്ടിലായത്. മണിക്കൂറുകൾ കാത്തു നിന്നാലേ ബസ് കിട്ടുകയുള്ളൂ.
ബസ് സ്റ്റോപ്പിൽ ആള് കൂടുന്നതനുസരിച്ചാണ് ബസ് ഓപ്പറേറ്റ് ചെയ്യുന്നത്. കോറോണ ഭീതി കൂട്ടുന്നതാണ് ഈ രീതിയെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. തിക്കിത്തിരക്കി ബസിൽ കയറുന്നത് അപകടം ക്ഷണിച്ചുവരുത്തലാകുമെന്നാണ് യാത്രക്കാരുടെ പേടി. അതേസമയം ബസുകൾ എന്നും അണുവിമുക്തമാക്കുന്നുവെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്. ബസിൽ കയറുന്ന യാത്രക്കാരോട് ഒരു മീറ്റർ അകലം പോലുള്ള നിർദേശങ്ങൾ നൽകുന്നത് പ്രായോഗികമല്ലെന്നും അവർ വിശദീകരിക്കുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും യാത്രക്കാരെത്തുന്ന റെയിൽവേ സ്റ്റേഷനുകളിൽ കൊറോണ രോഗലക്ഷണമുള്ളവരെ കണ്ടെത്തുന്നതിനുള്ള പരിശോധന കാര്യക്ഷമമല്ല. സെൻട്രൽ റെയിൽവേ സ്റ്റേഷനിലാണ് ഹെൽപ്പ് ഡെസ്കുള്ളത്. പനിയുടെ ലക്ഷണമുണ്ടോ എന്ന പരിശോധനയാണ് ഡോക്ടറുടെ നേതൃത്വത്തിൽ നടക്കുന്നത്. എന്നാൽ വരുന്ന എല്ലാ യാത്രക്കാരെയും നിർബന്ധപൂർവം പരിശോധനയ്ക്ക് വിധേയമാക്കുന്നില്ല. താത്പര്യമില്ലാത്തവർക്ക് ഈസിയായി പുറത്തേക്ക് പോകാൻ കഴിയും. തിരുവനന്തപുരത്തേക്ക് വരുന്ന യാത്രക്കാരിൽ നല്ലൊരു പങ്കും ഇറങ്ങുന്ന പേട്ട റെയിൽവേ സ്റ്റേഷനിൽ ഹെൽപ്പ് ഡെസ്കോ പരിശോധനയോ ഇല്ല.കൊച്ചുവേളിയിലും ഹെൽപ്പ് ഡെസ്കില്ല. മിക്കവാറും ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള വർക്കല ശിവഗിരി സ്റ്റേഷനിലും ചില എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പുള്ള കഴക്കൂട്ടത്തും ഇതു തന്നെയാണ് അവസ്ഥ.
എറണാകുളത്ത് സൗത്തിലും നോർത്തിലും പുറമേ ആലുവയിലും ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുമ്പോഴാണ് ഇവിടെ ഈ അനാസ്ഥ.