തിരുവനന്തപുരം: കേരളത്തിലുടനീളം കൊറോണയെ ചെറുക്കാൻ ആരോഗ്യവകുപ്പും ജനങ്ങളും ഒത്തൊരുമയോടെ പ്രവർത്തിക്കുമ്പോൾ തലസ്ഥാന നഗരിയുടെ കാര്യവും വ്യത്യസ്തമല്ല. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശത്തെത്തുടർന്ന് പൊതുചടങ്ങുകൾ,സമ്മേളനങ്ങൾ ഉൾപ്പെടെ ജനങ്ങൾ കൂടുതലായി എത്തുന്ന പരിപാടികൾക്കെല്ലാം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ജാഗ്രതാ നിർദ്ദേശം അനുസരിച്ച് മാർച്ച് 31 വരെ മ്യൂസിയവും മൃഗശാലയും അടച്ചിട്ടിരിക്കുകയാണ്.
കൊറോണ വ്യാപനം പരമാവധി തടയാനും ജനങ്ങളുടെ സുരക്ഷയും മുൻനിറുത്തിയാണ് മ്യൂസിയവും മൃഗശാലയും അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നതെന്ന് മ്യൂസിയം ഡയറക്ടർ എസ്.അബു പറഞ്ഞു. ജനങ്ങൾ പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കി ഈ നിയന്ത്രണങ്ങളോട് പൂർണമായി സഹകരിക്കുന്നുണ്ട്. സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒാഫീസ് മുടങ്ങാതെ പ്രവർത്തിക്കുന്നുണ്ട്. അതോടൊപ്പം മൃഗശാലയിലെ ജീവികളുടെ പരിപാലനവും കൃത്യമായി നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
തലസ്ഥാനത്തെ പ്രധാന ലൈബ്രറികളിലും പൂർണമായും സന്ദർശക വിലക്കേർപ്പെടുത്തിയിട്ടില്ലെങ്കിലും പല തരത്തിലുള്ള നിയന്ത്രണങ്ങളുണ്ട്. പൊതുവെ ലൈബ്രറികളിൽ സന്ദർശകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. സിറ്റി ലൈബ്രറിയുടെ പ്രവർത്തന സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. മുൻപ് രാവിലെ 8 മുതൽ രാത്രി 12 വരെയായിരുന്നു. എന്നാൽ ഇപ്പോഴത് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെയാക്കി. ലൈബ്രറിയുടെ ഇംഗ്ളീഷ് സെക്ഷന്റെ പ്രവർത്തനം താത്കാലികമായി നിറുത്തി വച്ചിരിക്കുകയാണ്. സ്റ്റോക്ക് വെരിഫിക്കേഷൻ നടപടികൾക്കായാണ് ഇതെന്നാണ് വിശദീകരണം. മലയാളം വിഭാഗവും കുട്ടികളുടെ വിഭാഗവും മുടക്കമില്ലാതെ പ്രവർത്തിക്കുന്നുണ്ട്.
മുൻപ് 1000 -1500 പേർ വന്നിരുന്നിടത്ത് കൊറോണ ഭീതിയെത്തുടർന്ന് ഇപ്പോൾ 300-400 പേർ മാത്രമേ വരുന്നുള്ളുവെന്ന് സ്റ്റേറ്റ് ലെെബ്രേറിയൻ ശോഭന .പി.കെ പറഞ്ഞു. പുസ്തകങ്ങൾ എടുക്കുന്നതിനും കൊണ്ടു പോകുന്നതിനും നിയന്ത്രണങ്ങളില്ല. എന്നാൽ ലെെബ്രറിയിൽ ഇരുന്ന് റെഫർ ചെയ്യാൻ അനുവാദം ഇല്ല. ജീവനക്കാരെല്ലാം സർക്കാർ നിർദ്ദേശിച്ച മുൻകരുതലുകൾ കൃത്യമായി പാലിക്കുന്നുണ്ട്. ഒാഫീസ് കാര്യങ്ങളെ നിയന്ത്രണങ്ങൾ ബാധിച്ചിട്ടില്ല.
ഭൂരിഭാഗം ജനങ്ങളും പ്രശ്നത്തിന്റെ ഗൗരവം മനസിലാക്കി ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ട്. വളരെ വേഗം തന്നെ സ്ഥിതിഗതികൾ പഴയ പടിയാവും എന്ന ശുഭ പ്രതീഷയിലാണ് സർക്കാരും ജനങ്ങളും.