
തിരുവനന്തപുരം: ചൈനയിൽ പൊട്ടിപ്പുറപ്പെടുകയും പിന്നീട് ലോകം മുഴുവൻ പടരുകയും ചെയ്യുന്ന കൊറോണ വൈറസ് ബാധ സംസ്ഥാനത്തെ വിവരസാങ്കേതിക മേഖലയെയും ആശങ്കയുടെ നിഴലിലാക്കി. തലസ്ഥാനത്ത് ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവർക്കാർക്കും രോഗമില്ലെങ്കിലും ജാഗ്രതയിലും മുൻകരുതലുകളിലുമാണിപ്പോൾ. ടെക്നോപാർക്കിലെ ജീവനക്കാരന് കൊറോണ ബാധിച്ചതായി നേരത്തെ അഭ്യൂഹങ്ങൾ പരന്നിരുന്നു. കൊറോണ സ്ഥിരീകരിച്ച ഒരു വ്യക്തിയുമായി സെക്കൻഡറി കോൺടാക്ട് പുലർത്തിയ ഒരു ജീവനക്കാരനെ ആരോഗ്യവകുപ്പിന്റെ മുൻകരുതലുകളുടെ ഭാഗമായി വീട്ടിൽ നിരീക്ഷണത്തിലാക്കിയതോടെയാണ് ഇയാൾക്കും രോഗമുണ്ടെന്ന് പ്രചാരണമുണ്ടായത്. അയാൾക്ക് രോഗലക്ഷണങ്ങൾ ഒന്നുംതന്നെയില്ല. സെക്കൻഡറി കോൺടാക്ട് ആയതിനാൽ രോഗബാധിതനുമായി ഇയാൾ നേരിട്ട് ഇടപെട്ടിട്ടുമില്ല. സംഭവത്തെ തുടർന്ന് സുരക്ഷാ മാനദണ്ഡ പ്രകാരം കമ്പനി കെട്ടിടത്തിൽ ഇദ്ദേഹം ജോലി ചെയ്തിരുന്ന ഫ്ളോറിലെ മുഴുവൻ ജീവനക്കാർക്കും അവധി നൽകി. ഫ്ളോറും കമ്പനിയിലെ പൊതുവിടങ്ങളും പൂർണമായും അണുവിമുക്തമാക്കുകയും ചെയ്തു.
നേരത്തെ ഐ.ടി സെക്രട്ടറി എം.ശിവശങ്കറിന്റെ നേതൃത്വത്തിൽ അടുത്തിടെ ടെക്നോപാർക്കിൽ ഉന്നതതല യോഗം ചേർന്ന് കമ്പനികൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകിയിരുന്നു. കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഐ.ടി പാർക്കുകളിൽ എല്ലാ കമ്പനികൾക്കും പ്രത്യേക പ്രവർത്തന പ്രോട്ടോക്കോളും ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കിടെ റാന്നി, കോട്ടയം താലൂക്കുകളിൽ സന്ദർശനം നടത്തിയ ജീവനക്കാരെ കണ്ടെത്തി വൈദ്യപരിശോധന നടത്തണമെന്നും പനിയോ മറ്റു രോഗ ലക്ഷണമോ ഉണ്ടെങ്കിൽ പ്രത്യേകം നിരീക്ഷിക്കാനും കമ്പനികളോട് നിർദ്ദേശിച്ചു. കേരളത്തിൽ കൊറോണ റിപ്പോർട്ട് ചെയ്ത റാന്നി, കോട്ടയം എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാരിൽ വാരാന്ത്യത്തിൽ അവധിയെടുത്ത് നാട്ടിലേക്ക് പോയവർക്ക് രണ്ടാഴ്ച വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുമതി നൽകിയിട്ടുണ്ട്.
വളർച്ചയെ ബാധിക്കുമെന്ന് ആശങ്ക
കൊറോണ രോഗബാധയെ തുടർന്ന് ഐ.ടി മേഖലയുടെ വളർച്ചയെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുമെന്ന ആശങ്ക വിദഗ്ദ്ധർ പങ്കുവയ്ക്കുന്നുണ്ട്. രോഗബാധ തടയുന്നതിന്റെ ഭാഗമായി കേരളത്തിലേക്കും പുറത്തേക്കുമുള്ള യാത്രകൾ നിയന്ത്രിക്കുന്നത് ഐ.ടി മേഖലയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടൽ. കേരളത്തിലെ കൊറോണ ബാധിത പ്രദേശങ്ങളിലേക്ക് ബിസിനസ് ആവശ്യത്തിനാണെങ്കിലും യാത്രകൾ ഒഴിവാക്കുന്നത് പുതിയ കരാറുകളെ ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. വിദേശത്തുള്ള ജീവനക്കാരെ നാട്ടിലേക്കും ഇവിടെയുള്ളവരെ വിദേശത്തേക്കും എത്തിക്കാനാവാത്ത സാഹചര്യം കമ്പനികൾക്ക് വലിയ തിരിച്ചടിയുണ്ടാക്കും. വൈറസ് വ്യാപിക്കുന്നത് തുടർന്ന് അന്യസംസ്ഥാനങ്ങളിൽ നിന്ന് ഇവിടെ ജോലി ചെയ്യുന്നവർ അവധിയെടുക്കാനുള്ള സാദ്ധ്യതയും നിലനിൽക്കുന്നു. അതേസമയം, കമ്പനികൾ എല്ലാം തന്നെ ഇപ്പോൾ ചെയ്തുവരുന്നത് നേരത്തെയുള്ള ദീർഘകാല കരാർ ജോലികളാണെന്ന് ടെക്നോപാർക്കിലെ ജീവനക്കാരുടെ സംഘടനയായ 'പ്രതിദ്ധ്വനി" ഭാരവാഹികൾ പറഞ്ഞു.
മാസ്ക് ഉപയോഗം വിരളം, സാനിറ്റൈസർ ലഭ്യമാക്കി
കൊറോണ വൈറസ് പ്രതിരോധിക്കാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഉപകരണങ്ങളും ഏർപ്പെടുത്തണമെന്ന് സർക്കാർ നിർദ്ദേശിച്ചെങ്കിലും ജീവനക്കാരിൽ മാസ്കുകൾ ഉപയോഗിക്കുന്നവർ വളരെ കുറവാണ്. അലർജിയും മറ്റുമുള്ളവർ മാസ്കുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, കൈകൾ ശുചിയാക്കുന്നതിന് സാനിറ്റൈസർ കമ്പനികൾ തന്നെ ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം, യു.എസ്.ടി ഗ്ളോബൽ ജീവനക്കാരുടെ താപനില ദിവസവും പരിശോധിക്കുന്നുണ്ട്. പഞ്ചിംഗ് പൂർണമായും ഒഴിവാക്കി.
മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സർക്കാർ കമ്പനികളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടൊപ്പം ജീവനക്കാർക്ക് ബോധവത്കരണ ക്ളാസുകളും തുടർച്ചയായി നൽകുന്നുണ്ട്.