തിരുവനന്തപുരം: നിര നിരയായി വിശ്രമിക്കുന്ന ആട്ടോകൾ, കാലിയായ പാർക്കിംഗ് സ്ഥലങ്ങൾ, തിക്കും തിരക്കുമില്ലാത്ത ഷോപ്പുകൾ, ഒഴിഞ്ഞ എസ്കലേറ്ററുകൾ, ആളില്ലാത്തതിനാൽ സ്വയം മേക്കപ്പിട്ട് പരിശീലിക്കുന്ന ലാക്മെയിലേയും മെയ്്ബൈലൈന്റെയും സെയിൽസ് ഗേളുകൾ, ലൂയി ഫിലിപ്പിന്റെയും അലൻസോളിയുടെയും കടകളിൽ ജീവനക്കാർ സമയം പോകാൻ വർത്തമാനം പറഞ്ഞിരിക്കുന്നു.ഫുഡ് കോർട്ടുകൾ തുറന്നിട്ടുണ്ടെങ്കിലും ഓഡർ ചെയ്യാനും സീറ്റ് പിടിക്കാനും ആളുകളില്ല. കുട്ടികളെ ഹരം കൊള്ളിക്കുന്ന അമ്യൂസ്മെന്റ് പാർക്കുകളും ത്രീ ഡി തിയേറ്ററുകളുമെല്ലാം ഒഴിഞ്ഞ് കിടക്കുന്നു. ഇന്നലെ വരെ ആളും ബഹളവുമായിരുന്ന നഗരത്തിലെ പ്രധാന മാളുകളുടെ അവസ്ഥയാണിത്. അവധിക്കാല ആഘോഷങ്ങളിലേക്ക് ഉണരേണ്ട മാളുകളെല്ലാം കൊറാണ ജാഗ്രതയിലായതോടെ ഏതാണ്ട് ശൂന്യമായിക്കഴിഞ്ഞു. തിരക്ക് തീരെയില്ല. ഇടയ്ക്ക് എപ്പോഴെങ്കിലുമെത്തുന്ന ചുരുക്കം ചിലരാണ് മാളുകളുടെ ജീവൻ നിലനിർത്തുന്നത്.
കേരളത്തിൽ 22 പേർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ജനങ്ങൾ ആകെ ഭീതിയിലാണ്. പുറത്തിറങ്ങാതെ സ്വയം സുരക്ഷാ മാർഗങ്ങൾ സ്വീകരിച്ചിരിക്കുകയാണ് പലരും.
കൊറോണ ജാഗ്രതയുടെ ഭാഗമായി സ്കൂളുകളും കോളേജുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും സിനിമാശാലകളുമടക്കം അടച്ചു പൂട്ടിയപ്പോൾ മാളുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മാളുകളിലെ സിനിമശാലകൾ നേരത്തെ തന്നെ അടച്ചിരുന്നു.
ഇതോടൊപ്പം മാളുകളും അടയ്ക്കണമെന്നാവശ്യപ്പെട്ട് ദിവസം നഗരത്തിലെ ഒട്ടുമിക്ക മാളുകളെല്ലാം തന്നെ അടച്ചിട്ടിരുന്നു. ചുരുക്കം ചില മാളുകൾ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം തുറന്നെങ്കിലും ആളില്ലാത്തതിനാൽ നേരത്തെ അടച്ചു. ഇന്നലെ നഗരത്തിലെ പ്രധാന മാളുകളെല്ലാം രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെ തുറന്നിരുന്നു . ഇതിൽ എല്ലാ കടകളും പ്രവർത്തിച്ചു. ആളില്ലാത്തതിനാൽ ചില മാളുകൾ വെെകിയാണ് തുറന്നത്. മാളിൽ ജോലി ചെയ്യുന്നവർ മാസ്കും, ടവ്വലും ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.കെെകൾ ശുചിയാക്കാനുള്ള സാനിറ്ററെെസറുകൾ നൽകിയാണ് ആളുകളെ ഇവിടേക്ക് കയറ്റുന്നത്.
ആളുകൾ വരാത്തത് ബിസിനസിനെ ബാധിച്ചെങ്കിലും ജനങ്ങൾ പൊതു ഇടങ്ങളിൽ ഒത്തു കൂടാതെ ജാഗ്രത പാലിച്ചാൽ മതിയെന്നാണ് മാളിലെ ജീവനക്കാർ പറയുന്നത്. ആളുകൾ കൂടരുതെന്ന് തന്നെയാണ് തങ്ങളും ആഗ്രഹിക്കുന്നത്. വന്നാൽ അത് സർക്കാരിന്റെ നിർദ്ദേശങ്ങൾക്ക് എതിരാവും. മാത്രമല്ല, വൈറസ് ബാധയ്ക്കുള്ള സാദ്ധ്യതയുണ്ടാക്കുകയുമാണ് ഇവരുടെയും പക്ഷം. തിരുവനന്തപുരത്തടക്കം ജനങ്ങളെല്ലാം സ്വയം ജാഗ്രത പുലർത്തുകയാണ്. അതിനാൽ, പലയിടത്തും തിരക്ക് കുറവാണ്. ട്രെയിനുകളെയും ബസുകളെയുമൊക്കെ ഇത് ബാധിച്ചിട്ടുണ്ട്.