'എന്നെ കൊന്നു തരാമോ?" ഭിന്നശേഷിക്കാരനായ ഒൻപതു വയസുകാരൻ ക്വാഡൻ ബെയിൽസിന്റെ വാക്കുകൾ ലോകത്തിന് നൊമ്പരമായി മാറിയിരുന്നു. കൂരമ്പു പോലെയാണ് അത് ജനഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയത്. ഉയരം കുറവായതിന്റെ പേരിൽ സ്കൂളിലെ കുട്ടികൾ അപമാനിക്കുന്നെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞു കൊണ്ട് അമ്മയോട് പരിഭവം പറയുന്ന ക്വാഡന്റെ വീഡിയോ വൈറലായിരുന്നു. ക്വാഡന് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് വന്നത്. മലയാളത്തിൽ നിന്ന് നടൻ ഗിന്നസ് പക്രുവും ആശ്വാസ വാക്കുകളുമായി രംഗത്തുവന്നിരുന്നു.
ഇപ്പോഴിതാ പക്രുവിന് നന്ദി അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ക്വാഡനും അമ്മയും. ഈ പിന്തുണയ്ക്ക് ഒരുപാട് നന്ദിയുണ്ട്' ക്വാഡൻ പറഞ്ഞു. അവന് ഗിന്നസ് പക്രുവുമായി വീഡിയോ കോളിൽ സംസാരിക്കണമെന്ന ആഗ്രഹം അമ്മ യാരാക്ക പങ്കുവെച്ചു. 'ഒരു നടനാകണമെന്നാണ് ക്വാഡന്റെയും ആഗ്രഹം. അതുകൊണ്ടാണ് ഗിന്നസ് പക്രുവിന്റെ ജീവിതകഥ മറ്റെന്തിനെക്കാളും അവനെ സന്തോഷിപ്പിച്ചത്. യാരാക്ക പറഞ്ഞു. വീഡിയോ കോളിലൂടെ പക്രുവിനെ കാണാൻ കാത്തിരിക്കുകയാണ് ക്വാഡൻ ഇപ്പോൾ. കൂടാതെ അടുത്ത ഇന്ത്യാ സന്ദർശനത്തിൽ പക്രുവിനെ നേരിൽ കാണാനുള്ള ആഗ്രഹവും ക്വാഡനും അമ്മയും പങ്കുവച്ചു.