ആദായ നികുതി വിഭാഗം ക്ലീൻചിറ്റ് നൽകിയതിന് പിന്നാലെ റെയ്ഡിൽ നിലപാട് വ്യക്തമാക്കി നടൻ വിജയ്. പുതിയ ചിത്രം മാസ്റ്ററിന്റെ ഓഡിയോലോഞ്ചിനിടെയാണ് നടൻ, പരിശോധന സംബന്ധിച്ച് പ്രതികരിച്ചത്.
ജീവിതം ഒരു പുഴപോലെയാണ്. അതിന്റെ വഴിയിൽ, തിരി കത്തിച്ച് ഒഴുക്കുന്നവർ പലഇടത്തുമുണ്ടാകും, വെള്ളത്തിലേക്ക് കല്ലെടുത്തെറിയുന്നവരുമുണ്ടാകും. കല്ലുകളെ താഴ്ചയിലേക്കാക്കി പുഴ ഒഴുക്ക് തുടരും. അതുപോലെ ചെയ്യുകയെന്നതാണ് ജീവിതത്തിൽ നമ്മുടെ ഉത്തരവാദിത്വം. നിങ്ങളുടെ വിജയം കൊണ്ട് അവരെ കൊല്ലുക. പുഞ്ചിരികൊണ്ട് അവരെ സംസ്കരിക്കുക - എന്നായിരുന്നു നടന്റെ വാക്കുകൾ.ഇപ്പോഴത്തെ ദളപതി, 20 വർഷം മുൻപത്തെ ഇളയദളപതിയോട് എന്താണ് ചോദിക്കുകയെന്ന് അവതാരകൻ ചോദിച്ചപ്പോൾ, അന്നത്തെ സമാധാനമുള്ള ജീവിതമാണ് ചോദിക്കുക. റെയ്ഡുകളൊന്നുമില്ലാത്ത ആ കാലം - എന്നായിരുന്നു വിജയിന്റെ മറുപടി.
24 മണിക്കൂർ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യലും ദിവസങ്ങൾ നീണ്ട പരിശോധനകളും നടത്തിയിരുന്നെങ്കിലും നടൻ ഏതെങ്കിലും തരത്തിൽ ക്രമക്കേട് നടത്തിയതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായില്ല. ബിഗിൽ, മാസ്റ്റർ എന്നീ ചിത്രങ്ങളുടെ നികുതി കൃത്യമായി അടച്ചിട്ടുണ്ടെന്നാണ് പരിശോധനയിൽ വ്യക്തമായത്. ഇതോടെ നടന് ക്ലീൻചിറ്റ് നൽകുകയായിരുന്നു.
ഓഡിയോ ലോഞ്ച് ചടങ്ങിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും വിജയ് ആഞ്ഞടിച്ചു. 'നിയമം ജനങ്ങൾക്ക് വേണ്ടിയായിരിക്കണം. ജനങ്ങളുടെ ആവശ്യത്തിന് വേണ്ടിയായിരിക്കണം നിയമനിർമ്മാണം നടത്തേണ്ടത്. സർക്കാർ സ്വന്തം താത്പര്യമനുസരിച്ച് നിയമം നിർമ്മിച്ച ശേഷം ജനങ്ങളെ അത് പിന്തുടരാൻ നിർബന്ധിക്കുകയല്ല വേണ്ടത് "- വിജയ് പറഞ്ഞു.