റോം: ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 7007 ആയി. ഇതുവരെ ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷത്തി എൺപതിനായിരമായി. യൂറോപ്യൻ രാജ്യങ്ങളിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയാണ്. ഇറ്റലിയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 368 പേരാണ് മരിച്ചത്. ഇത്രയും പേർക്ക് 24 മണിക്കൂറിനുള്ളിൽ ജീവൻ നഷ്ടമായത് ഇതാദ്യമായാണ്. മിക്കയിടങ്ങളിലും മരുന്നുകൾക്കും ക്ഷാമം ഉണ്ട്.
സ്വിറ്റ്സർലൻഡിൽ കഴിഞ്ഞ ദിവസത്തേതിനേക്കാൾ മൂന്നിരട്ടി ആളുകൾക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സ്വിറ്റ്സർലൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.ഫ്രാൻസിലും, സ്പെയിനിയുമെല്ലാം വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം ഉയരുകയാണെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ, പോർച്ചുഗീസ് സ്പെയിനുമായുള്ള അതിർത്തി അടയ്ക്കുകയും ചെയ്തു.
ആഗോള തലത്തിൽ ഇതുവരെ 77,758 പേർ കൊറോണ 19 ബാധയിൽ നിന്ന് മുക്തരായെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 28 യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാനാകില്ല. 62 പേരാണ് അമേരിക്കയിൽ ഇതുവരെ മരിച്ചത്. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അമേരിക്കയിൽ പ്രസിഡന്‍റ് ഡൊണൾാഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എല്ലാ യൂറോപ്യൻ രാജ്യങ്ങളും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കർശനമാക്കി.