ഇസ്ലാമാബാദ്: കൊറോണ എന്ന മഹാമാരി പാകിസ്ഥാനിലും പടർന്ന് പിടിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ തന്നെ രോഗ ബാധിതരുടെ എണ്ണത്തിൽ വളരെയധികം വർദ്ധനവുണ്ടായി. ഇപ്പോൾ മൊത്തം രോഗബാധിതരുടെ എണ്ണം ഇരുന്നൂറോളം അടുക്കുന്നു. ഇതിൽ 146 പോസിറ്റീവ് കേസുകളും സിന്ധ് പ്രവിശ്യയിൽ നിന്നാണ്. പാകിസ്ഥാനിലെ ഖൈബർ പുക്തുൻവാ, പഞ്ചാബ്, ബലൂജിസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിലും നിയന്ത്രണാതീതമായി വൈറസ് വ്യാപിക്കുകയാണ്. ഇറാൻ, താഫ്താൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് തീർത്ഥാടനം കഴിഞ്ഞ് മടങ്ങി വരുന്നവരിലാണ് കൂടുതലായി രോഗബാധ കാണുന്നത്.
കൊറോണ വൈറസ് വ്യാപനം നിയന്ത്രണാതീതമായി തുടരുകയാണെന്ന് സിന്ധ് പ്രവിശ്യയിലെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് മുർതാസ വഹാബ് പറഞ്ഞു.
'' സിന്ധ് പ്രവിശ്യയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 146 ആയി. ഇതിൽ 119 പേരെ സുക്കുറിലും 26 പേരെ ഖിയിലും ഒരാളെ ഹൈഡിലുമാണ് പാർപ്പിച്ചിരിക്കുന്നത്. താഫ്താനിൽ നിന്നും രോഗബാധിതരുടെ വരവാണ് ഈ സ്ഥിതിക്ക് കാരണം'' വഹാബ് ട്വീറ്റ് ചെയ്തു. ഖൈബർ പുക്തുൻവാ പ്രവിശ്യയിൽ പുതിയ പതിനഞ്ച് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ടൈമുർ ഖാൻ ജാഗ്റയും ട്വീറ്റ് ചെയ്തു. ഇവരെയെല്ലാം തന്നെ ശക്തമായ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുവാണെന്നും അദ്ദേഹം പറഞ്ഞു.