മുംബയ്: സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കടുത്ത നടപടിയുമായി സർക്കാർ. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ഇടതു കയ്യിൽ സീൽ പതിപ്പിക്കുന്ന നടപടി മഹാരാഷ്ട്ര സർക്കാർ ആരംഭിച്ചു. ഇവർ ചാടിപ്പോയാൽ ആളുകൾക്ക് തിരിച്ചറിയാനും, മറ്റുള്ളവരുമായി അടുത്തിടപഴകാതിരിക്കാനുമാണ് സർക്കാറിന്റെ നടപടി.
നിലവിൽ 108 പേർ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലും, 621 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 442 പേരെ 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം വിട്ടയച്ചെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. രോഗ ബാധിത പ്രദേശത്തുനിന്ന് വരുന്നവരെയാണ് മുൻകരുതൽ നടപടിയെന്ന നിലയിൽ വീടുകളിൽ ക്വാറന്റൈനിൽ കഴിയാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതു പരിപാടികൾ നിർത്തിവയ്ക്കാനും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകാനും സർക്കാർ തിങ്കളാഴ്ച നിർദേശം നൽകി. കഴിഞ്ഞ ദിവസം പുറത്തുവന്ന സംസ്ഥാനത്തെ ആദ്യത്തെ രോഗിയായ 70 വയസുകാരന്റെ പരിശോധന ഫലം നെഗറ്റീവായിരുന്നെങ്കിലും, രണ്ടാമതും പരിശോധ വിധേയനാക്കിയതിന് ശേഷം മാത്രമേ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യൂവെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, രാജ്യത്ത് കൊറണ സ്ഥിരീകരിച്ചവരുടെ എണ്ണം 125 ആയി. കേരളത്തിൽ മലപ്പുറത്ത് രണ്ടു പേർക്കും കാസർകോട്ട് ഒരാൾക്കും ഇന്നലെ കൊറോണ സ്ഥിരീകരിച്ചിരുന്നു. വിവിധ ജില്ലകളിലായി 12,740 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 12,470 പേർ വീടുകളിലും 270 പേർ ആശുപത്രികളിലുമാണ്.