rejith-kumar

കൊച്ചി: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ വിലക്ക് ലംഘിച്ച് ബിഗ്‌ ബോസ് താരം രജിത് കുമാറിന് സ്വീകരണം നൽകിയ സംഭവത്തിൽ പതിനൊന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പതിമൂന്നായി. അതേസമയം കേസിലെ മുഖ്യപ്രതിയായ രജിത് കുമാർ ഇപ്പോഴും ഒളിവിലാണ്. ആലുവ സെൻട്രൽ ബാങ്കിന് സമീപത്തെ വാടകവീട്ടിൽ പൊലീസ് എത്തിയെങ്കിലും രജിത്കുമാറിനെ കണ്ടെത്താനായില്ല. ആറ്റിങ്ങലിലെയും വീട്ടിലും പൊലീസ് റെയ്‌ഡ് നടത്തി.

മുന്നറിയിപ്പ് ലംഘിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സംഘം ചേരുകയും ആർപ്പുവിളിക്കുകയും ചെയ്ത 75 ഓളം പേർക്കെതിരെ നെടുമ്പാശേരി പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഇൻഡിഗോ വിമാനത്തിൽ ഞായറാഴ്ച്ച രാത്രി കൊച്ചിയിലെത്തിയ രജിത്കുമാറിന് ആഭ്യന്തര ടെർമിനലിന് പുറത്താണ് ഫാൻസുകാർ വരവേല്പ് നൽകിയത്. ഭൂരിഭാഗവും കോളേജ് വിദ്യാർത്ഥികളായിരുന്നു. കൊച്ചുകുട്ടികളുമായി എത്തിയവരുമുണ്ടായിരുന്നു.

സ്വീകരണം സംബന്ധിച്ച് അവസാനനിമിഷം സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തെങ്കിലും നെടുമ്പാശേരി പൊലീസ് കാര്യമാക്കിയിരുന്നില്ല. അതിനാലാണ് സംഘം ചേരാനായതെന്ന് ആക്ഷേപമുണ്ട്. വിമാനത്താവളത്തിൽ സന്ദർശക വിലക്ക് ഏർപ്പെടുത്തിയതിന് പുറമെ യാത്ര അയയ്ക്കാൻ എത്തുന്നവരുടെയും സ്വീകരിക്കാനെത്തുന്നവരുടെയും എണ്ണം പരമാവധി കുറയ്ക്കണമെന്ന നിർദേശവും അധികൃതർ നൽകിയിരുന്നു.